യുക്രൈനിലും റഷ്യയിലും സമാധാനം അരികെ? ചര്‍ച്ചകള്‍ തുടങ്ങാന്‍ പുടിന്‍ സമ്മതിച്ചെന്ന് ട്രംപ്

ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ യുക്രൈനിലും റഷ്യയിലും ഉടന്‍ സമാധാനം പുലരുമെന്ന് സൂചിപ്പിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. വര്‍ഷങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ വേണ്ടിയുള്ള ചര്‍ച്ചകള്‍ തുടങ്ങാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ സമ്മതിച്ചതായി ട്രംപ് അറിയിച്ചു. പുടിനുമായി ടെലഫോണ്‍ സംഭാഷണം നടത്തിയതായി ട്രംപ് ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു. സമാധാനം പുന:സ്ഥാപിക്കാന്‍ ട്രംപുമായി സംസാരിച്ചെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കിയും വ്യക്തമാക്കി. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സുമായി കൂടിക്കാഴ്ച നടത്തുമെന്നുമെന്നും സെലന്‍സ്‌കി പറഞ്ഞു. (Trump, Putin agree to begin negotiations on ending Ukraine war)
പുടിനുമായുള്ള ചര്‍ച്ച എന്നായിരിക്കുമെന്ന് കൃത്യമായി സൂചിപ്പിച്ചിട്ടില്ലെങ്കിലും പുടിനെ കാണുന്നത് സൗദി അറേബ്യയില്‍ വച്ചായിരിക്കുമെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്കും ചര്‍ച്ചകള്‍ക്കും സമയമായെന്ന് പുടിനും സമ്മതിച്ചതായി ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് സ്ഥിരീകരിച്ചു. കുറേ മരണങ്ങളും നാശനഷ്ടങ്ങളും മാത്രമുണ്ടാക്കിയ ഈ അര്‍ത്ഥശൂന്യമായ യുദ്ധം അവസാനിപ്പിക്കാന്‍ സമയമായെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. റഷ്യയിലേയും യുക്രൈനിലേയും ജനങ്ങളെ ദൈവം രക്ഷിക്കട്ടേയെന്നും ട്രംപ് എഴുതി.
യുദ്ധം അവസാനിപ്പിച്ചാലും യുക്രൈന്‍ അതിര്‍ത്തി യുദ്ധത്തിന് മുന്‍പുള്ളത് തന്നെയായിരിക്കുമോ എന്നതാണ് ലോകത്തെ ആശങ്കപ്പെടുത്തുന്ന ചോദ്യം. ട്രംപിനോട് ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പഴയ അതേ അതിര്‍ത്തി തന്നെ ലഭിക്കാന്‍ പ്രയാസമാണെന്നും എന്നിരിക്കിലും അതിര്‍ത്തിയിലെ വലിയ അളവോളം ഭൂമി യുക്രൈന് തന്നെ തിരികെ കിട്ടുമെന്നുമായിരുന്നു മറുപടി. യുക്രൈന്‍ സൈനിക സഖ്യത്തില്‍ ചേരില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും നാറ്റോ ഉച്ചകോടിയില്‍ തന്റെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെ അറിയിച്ചത് തന്നെയാണ് തന്റെ നിലപാടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
Story Highlights : Trump, Putin agree to begin negotiations on ending Ukraine war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here