നിർമ്മിത ബുദ്ധി രംഗത്ത് പോരാട്ടം മുറുകുന്നു; ചെലവുകുറഞ്ഞ സേവനങ്ങളുമായി ഗൂഗിളും ഓപ്പൺ എഐയും

നിർമ്മിത ബുദ്ധി (AI) രംഗത്ത് മത്സരങ്ങൾ കടുക്കുകയാണ്. ചൈനയുടെ ഡീപ് സീക്ക് കുറഞ്ഞ ചിലവിൽ സേവനങ്ങൾ നൽകി രംഗത്തേക്ക് വന്നതോടെയാണ് ഈ പോരാട്ടത്തിന് ചൂടുപിടിക്കുന്നത്. ഡീപ് സീക്കിനെ വെല്ലുവിളിക്കാൻ ഗൂഗിളിന്റെ ജെമിനിയും ഓപ്പൺ എഐയുടെ ചാറ്റ് ജിപിടിയും കിണഞ്ഞു ശ്രമിക്കുകയാണ്. കൂടുതൽ സൗജന്യ സേവനങ്ങളും വേഗത്തിലുള്ള ഉപഭോക്തൃ സേവനങ്ങളുമായി എഐയെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും ഇവർ ആരംഭിച്ചിട്ടുണ്ട്. [Artificial Intelligence]
വേഗതയേറിയ പുതിയ എഐ പതിപ്പായ ജെമിനി 2.0 എല്ലാവരിലേക്കും എത്തിച്ച് ഗൂഗിളും, തത്സമയ വെബ് സെർച്ച് എല്ലാവർക്കും ലഭ്യമാക്കികൊണ്ട് ചാറ്റ് ജിപിടിയും എത്തിയിട്ടുണ്ട്. മെറ്റ,ആമസോൺ, മൈക്രോസോഫ്റ്റ്,ആന്ത്രോപിക് എന്നീ കമ്പനികളും പുതിയ മാറ്റങ്ങൾക്കായി ശ്രമം തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിൽ ജെമിനി 2.0 ഫ്ലാഷ് പതിപ്പ് ഗൂഗിൾ ഡെവലപ്പർമാർക്കും വിശ്വസ്തരായ ടെസ്റ്റർമാർക്കും മാത്രമാണ് ലഭിച്ചിരുന്നത്. എന്നാൽ ഡീപ് സീക്കിൻ്റെ രംഗപ്രവേശനത്തിന് പിന്നാലെ ഇത് എല്ലാവർക്കും ലഭ്യമാക്കുകയാണ് ഗൂഗിൾ. കൂടുതൽ വെല്ലുവിളികൾ നിറഞ്ഞ പ്രശ്നങ്ങൾ പരിഹരിക്കാൻ ശേഷിയുള്ളതാണ് ഈ പുതിയ പതിപ്പെന്ന് കമ്പനി അവകാശപ്പെടുന്നു. ഗൂഗിളിൻ്റെ തന്നെ ചില സേവനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചെലവുകുറഞ്ഞ രീതിയിലുള്ള ജെമിനി 2.0 ഫ്ലാഷ് ലൈറ്റ് പതിപ്പ് വികസിപ്പിക്കാനും കമ്പനി ശ്രമം തുടങ്ങിയിട്ടുണ്ട്.
അതേസമയം കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാവുന്ന പുതിയ ഓപ്പൺ സോഴ്‌സ് API (Application Programming Interface) വികസിപ്പിക്കാൻ തയ്യാറെടുക്കുകയാണെന്ന് ഓപ്പൺ എഐ എന്ന് സാം ഓൾട്ട്മാൻ പറഞ്ഞു. ഇതുവരെ സോഴ്സ് കോഡ് പുറത്തുവിടാത്ത മോഡലുകളാണ് ഓപ്പൺ എഐ അവതരിപ്പിച്ചിരുന്നത്. ഇത് സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നവർക്ക് നിയന്ത്രണങ്ങൾ കൂടാതെ കോഡിൽ മാറ്റങ്ങൾ വരുത്തി അവരുടെ സേവനങ്ങൾക്കനുസരിച്ച് എളുപ്പത്തിൽ പരിഷ്കരിച്ച് ഉപയോഗിക്കാനാകും എന്നതാണ് പ്രത്യേകത.
ഇതുവരെ API-കൾക്ക് സ്റ്റാർട്ടപ്പുകളിൽ നിന്നും വലിയ തുക ഓപ്പൺ എഐ ഈടാക്കിയിരുന്നു. ഇന്ത്യയിൽ വിവിധ സ്റ്റാർട്ടപ്പ് കമ്പനികളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സാം ഓൾട്ട്മാൻ ഇക്കാര്യം വ്യക്തമാക്കിയത്. ഓപ്പൺ എഐയുടെ ഈ നയമാറ്റങ്ങൾക്ക് പിന്നിലെ കാരണം ചൈന ഡീപ് സീക്ക് പ്ലാറ്റ്ഫോം അവതരിപ്പിച്ചതാണ്. ഈ നീക്കങ്ങൾ AI രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുമെന്നാണ് വിലയിരുത്തലുകൾ. കൂടുതൽ ആളുകൾക്ക് കുറഞ്ഞ ചിലവിൽ ഈ സാങ്കേതിക വിദ്യ ലഭ്യമാകുന്നതോടെ പുതിയ കണ്ടുപിടുത്തങ്ങൾക്കും വളർച്ചയ്ക്കും ഇത് സഹായകമാകും.
Story Highlights : Battle intensifies in artificial intelligence arena; Google and Open AI with affordable services

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here