Advertisement

പൊതുജനങ്ങളുടെ താത്പര്യം പൊതുതാത്പര്യമല്ല, മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് പരസ്യപ്പെടുത്താതിരിക്കാൻ ഡൽഹി സർവകലാശാലയുടെ വാദം

February 12, 2025
3 minutes Read

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ഹൈക്കോടതിയിൽ വിചിത്ര വാദവുമായി ഡൽഹി സർവകാശാല. 1978-ൽ ഡൽഹി സർവകലാശാലയിൽ നിന്ന് ബിഎ ബിരുദം നേടിയ വിദ്യാർത്ഥികളുടെ രേഖകൾ ആവശ്യപ്പെട്ട് കേന്ദ്ര വിവരാവകാശ കമ്മീഷൻ (സിഐസി) സമർപ്പിച്ച കേസിൽ, “പൊതുജനങ്ങൾക്ക് താൽപ്പര്യമുള്ളത്” എന്നത് “പൊതുതാൽപ്പര്യം” എന്നതിന് തുല്യമല്ലെന്ന് ഡൽഹി സർവകലാശാല വാദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി 1978-ൽ ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദം നേടിയെന്നാണ് അവകാശവാദം.

വിവരാവകാശ നിയമപ്രകാരം കൗതുകത്തിൻ്റെ പേരിൽ ആർക്കും വിശദാംശങ്ങൾ തേടാനാവില്ല. ബിരുദം ഒരു വിദ്യാർത്ഥിയുടെ സ്വകാര്യ വിവരമാണ്. മാർക്ക് ഷീറ്റുകൾ സർവകലാശാല സൂക്ഷിക്കുന്നത് വിദ്യാർത്ഥിയുടെ വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിലാണെന്നും സർവകലാശാലയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ തുഷാർ മേത്ത കോടതിയെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്തുള്ള പരാതിയിൽ 1978-ൽ ബിഎ പാസായ വിദ്യാർത്ഥികളുടെ രേഖകൾ പരിശോധിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഡൽഹി സർവകലാശാലയോട് വിശദാംശങ്ങൾ തേടിയിരുന്നു. ഇത് ചോദ്യം ചെയ്ത് 2017-ൽ ഡൽഹി സർവകലാശാല സമർപ്പിച്ച ഹർജിയിലാണ് തുഷാർ മേത്ത ഈ വാദം ഉന്നയിച്ചത്.

അറിയാനുള്ള ജിജ്ഞാസയുടെ പേരിൽ മൂന്നാമതൊരാൾക്ക് വിശദാംശങ്ങൾ നൽകാനാവില്ല. പൊതുതാൽപ്പര്യമുള്ളതല്ലെങ്കിൽ സ്വകാര്യ സ്വഭാവമുള്ള വിവരങ്ങൾ നൽകാതിരിക്കാൻ സർവകലാശാല ബാധ്യസ്ഥമാണ്. വിദ്യാഭ്യാസ യോഗ്യത സ്വകാര്യ വിവരമായി വേണം കണക്കാക്കാൻ. വിവരാവകാശ നിയമം ഇവിടെ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും തുഷാർ മേത്ത കോടതിയിൽ വാദിച്ചു. എന്തെങ്കിലും ഒരു വിഷയത്തിൽ പൊതുജനത്തിന് താത്പര്യം ഉണ്ടെന്ന് കരുതി അത് പൊതുതാത്പര്യമാകില്ല. അതിനാൽ തന്നെ ഈ കേസിൽ രേഖകൾ ആവശ്യപ്പെട്ടുള്ള ചോദ്യത്തിന് നോ എന്നാണ് ഉത്തരം.

പ്രധാനമന്ത്രിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കാൻ ഗുജറാത്ത് സർവകലാശാലയോട് നിർദ്ദേശിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഗുജറാത്ത് ഹൈക്കോടതി 2023 ൽ പുറപ്പെടുവിച്ച വിധിയും മേത്ത ഡൽഹി ഹൈക്കോടതിയിൽ ഉദ്ധരിച്ചു. ഒരു വിദ്യാർത്ഥിയുടെ വിദ്യാഭ്യാസ ബിരുദങ്ങൾ വ്യക്തിപരമാണെന്നും വിവരാവകാശ നിയമപ്രകാരം (ആർടിഐ) അനുവദിക്കേണ്ടതല്ലെന്നുമായിരുന്നു ഗുജറാത്ത് ഹൈക്കോടതി വിധി.

ഡൽഹി സർവകലാശാലയോട് വിവരാവകാശ നിയമപ്രകാരം മോദിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങൾ തേടിയ വ്യക്തിക്ക് വേണ്ടി ഡൽഹി ഹൈക്കോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെ, ജനം തീരുമാനങ്ങൾ എടുക്കുന്നത് വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ബിരദധാരിയാണോ പ്രധാനമന്ത്രി എന്നത് അറിയേണ്ടതുണ്ടെന്നും വാദിച്ചു. ഒരാൾ ഒരു പരീക്ഷ ജയിച്ചാലും തോറ്റാലും അത് വെളിപ്പെടുത്തുന്നതിൽ തീർച്ചയായും പൊതുജനങ്ങൾക്ക് താൽപ്പര്യമുണ്ടെന്നും അദ്ദേഹം വാദിച്ചു പൊതുതാൽപ്പര്യം വെളിപ്പെടുത്തലിനും മറച്ചുവെക്കലിനും എതിരാണ്. തിരഞ്ഞെടുക്കപ്പെട്ട പദവികൾ വഹിക്കുന്ന നേതാക്കളുമായി ബന്ധപ്പെട്ട് ആസ്തികളും ബാധ്യതകളും ഉൾപ്പെടെ നിരവധി കാര്യങ്ങൾ വെളിപ്പെടുത്തേണ്ടതുണ്ടെന്നും ഹെഗ്‌ഡെ കൂട്ടിച്ചേർത്തു.

Story Highlights : Interest to public not same as public interest says Delhi University to HC on Modi’s degree

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top