‘ബിജെപിയെ ജയിപ്പിച്ച കോണ്‍ഗ്രസ്’: ഡല്‍ഹി പരാജയം തുറന്നിടുന്ന ഇന്ത്യാ സഖ്യത്തിന്റെ ആകുലതകള്‍

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി (എഎപി) നേരിട്ട കനത്ത പരാജയവും കോണ്‍ഗ്രസിന്റെ തകര്‍ച്ചയും പ്രതിപക്ഷത്തെ ഇന്ത്യാ ബ്ലോക്കിനെ കൂടുതല്‍ തളര്‍ത്തും. കഴിഞ്ഞ വര്‍ഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ആടിയുലഞ്ഞുകൊണ്ടിരിക്കുന്ന സഖ്യത്തിന്റെ നേതൃസ്ഥാനത്ത് നിന്ന് കോണ്‍ഗ്രസിനെ മാറ്റണമെന്ന ആവശ്യവും ഒരു ഇടവേളയ്ക്കു ശേഷം ശക്തിപ്പെടും. കോണ്‍ഗ്രസ് ഡല്‍ഹിയില്‍ വോട്ട് വിഹിതം വര്‍ദ്ധിപ്പിച്ചതും ആം ആദ്മി പാര്‍ട്ടിയുടെ വോട്ട് വിഹിതത്തില്‍ വന്‍ ഇടിവുണ്ടായതും അരവിന്ദ് കെജ്രിവാളിന്റെ തോല്‍വിയെ അടക്കം സ്വാധീനിച്ച സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യ സഖ്യത്തില്‍ അമര്‍ഷം പുകയുന്നത്.
മുന്നണിയിലെ എല്ലാ കക്ഷികളെയും ഒത്തൊരുമിച്ച് മുന്നോട്ടു കൊണ്ടുപോകാനും, സഖ്യത്തെ ശക്തിപ്പെടുത്താനും കോണ്‍ഗ്രസിന് സാധിക്കുന്നില്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന നിരവധി പാര്‍ട്ടികള്‍ ഇന്ത്യ സഖ്യത്തില്‍ ഉണ്ട്. ഇവരെല്ലാം ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പാപഭാരം കോണ്‍ഗ്രസിന്റെ തലയില്‍ വയ്ക്കുമെന്ന് ഉറപ്പാണ്. മമതാ ബാനര്‍ജിയെ ഇന്ത്യ സഖ്യത്തിന്റെ നേതാവാക്കണമെന്ന് ഏറെക്കാലമായി ആവശ്യപ്പെടുന്ന ടിഎംസി, ഒരു ഇടവേളയ്ക്കുശേഷം ഈ ആവശ്യം ശക്തിപ്പെടുത്തുമെന്നും ഉറപ്പാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ലമെന്റിന് അകത്ത് മികച്ച ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച ഇന്ത്യ സഖ്യം പലപ്പോഴും കേന്ദ്രസര്‍ക്കാരിന് ഒരു തലവേദനയായിരുന്നു. പല വിഷയത്തിലും എന്‍ഡിഎ സര്‍ക്കാരിനെ വിമര്‍ശനങ്ങള്‍ കൊണ്ട് പ്രതിരോധത്തില്‍ ആക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ പാര്‍ലമെന്റിന് പുറത്ത് ഈ ഐക്യം കണ്ടിരുന്നില്ല. കഴിഞ്ഞ ഒക്ടോബറില്‍ ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിലും ഇതാണ് കണ്ടത്. ഒറ്റയ്ക്ക് ബിജെപിയെ പരാജയപ്പെടുത്തുമെന്ന് അമിത ആത്മവിശ്വാസത്തില്‍ ആയിരുന്ന കോണ്‍ഗ്രസ് ഫലം വന്നപ്പോള്‍ തകര്‍ന്നടിഞ്ഞു.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് അധികാരത്തില്‍ എത്തുമെന്ന അമിത ആത്മവിശ്വാസം കുഴിയില്‍ ചാടിച്ചത് ആം ആദ്മി പാര്‍ട്ടിയെയാണ്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം എഎപിയുമായി ഏതെങ്കിലും തരത്തിലുള്ള സഖ്യത്തിന് തയ്യാറല്ലെന്ന നിലപാടില്‍ ആയിരുന്നു. അതേസമയം എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ കെജ്രിവാളുമായി ഒപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ ആയിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആഗ്രഹിച്ചത്. എന്നാല്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച എഎപി അതുമായി മുന്നോട്ടുപോയി. ആകെയുള്ള 70 നിയമസഭാ സീറ്റിലും കെജ്രിവാള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 7 സീറ്റില്‍ പരസ്പര ധാരണയോടെ മത്സരിച്ച ഇന്ത്യാ സഖ്യം പഴങ്കഥയായി.
ഇതോടെ രാജ്യത്തെ പ്രതിപക്ഷ സഖ്യത്തിന്റെ നായക പദവി വീണ്ടും ചര്‍ച്ച ആവുകയാണ്. മമത നേതൃസ്ഥാനത്തേക്ക് വരണമെന്ന് ആവശ്യമാണ് എസ്പി, ആര്‍ജെഡി, ശിവസേന ഉദ്ദവ് താക്കറെ പാര്‍ട്ടികള്‍ മമതാ ബാനര്‍ജി നേതാവാകുന്നതിനെ അനുകൂലിക്കുന്നു. എന്നാല്‍ ഡിഎംകെയുടെ ശക്തമായ പിന്തുണ കോണ്‍ഗ്രസിനുണ്ട്. ബംഗാളില്‍ കീരിയും പാമ്പും പോലെയാണ് തൃണമൂലും ഇടതുപക്ഷവും എന്നതിനാല്‍ മമതാ ബാനര്‍ജിക്ക് ഇടതു പാര്‍ട്ടികളുടെ പിന്തുണ കിട്ടില്ല എന്നത് ഉറപ്പ്.
ഡല്‍ഹിയില്‍ വോട്ടെടുപ്പ് കഴിഞ്ഞദിവസം കോണ്‍ഗ്രസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നത് സമാജ് വാദി പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവ് ആണ്. സംസ്ഥാനത്ത് 10 സീറ്റുകള്‍ വരെ ചോദിച്ച് സഖ്യത്തില്‍ മത്സരിക്കേണ്ടിയിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ചെയ്തതെന്താണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഡല്‍ഹിയിലെ പരാജയം മതേതര ജനാധിപത്യ പാര്‍ട്ടികളുടെ സത്യം കൂടുതല്‍ കെട്ടുറപ്പോടെ നില്‍ക്കേണ്ടുന്നതിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാട്ടുന്നത് എന്നാണ് സിപിഐ നേതാവ് ഡി രാജ പ്രതികരിച്ചത്. കോണ്‍ഗ്രസിനെ ഒന്നുകൂടി പ്രതിരോധത്തില്‍ ആക്കി ബിജെപിയെ ജയിപ്പിച്ചതിന് രാഹുല്‍ഗാന്ധിക്ക് അഭിനന്ദനങ്ങള്‍ എന്ന് അറിയിച്ച് ബി ആര്‍ എസ് നേതാവ് കെ ടി രാമറാവുവും രംഗത്ത് വന്നിട്ടുണ്ട്.
Story Highlights : Delhi election result exposes Indian alliance’s worries
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here