എളങ്കൂരിലെ വിഷ്ണുജയുടെ ആത്മഹത്യ; ഭർത്താവ് പ്രഭിൻ അറസ്റ്റിൽ

മലപ്പുറം എളങ്കൂരിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് പ്രഭിന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. ആത്മഹത്യ പ്രേരണ,സ്ത്രീ പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മഞ്ചേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
2023 മെയ് 14 നാണ് വിഷ്ണുജയും എളങ്കൂർ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്. വിഷ്ണുജയുടെ മരണം ഭര്‍തൃപീഡനത്തെ തുടര്‍ന്നാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഭർത്താവിനും കുടുംബത്തിനുമെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വിഷ്ണുജയുടെ കുടുംബം പരാതി നൽകിയതിനു പിന്നാലെയാണ് പ്രഭിനെ കസ്റ്റഡിയിലെടുത്തത്. നാലു മണിക്കൂർ ചോദ്യം ചെയ്തതിനു ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സൗന്ദര്യം കുറവെന്ന് പറഞ്ഞ് പ്രഭിൻ ബൈക്കിൽ പോലും വിഷ്ണുജയെ കയറ്റിയിരുന്നില്ല. സ്ത്രീധനം നൽകിയത് കുറവെന്ന് പറഞ്ഞ് ഉപദ്രവിച്ചു. വിഷ്ണുജയ്ക്ക് ജോലി ഇല്ലാത്തതിനാൽ കടുത്ത മാനസിക സമ്മർദത്തിലാക്കി എന്നും പിതാവ് വാസുദേവൻ ട്വന്റിഫോറിനോട് പറഞ്ഞു.
വിഷ്ണുജ ആത്മഹത്യ ചെയ്യില്ലെന്നും കൊന്ന് കെട്ടിത്തൂക്കിയതാണെന്നും പിതാവ് ആരോപിക്കുന്നു. വരും ദിവസങ്ങളിൽ എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്ന് കരുതി വിഷ്ണുജ വീട്ടിൽ അറിയിക്കാതെ എല്ലാം സഹിച്ചു മുന്നോട്ട് പോവുകയായിരുന്നുവെന്ന് സഹോദരിമാർ പറഞ്ഞു.
Story Highlights : Dowry harassment; husband arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here