സ്ത്രീ പീഡകർക്ക് ഇരിക്കാനുള്ള സ്ഥലമല്ല നിയമസഭ; മുകേഷ് എംഎൽഎ രാജിവെക്കണമെന്ന് ജെബി മേത്തർ

പീഡനപരാതിയിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ എം മുകേഷ് എംഎൽഎ രാജിവെക്കണമെന്ന് ജെബി മേത്തർ എം പി. സ്ത്രീ പീഡകർക്ക് ഇരിക്കാനുള്ള സ്ഥലമല്ല നിയമസഭ. മുകേഷ് ജനപ്രതിനിധിയായി തുടരുന്നത് നിയമപരമായും ധാർമികമായും തെറ്റാണ്. മുകേഷിനെ പുറത്താക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തയ്യാറാകണമെന്നും ജെബി മേത്തർ പ്രതികരിച്ചു.
എന്നാൽ മുകേഷ് കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്ന് പികെ ശ്രീമതി വ്യക്തമാക്കിയിരുന്നു. കുറ്റപത്രത്തിലെ വിശദാംശങ്ങൾ പുറത്തുവരട്ടെയെന്നും നിയമനടപടികൾ തുടരട്ടെ അതിൽ വേവലാതികൾ ഒന്നും വേണ്ടെന്നും പി കെ ശ്രീമതി പ്രതികരിച്ചു. എന്നാൽ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷിച്ചാലേ ജനപ്രതിനിധി രാജിവെക്കേണ്ടതുള്ളൂവെന്നും ധാര്‍മികമായി രാജിവെക്കണോ എന്നത് മുകേഷിന് തീരുമാനിക്കാമെന്നും നിയമപരമായി രാജി വെയ്‌ക്കേണ്ടതില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു.
അതേസമയം, എം മുകേഷിനെതിരായ പീഡന പരാതിയിൽ തെളിവുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ആലുവ സ്വദേശിയായ നടി നൽകിയ പരാതിയിലെ ബലാത്സംഗ കേസിലാണ് മുകേഷ് നെതിരെ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. മരട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. എംഎൽഎക്കെതിരെ ഡിജിറ്റൽ തെളിവുകളും സാഹചര്യ തെളിവുകളും
ഉണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു.
മുകേഷിനുള്ള പിന്തുണ തുടരാനാണ് സിപിഐഎമ്മിന്റെ തീരുമാനം. കുറ്റക്കാരൻ ആണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. മുകേഷിന്റെ കാര്യത്തിൽ പാർട്ടിയും സർക്കാരും കൃത്യമായി നിലപാട് സ്വീകരിക്കും എന്നായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ മുകേഷിനെതിരെ വടക്കാഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു.
Story Highlights : Jebi Mather wants Mukesh MLA to resign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here