ട്രംപിന് വേണ്ടി നിരവധി ‘ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍’, ട്രംപിന്റെ മാരക ഫാന്‍; ആരാണ് എഫ്ബിഐ ഡയറക്ടറായി ട്രംപ് നിര്‍ദേശിച്ച ഇന്ത്യന്‍ വംശജന്‍ കാഷ് പട്ടേല്‍?

എഫ്ബിഐ ഡയറക്ടറായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്തതിന് പിന്നാലെ ഇന്ത്യന്‍ വംശജനായ കാഷ് പട്ടേലിന് ഇന്ന് നേരിടേണ്ട വരിക യുഎസ് സെനറ്റിന്റെ കര്‍ശന സൂക്ഷ്മ പരിശോധന. അമേരിക്കയുടെ നിയമനിര്‍വഹണ ഏജന്‍സിയായ എഫ്ബിഐയുടെ സ്വാതന്ത്ര്യവും പരമാധികാരവും സത്യസന്ധതയും സംരക്ഷിക്കാന്‍ പട്ടേലിനാകുമോ എന്നത് പരീക്ഷിക്കാനാണ് കര്‍ശനമായ സൂക്ഷ്മ പരിശോധന. ട്രംപിനോടുള്ള അമിതമായ വിധേയത്വവും എഫ്ബിഐയെക്കുറിച്ച് പട്ടേല്‍ മുന്‍പ് പറഞ്ഞിട്ടുള്ള രൂക്ഷ വിമര്‍ശനങ്ങളും ക്യാപിറ്റോള്‍ അക്രമ സമയത്ത് പട്ടേല്‍ മുന്നോട്ടുവച്ച ഗൂഢാലോചനാ സിദ്ധാന്തങ്ങളും ഉള്‍പ്പെടെ ഇദ്ദേഹത്തിന് സൂക്ഷ്മപരിശോധനാ വേളയില്‍ തിരിച്ചടിയാകാനാണ് സാധ്യത. (Who is Kash Patel, Trump’s pick to shake up the FBI?)
ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ് അമേരിക്കന്‍ പൗരനായ കാഷ് പട്ടേലിന്റെ മാതാപിതാക്കള്‍. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സിലെ മുന്‍ തലവനും ട്രംപിന്റെ ഉറ്റ അനുയായിയുമാണ് കാഷ് പട്ടേല്‍. റിച്ച്മണ്ട് സര്‍വകലാശാലയില്‍ നിന്ന് 2002-ല്‍ ബിരുദം നേടിയ പട്ടേല്‍ 2005-ല്‍ പേസ് സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം നേടി. ലോ സ്‌കൂളിന് ശേഷം, ദേശീയ സുരക്ഷാ ഡിവിഷനില്‍ ലൈന്‍ പ്രോസിക്യൂട്ടറായി. 2017ലാണ് അദ്ദേഹം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായി കൂടുതല്‍ അടുക്കുന്നത്. അക്കാലയളവില്‍ പട്ടേല്‍ ട്രംപ് ഉപദേശകനെ ചാരപ്പണി ചെയ്യാന്‍ എഫ്ബിഐയും നീതിന്യായ വകുപ്പും നിരീക്ഷണ അധികാരം ദുരുപയോഗം ചെയ്തെന്ന് ഗുരുതരമായ ഒരു ആരോപണം ഉന്നയിച്ചു. പട്ടേല്‍ പറഞ്ഞത് വെറുമൊരു ഗൂഢാലോചനാ സിദ്ധാന്തമാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നെങ്കിലും ഈ സംഭവം ട്രംപിനെ പട്ടേലിലേക്ക് കൂടുതല്‍ ആകര്‍ഷിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള 2020ലെ യുഎസ് ക്യാപിറ്റോള്‍ അക്രമം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും എഫ്ബിഐ ആണെന്ന മറ്റൊരു ഗൂഢാലോചനാ സിദ്ധാന്തവും പട്ടേല്‍ മുന്നോട്ടുവച്ചത് ഏറെ ചര്‍ച്ചയായിരുന്നു.
Read Also: ഡ്യൂണിന്റെ സംവിധായകന് നോമിനേഷൻ കൊടുത്തില്ല ; അഭിനയം നിർത്തുന്നുവെന്ന് നടൻ
താന്‍ എഫ്ബിഐ തലപ്പെത്തിയാല്‍ എഫ്ബിഐ പിരിച്ചുവിടുമെന്നും ആ കെട്ടിടം ഡീപ്പ് സ്റ്റേറ്റിന്റെ ഒരു മ്യൂസിയമാക്കി മാറ്റുമെന്നും പട്ടേല്‍ പറഞ്ഞ പഴയ ഒരു പോഡ്കാസ്റ്റും വലിയ രീതിയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്. എഫ്ബിഐയിലെ 7000 ജീവനക്കാരോട് താന്‍ കെട്ടിടത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാന്‍ പറയുമെന്നും പുറത്തിറങ്ങി നടന്ന് ക്രിമിനലുകളെ പിടിക്കാന്‍ പറയുമെന്നും ഇതേ പോഡ്കാസ്റ്റില്‍ പട്ടേല്‍ പറയുന്നുണ്ട്. ഈ പ്രസ്താവനകളും ട്രംപിനോടുള്ള അമിത വിധേയത്വവും ഇന്ന് പട്ടേലിന് തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകള്‍.
Story Highlights : Who is Kash Patel, Trump’s pick to shake up the FBI?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here