Advertisement

ഇൻഷുറൻസ് സെക്ടർ വിദേശ കമ്പനികൾക്കായി പൂർണമായി തുറന്നിടാൻ ധനമന്ത്രിയുടെ ശുപാർശ; ജനത്തിന് ഗുണമോ?

February 1, 2025
Google News 2 minutes Read
insurance premium to rise upto 20 perentage

ഇൻഷുറൻസ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 74% ൽ നിന്ന് 100% ആയി ഉയർത്താൻ കേന്ദ്ര ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നിർദ്ദേശിച്ചു. ഇൻഷുറൻസ് സെക്ടറിലേക്ക് കൂടുതൽ നിക്ഷേപകരെ എത്തിച്ച് മത്സരം കടുപ്പിക്കാനും വിപണിക്ക് പുതിയ ഊർജ്ജം നൽകാനുമാണ് ശ്രമം. മത്സരം കടുക്കുന്നതിലൂടെ ഇൻഷുറൻസ് സെക്ടറിലേക്ക് കൂടുതൽ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനും മെച്ചപ്പെട്ട സേവനം ലഭിക്കാനും അവസരമാകുമെന്ന് കേന്ദ്ര സർക്കാർ കണക്കുകൂട്ടുന്നു.

ആഗോള ഇൻഷുറൻസ് കമ്പനികൾക്ക് ഇന്ത്യയിൽ നേരിട്ട് നിക്ഷേപിക്കാൻ ഇതിലൂടെ സാധിക്കും. ലോകത്തെ ആദ്യ 25 ഇൻഷുറൻസ് കമ്പനികളിൽ 20 എണ്ണവും ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യത്ത് പ്രവർത്തിക്കുന്നില്ല. 2024 മാർച്ച് 26 വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് 73 ഇൻഷുറർമാരും റീഇൻഷുറർമാരുമാണ് രജിസ്റ്റർ ചെയ്തത്. വിദേശ കമ്പനികൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനാവുമെന്ന സ്ഥിതി കൂടുതൽ നിക്ഷേപമെത്താൻ സഹായിക്കുമെന്ന് കരുതുന്നു. എന്നാൽ ഇൻഷുറൻസ് നിയമം 1938, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ നിയമം 1956, ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി ആക്റ്റ് 1999 എന്നിവയിൽ സർക്കാർ ഭേദഗതി കൊണ്ടുവന്നാലേ നേരിട്ടുള്ള വിദേശ നിക്ഷേപം 100 ശതമാനത്തിലേക്ക് ഉയർത്താനാവൂ. ഇതിനായുള്ള കരട് ബിൽ ഉടൻ പാർലമെൻ്റിൽ അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ പ്രതികരിച്ചു.

കേന്ദ്ര ബജറ്റ് ചർച്ചകളിലേക്ക് കടന്നപ്പോൾ തന്നെ കേന്ദ്ര സർക്കാരിന് മുന്നിലേക്ക് എത്തിയ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഇത്. മധ്യവർഗ ഉപഭോഗം കുറഞ്ഞതിൽ പ്രധാനമായി ചൂണ്ടിക്കാട്ടിയ അളവുകോലുകളിൽ ഒന്നായിരുന്നു ഇൻഷുറൻസ് സെക്ടറിൽ ജനത്തിൻ്റെ പിൻവാങ്ങൽ. 140 കോടി ജനസംഖ്യയുള്ള ഇന്ത്യയിൽ ഇനിയും സജീവമാകാത്ത സെക്ടറാണ് ഇൻഷുറൻസ്. മേഖലയിൽ കൂടുതൽ നിക്ഷേപവും കമ്പനികൾ തമ്മിലുള്ള കിടമത്സരവും കൂടുതൽ പ്രീമിയവും മെച്ചപ്പെട്ട സേവനവുമാണ് കേന്ദ്രസർക്കാർ ലക്ഷ്യം വെയ്ക്കുന്നത്.

Story Highlights : Union Budget 2025 FDI in insurance to be hiked to 100% paving way for investments.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here