പുഷ്പ 2 വിജയാഘോഷത്തിൽ അബദ്ധത്തിൽ കേരളത്തിലെ നെഗറ്റീവ് റിവ്യൂ

ഇന്ത്യയാകെ ബ്രഹ്‌മാണ്ഡ വിജയം കൊയ്ത് രാജ്യത്ത് ഏറ്റവും അധികം കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായ അല്ലു അർജുന്റെ പുഷ്പ 2 ദി റൂളിന്റെ വിജയാഘോഷം ഹൈദരാബാദിൽ നടന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ആഘോഷ ചടങ്ങിലെ ഒരു ചെറിയ വീഡിയോ ശകലം ആണ്. ചിത്രത്തിന് രാജ്യത്തെ വിവിധ ഭാഷകളിൽ നിന്ന് ലഭിച്ച സ്വീകാര്യത സൂചിപ്പിക്കാനായി 5 ഭാഷകളിലും ചിത്രം കണ്ടിറങ്ങിയ പ്രേക്ഷക പ്രതികരണങ്ങളുടെ വിഡിയോകൾ അല്ലു അർജുനും മറ്റ് അണിയറപ്രവർത്തകരും ഇരിക്കവേ പ്ലേ ചെയ്തപ്പോൾ, അതിൽ കേരളത്തിന്റെ ഭാഗം നെഗറ്റീവ് റിവ്യൂ ആയിരുന്നു എന്നതാണ് വിഷയം.
എന്നാൽ മലയാളം അറിയാത്തതിനാൽ, പ്രേക്ഷകർ പറഞ്ഞത് എന്താണ് എന്ന് അറിയാതെ അല്ലു അർജുൻ നിറകണ്ണുകളോടെ അഭിമാനത്തോടെ വീഡിയോ ആസ്വദിച്ച് വേദിയിലിരിക്കുന്നത് ട്രോളന്മാർ ആഘോഷമാക്കിയിരിക്കുകയാണ്. തിയറ്റർ റെസ്പോൺസിൽ ഒരാൾ തിയറ്റർ കത്തും അല്ലെങ്കിൽ നാട്ടുകാർ കത്തിക്കും എന്ന് പരിഹസിച്ച് പറഞ്ഞതും, ചിത്രത്തിലെ നായിക രാശ്മിക മന്താനയെ ഒരു കിണർ വെട്ടി കുഴിച്ച് മൂടണം, അത്രക്ക് ക്രിൻജ് ആണ് എന്നും, എല്ലാം മലയാളികൾ പറഞ്ഞ അഭിപ്രായങ്ങൾ അതേ പടി വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ ചിത്രത്തിന്റെ ക്ലൈമാക്സിലെ സംഘട്ടന രംഗത്തിൽ കയ്യും കാലും കെട്ടിയിട്ടും വില്ലന്മാരുമായി ഫൈറ്റ് ചെയ്യുന്ന അല്ലു അർജുനെ പരിഹസിക്കുന്ന, താരത്തെ അനുകരിച്ച് വസ്ത്രം ധരിച്ച് വന്ന ആരാധകന്റെ വാക്കുകളും ഉൾപ്പെടുത്തിയത് വലിയ അബദ്ധമായി പോയി എന്ന് ആരാധകർ കമന്റ് ചെയ്യുന്നു.
രാജ്യം മുഴുവൻ വലിയ തരംഗം സൃഷ്ഠിക്കാൻ സാധിച്ചു എങ്കിലും ഏറെ പ്രതീക്ഷയോടെയെത്തിയ ചിത്രത്തിന് കേരളത്തിലെ തിയറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങൾ ആയിരുന്നു ലഭിച്ചത്. മലയാളി പ്രേഷകർക്കുള്ള ട്രിബ്യുട്ട് ആയി പീലിംഗ്സ് എന്ന ഗാനത്തിലെ ഒരു ഭാഗം ചിത്രം റിലീസായ എല്ലാ ഭാഷകളിലും മലയാളത്തിൽ തന്നെ ആക്കിയിട്ടും അത് ചിത്രത്തെ കേരള ബോക്സ്ഓഫീസിൽ പിന്തുണച്ചില്ല.

Story Highlights : Team of Pushpa 2 accidently played negative review video from kerala, on screen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here