നിഷാ മില്ലെറ്റിന്റെയും മിനിമോളുടെയും റെക്കോര്‍ഡിന് ഇളക്കമില്ല

ഉത്തരാഖണ്ഡില്‍ 38-ാമത് ദേശീയ ഗെയിംസില്‍ ഏതെങ്കിലും താരത്തിന് കൂടുതല്‍ മെഡല്‍ നേടാവുന്ന നീന്തലും തുഴച്ചിലും അവസാനിച്ചു. ഇക്കുറി കര്‍ണാടക നീന്തല്‍ താരങ്ങളായ ദിനിധി മേശിങ്കു ഒന്‍പത് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും ശ്രീഹരി നടരാജ് ഒന്‍പത് സ്വര്‍ണവും ഒരു വെള്ളിയും നേടി. പക്ഷേ, ഇപ്പോഴും ഒരു ദേശീയ ഗെയിംസില്‍ കൂടുതല്‍ സ്വര്‍ണമെന്ന റെക്കോര്‍ഡ് കര്‍ണാടകയുടെ നിഷാ മിലൈറ്റിനു സ്വന്തം. 1999ല്‍ മണിപ്പൂരില്‍ നിഷ നീന്തിയെടുത്തത് 14 സ്വര്‍ണവും ഒരു വെള്ളിയും. മത്സരിച്ചത് 15 ഇനങ്ങളില്‍. 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ മാത്രമാണ് സ്വര്‍ണം കൈവിട്ടത്. ബംഗാളിന്റെ ശ്രീജ മജുംദാറിനോട് പരാജയപ്പെട്ടു. നേരത്തെ 97ല്‍ കര്‍ണാടകയില്‍ നടന്ന ദേശീയ ഗെയിംസില്‍ നിഷയ്ക്ക് ഒന്‍പത് സ്വര്‍ണമുണ്ടായിരുന്നു.
2007 ല്‍ കര്‍ണാടകയുടെ രഹന്‍ പോഞ്ച 15 ഇനങ്ങളില്‍ മത്സരിച്ച് 14 മെഡല്‍ നേടിയെങ്കിലും ഒന്‍പത് ഇനങ്ങളില്‍ മാത്രമാണ് സ്വര്‍ണത്തിളക്കം സാധ്യമായത്. മൂന്നു വെള്ളിയും രണ്ടു വെങ്കലവും ലഭിച്ചു. 2011ല്‍ ഡല്‍ഹിയുടെ റിച്ച മിശ്ര 17 ഇനങ്ങളില്‍ മത്സരിച്ചു. 16 മെഡല്‍ കിട്ടി ( 11 സ്വര്‍ണം, നാലു വെള്ളി, ഒരു വെങ്കലം) മെഡല്‍ കിട്ടാതെ പോയ 50 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്കില്‍ അഞ്ചാമതായി. പുരുഷ വിഭാഗത്തില്‍ ഒരു ദേശീയ ഗെയിംസില്‍ 11 മെഡല്‍ (എട്ടു സ്വര്‍ണം) നേടിയ ചരിത്രം വീര്‍ധവാല്‍ ഖാദേയ്ക്കുണ്ട്. 2011ല്‍.
അതുപോലെ ദേശീയ ഗെയിംസില്‍ കൂടുതല്‍ സ്വര്‍ണം നേടിയ കേരള താരം ഇപ്പോഴും കെ.മിനിമോള്‍ തന്നെ. എട്ട് ദേശീയ ഗെയിംസില്‍ കേരളത്തിനു വേണ്ടി മത്സരിച്ച് 32 സ്വര്‍ണ്ണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവും നേടിയ കയാക്കിങ് താരം കെ. മിനിമോളുടെ റെക്കോര്‍ഡും ഏറെക്കാലം നില്‍ക്കുമെന്നു കരുതണം. 1994 മുതല്‍ 2015 വരെയാണു മിനിമോള്‍ മത്സരിച്ചത്. 2015 ല്‍ ഒരു സ്വര്‍ണ്ണവും ഒരു വെള്ളിയും രണ്ടു വെങ്കലവും കിട്ടി. ദേശീയ ഗെയിംസില്‍ കേരളത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയതും മിനിമോള്‍ ആണ്. ആകെ 37 മെഡല്‍. 1997ല്‍ അഞ്ചു സ്വര്‍ണ്ണം നേടിയ മിനിമോള്‍ 99ലും 2001ലും മത്സരിച്ച ആറ് ഇനങ്ങളിലും സ്വര്‍ണ്ണം കരസ്ഥമാക്കി.
