Union Budget 2025: 12 ലക്ഷം രൂപ വരെ ആദായനികുതി ഇല്ല, നിങ്ങള്‍ അറിയേണ്ടത് എല്ലാം

അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ ഇന്ന് നിർമല സീതാരാമൻ്റെ ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനമായിരുന്നു ആദായ നികുതി ഇളവ്. പുതിയ നികുതി സമ്പ്രദായം പ്രകാരം ആദായ നികുതി റിബേറ്റിൻ്റെ പരിധി ഏഴ് ലക്ഷം രൂപയിൽ നിന്ന് 12 ലക്ഷം രൂപയാക്കി ഉയർത്തുകയാണ് കേന്ദ്ര ധനമന്ത്രി ചെയ്തത്. പുതിയ നികുതി സമ്പ്രദായത്തിൽ നാല് ലക്ഷം രൂപ വരെ ആദായ നികുതി നൽകേണ്ടതില്ലെന്നും നാല് മുതൽ എട്ട് ലക്ഷം വരെ 5 ശതമാനവും എട്ട് മുതൽ 12 ലക്ഷം വരെ 10 ശതമാനവും നികുതി ഘടനയാണ് ഉള്ളതെങ്കിലും സ്റ്റാൻ്റേർഡ് ഡിഡക്ഷൻ 75000 വും ഇളവുകളും വരുമ്പോൾ 12 ലക്ഷം വരെ വരുമാനമുള്ളവർക്ക് ആദായ നികുതി നൽകേണ്ടി വരില്ലെന്നാണ് ഇന്നത്തെ ബജറ്റ് പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നത്.
നേരത്തെ 12 ലക്ഷം രൂപ വരെ വരുമാനമുള്ളവർ പുതിയ നികുതി വ്യവസ്ഥയിൽ 80,000 രൂപ നികുതി അടച്ചിരുന്നു. ഇനി അടുത്ത സാമ്പത്തിക വർഷത്തേക്ക് ഇവർ അത്രയും തുക നികുതി നൽകേണ്ടി വരില്ല. 15 ലക്ഷം രൂപ വരുമാനമുള്ളവർ, 12 ലക്ഷം കഴിഞ്ഞുള്ള മൂന്ന് ലക്ഷത്തിന് മാത്രം നികുതി നൽകിയാൽ മതി എന്ന് ഇതിന് അർത്ഥമില്ല. വരുമാനം 12 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ, ആകെ വരുമാനത്തിന് പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള സ്ലാബ് നിരക്കുകൾ അനുസരിച്ച് നികുതി അടയ്‌ക്കേണ്ടിവരും.
അതായത് വരുമാനം 12.1 ലക്ഷം രൂപയാണെങ്കിൽ, 4 ലക്ഷം മുതൽ 8 ലക്ഷം വരെ വരുമാനത്തിന് 5% നികുതി അടയ്ക്കേണ്ടി വരും. 8 ലക്ഷം മുതൽ 12 ലക്ഷം വരെ വരുമാനത്തിന് 10 ശതമാനം നികുതിയും അതിന് മുകളിലേക്ക് 15 ശതമാനവും നികുതി നൽകണം. അങ്ങനെ ആകെ നികുതി ബാധ്യത 61,500 രൂപയായിരിക്കും. 15 ലക്ഷം രൂപ വർഷം സമ്പാദിക്കുന്ന വ്യക്തിക്ക് 1,05,000 രൂപ നികുതി അടയ്ക്കേണ്ടി വരും.
രാജ്യത്ത് 15 ലക്ഷത്തിനും 24 ലക്ഷത്തിനും വരുമാനത്തിൻ്റെ നികുതി നിരക്ക് കുത്തനെ വെട്ടിക്കുറച്ചത് വലിയ ആശ്വാസമാണ് ശമ്പളക്കാർക്ക് നൽകിയത്. പുതിയ നികുതി വ്യവസ്ഥയിൽ 15 ലക്ഷത്തിന് മുകളിലുള്ള വരുമാനത്തിന് 30% നികുതിയാണ് നേരത്തെ ചുമത്തിയിരുന്നത്. 12 ലക്ഷം മുതൽ 16 ലക്ഷം വരെയുള്ള വരുമാനത്തിന് 15% നികുതിയേ ചുമത്തൂവെന്നാണ് പുതിയ പ്രഖ്യാപനം. 16 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിലുള്ള വരുമാനത്തിന് 20 ശതമാനം നികുതിയും 20 ലക്ഷത്തിനും 24 ലക്ഷത്തിനും ഇടയിൽ 25 ശതമാനം നികുതിയുമാണ് നിശ്ചയിച്ചിരിക്കുന്നത്. 24 ലക്ഷത്തിന് മുകളിലുള്ള വരുമാനത്തിന് മാത്രമാണ് 30% നിരക്ക് ബാധകമാവുക. പുതിയ നികുതി വ്യവസ്ഥയിൽ 24 ലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനമുള്ളവർക്ക് 1.1 ലക്ഷം രൂപ വരെ ഇത്തരത്തിൽ ലാഭിക്കാനാവും എന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
Story Highlights : Union Budget 2025: All you need to know about Income tax changes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here