Advertisement

ശശി തരൂര്‍ വ്യക്തിപരമായ അഭിപ്രായം പ്രവര്‍ത്തകസമിതി അംഗത്വം രാജിവച്ച ശേഷം പറയണമെന്ന് ഹസന്‍; എതിര്‍ത്ത് കുഞ്ഞാലിക്കുട്ടിയും

February 16, 2025
1 minute Read

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പുതിയ പോര്‍മുഖം തുറന്ന് ശശി തരൂര്‍. കേരളത്തെ പ്രശംസിച്ചു കൊണ്ടുള്ള ലേഖനത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച് രംഗത്തെത്തി. ശശി തരൂരിനെതിരെ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. പ്രവര്‍ത്തകസമിതി അംഗത്വം തരൂര്‍ രാജിവെക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

കേരളത്തിലെ വ്യവസായ അന്തരീക്ഷത്തെ പുകഴ്ത്തിയുള്ള ലേഖനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ശശി തരൂര്‍. പറഞ്ഞത് തിരുത്തിയില്ലെങ്കിലും അല്‍പം മയപ്പെടുത്തി ഫേസ്ബുക്കിലൂടെ പ്രതികരണം നടത്തി. പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പോരിനുറച്ചുതന്നെയെന്ന പ്രഖ്യാപനം. തന്റെ ലേഖനം ഇംഗ്ലീഷ് വായിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല എന്നായിരുന്നു പരിഹാസം.

Read Also: ‘സർക്കാർ നല്ലത് ചെയ്താൽ അംഗീകരിക്കണം, കേരളം ഇപ്പോഴും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്’: മയപ്പെടുത്തി,പക്ഷെ തിരുത്താതെ തരൂർ

പ്രവര്‍ത്തകസമിതി അംഗത്വം രാജിവച്ച ശേഷം വ്യക്തിപരമായ അഭിപ്രായം പറയണമെന്ന് എം.എം ഹസന്‍ പ്രതികരിച്ചു. ഗ്രൗണ്ട് റിയാലിറ്റി അറിയാതെയാണ് തരൂര്‍ ഓരോന്ന് എഴുതുന്നതും പറയുന്നതും. ലേഖനത്തിലെ ഉള്ളടക്കം അവാസ്തവവും അടിസ്ഥാന രഹിതവുമാണ്. മണ്ഡലത്തില്‍ അന്വേഷിച്ചാല്‍ തന്നെ തരൂരിന് സ്വന്തം വാദം ശരിയാണോ തെറ്റാണോ എന്ന് തിരിച്ചറിയാന്‍ പറ്റുമെന്നും എം.എം. ഹസന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. മോദിയെ പുകഴ്ത്തിയതിലും എംഎം ഹസന്‍ തരൂരിനെ വിമര്‍ശിച്ചു. കുടിയേറ്റക്കാരെ കയ്യാമം വെച്ചു കൊണ്ടുവന്നപ്പോള്‍ ഒരക്ഷരം മിണ്ടിയോ തരൂര്‍? അടച്ചിട്ട മുറിയില്‍ ട്രംപിനോട് മോദി പറഞ്ഞത് തരൂര്‍ എങ്ങനെ അറിഞ്ഞു? തരൂരിന് എന്താ ദിവ്യ ശക്തിയുണ്ടോയെന്നും ഹസന്‍ ചോദിച്ചു.

ശശി തരൂരിന്റെ നിലപാടില്‍ മുസ്ലിം ലീഗിനും എതിര്‍പ്പുണ്ട്. രാഷ്ട്രീയ സാഹചര്യത്തെ ഗൗരവത്തോടെ കാണുന്നുവെന്നും, പറയേണ്ട സ്ഥലത്ത് പറയാന്‍ കെല്‍പ്പുള്ള പാര്‍ട്ടിയാണ് ലീഗെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാര്‍ ആണ് വ്യവസായ രംഗത്ത് മാറ്റം കൊണ്ടുവന്നത്. എല്‍ഡിഎഫിന് അവരുടെ നയം തെറ്റായിരുന്നു എന്ന് ഇപ്പോള്‍ പറയുന്നു. തിരുത്തല്‍ നല്ലതാണ്,സ്ഥായി ആയിരിക്കണം എന്ന് മാത്രം. കുതിപ്പ് ഉണ്ടാക്കിയത് അതാത് സമയത്തെ യുഡിഎഫ് സര്‍ക്കാര്‍. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷം വലിയ സമരം ഉണ്ടാക്കി. യു.ഡി.എഫ് പ്രതിപക്ഷത്തായപ്പോള്‍ ആ നിലപാട് അല്ല സ്വീകരിച്ചത്. ഒരിക്കലും സഹകരിക്കാത്ത പ്രതിപക്ഷം ആയിരുന്നു ഞങ്ങള്‍ ഭരിക്കുമ്പോള്‍. വികസനത്തില്‍ സഹകരിച്ചവരാണ് യു.ഡി.എഫ്. കരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെങ്കില്‍ കാരണം ഇടതുമുന്നണിയാണ്. ആ തൊപ്പി അവര്‍ക്കാണ് ചേരുക – കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ഹൈക്കമാന്‍ഡ് ഉള്‍പ്പെടെ ശശി തരൂരിന്റെ നിലപാടിനെ തള്ളി. കേരളത്തില്‍ വേണ്ടത്ര പരിഗണന കിട്ടാത്തതാണ് തരൂരിന്റെ എതിര്‍പ്പിന് കാരണമെന്നാണ് സൂചന. നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നവരും കോണ്‍ഗ്രസില്‍ ഉണ്ട്. അതേസമയം പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ഇനിയും എഴുതാന്‍ ഉണ്ടെന്നുമാണ് ശശി തരൂരിന്റെ നിലപാട്.

Story Highlights : UDF leaders criticize Shashi Tharoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top