ആറ് ദേശീയ ഗെയിംസില്‍ കേരളത്തിനു മത്സരിച്ച് 21 സ്വര്‍ണ്ണവും ഒരു വെള്ളിയും നേടിയ ജെസിമോള്‍ ദേവസ്യയും കയാക്കിങ് താരം തന്നെ. 2011ല്‍ മത്സരിക്കാന്‍ കഴിഞ്ഞില്ല. 2015ല്‍ കേരളത്തില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചെങ്കിലും ടീം സെലക്ഷന്റെ സമയത്ത് ദേശീയ ഡ്രാഗന്‍ ബോട്ട് റേസിനായി ഹിമാചലില്‍ ആയിരുന്നതിനാല്‍ അവസരം നഷ്ടമായി. ഇല്ലെങ്കില്‍ ജെസിമോളും മിനിമോള്‍ക്കൊപ്പം എട്ട് ദേശീയ ഗെയിംസില്‍ പങ്കെടുത്തേനെ. സുവര്‍ണ്ണനേട്ടം കാല്‍ സെഞ്ചുറിയെങ്കിലും തികഞ്ഞേനെ.
ഇത്തവണ, ഒരു സ്വര്‍ണവും ഒരു വെള്ളിയും രണ്ടു വെങ്കലവും നേടിയ സാജന്‍ പ്രകാശ് ദേശീയ ഗെയിംസിലെ ആകെ മെഡല്‍ നേട്ടം 30 ആക്കി. 15 സ്വര്‍ണം, 10 വെള്ളി, അഞ്ചു വെങ്കലം. റെയില്‍വേസില്‍ ആയിരിക്കെ 2015 ല്‍ കേരളത്തിനു വേണ്ടി മത്സരിക്കുകയും തുടര്‍ന്ന് കേരള പൊലീസില്‍ ജോലി സ്വീകരിക്കുകയും ചെയ്ത സാജന്‍ പ്രകാശ് ആ ഗെയിംസില്‍ ആറു സ്വര്‍ണവും മൂന്നു വെള്ളിയും നേടി സൂപ്പര്‍ താരമായി. ഗുജറാത്തില്‍ അഞ്ചും ഗോവയില്‍ മൂന്നും സ്വര്‍ണം നേടാന്‍ സാജനു സാധിച്ചു.
ഉത്തരാഖണ്ഡ് ദേശീയ ഗെയിംസില്‍ കേരളത്തിന്റെ സംഘത്തലവനായ സെബാസ്റ്റ്യന്‍ സേവ്യറിന് നാല് ഗെയിംസില്‍ നിന്ന് 21 സ്വര്‍ണവും ആറു വെള്ളിയും ഒരു വെങ്കലവുമുണ്ട്. ആകെ 28 മെഡല്‍. ആകെ മെഡലുകളുടെ കാര്യത്തില്‍ നീന്തലിലെ സെബാസ്റ്റ്യന്‍ സേവ്യറിന്റെ നേട്ടം മറികടന്നെന്ന് സാജന്‍ പ്രകാശിനു പറയാം. പക്ഷേ, സുവര്‍ണ്ണക്കുതിപ്പില്‍ സെബാസ്റ്റ്യന്‍ തന്നെയാണു മുന്നില്‍. ആറു സ്വര്‍ണ്ണം കൂടുതല്‍.
ദേശീയ ഗെയിംസില്‍ ഷൈനി വില്‍സന്റെയും ഭര്‍ത്താവ് വില്‍സന്‍ ചെറിയാന്റെയും സ്വര്‍ണ്ണ മെഡല്‍ നേട്ടം തുല്യമാണ്. ഷൈനിക്ക് ട്രാക്കില്‍ നിന്നു 11 സ്വര്‍ണ്ണം. വില്‍സന് നീന്തല്‍ കുളത്തില്‍ നിന്ന് 11 സ്വര്‍ണം.
ഇത്തവണ മിക്കവാറും നീന്തല്‍ താരം ഹര്‍ഷിത ജയറാം ആയിരിക്കും കേരളത്തിന്റെ സൂപ്പര്‍ താരം. 50മീ, 100 മീ, 200മീ. ബ്രസ്റ്റ് സ്ട്രോക്കുകളില്‍ ഹര്‍ഷിത സ്വര്‍ണം നേടി. ബെംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ ഹര്‍ഷിതയ്ക്ക് ദേശീയ ഗെയിംസില്‍ ഇതുവരെ അഞ്ചു സ്വര്‍ണവും രണ്ടു വെങ്കലവുമുണ്ട്. ആകെ ഏഴു മെഡല്‍. ബെംഗളുരുവില്‍ ജനിച്ചു വളര്‍ന്ന ഹര്‍ഷിത റയില്‍വേ ഉദ്യോഗസ്ഥയാണ്. പരിശീലനവും ബെംഗളുരുവില്‍. ഹര്‍ഷിതയുടെ പരിശീലകന്‍ എ.സി. ജയരാജ് മലയാളിയാണ്. അതു വഴിയാകണം ഹര്‍ഷിത കേരളത്തിനുവേണ്ടി മത്സരിക്കുവാന്‍ തയാറായത്. കേരളം ഹര്‍ഷിതയ്ക്ക് നന്ദി പറയണം.
Story Highlights : National Games: No change in Nisha Millet and Minimol’s record
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here