എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവം; വെടിക്കെട്ടിന് ഹൈക്കോടതി അനുമതി

എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തിന് വെടിക്കെട്ട് നടത്താൻ അനുമതി നൽകി ഹൈക്കോടതി. ഉപാധികളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. വെടിക്കെട്ടിന് കൃത്യമായ ദൂരപരിധി അഗ്നിരക്ഷാ സേന അടയാളപ്പെടുത്തണം, ബാരിക്കേഡുകൾ വെച്ച് സ്ഥലത്ത് ആളുകളെ തടയണം. പൊലീസും അഗ്നിരക്ഷാസേനയും സുരക്ഷ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
Read Also: ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശം: പിസി ജോർജിന് മുൻകൂർ ജാമ്യമില്ല
അതേസമയം, കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ അളവിൽ വെടിക്കെട്ട് അനുവദിക്കണമെന്ന ക്ഷേത്ര സമിതിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. 8, 10 തീയതികളിലാണ് എറണാകുളത്ത് ഉത്സവത്തോടനുബന്ധിച്ച വെടിക്കെട്ട് നടക്കുന്നത്. എന്നാൽ വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു.വെടിക്കെട്ട് സുരക്ഷിതമായി നടത്താനുള്ള മാനദണ്ഡങ്ങൾ പാലിക്കാനാകില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കലക്ടറുടെ ചുമതല വഹിക്കുന്ന അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് വിനോദ് രാജ് അനുമതി നിഷേധിച്ചത്. പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷന്റെ സർട്ടിഫിക്കറ്റുകൾ ക്ഷേത്രം ഭാരവാഹികൾ ഹാജരാക്കിയെങ്കിലും മറ്റു ന്യൂനതകൾ കണ്ടെത്തിയതിനാലാണ് അനുമതി നിഷേധിച്ചത്. സിറ്റി പൊലീസ് കമ്മിഷണർ, ജില്ലാ ഫയർ ഓഫിസർ, കണയന്നൂർ തഹസിൽദാർ എന്നിവരുടെ അന്വേഷണ റിപ്പോർട്ടുകളിലും വെടിക്കെട്ട് സുരക്ഷിതമായി നടത്താൻ സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
Story Highlights : Festival at Ernakulathappan Temple; High Court approves fireworks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here