Advertisement

കേരളത്തിൽ കാലഹരണപ്പെട്ടതും ഉപയോഗശൂന്യവുമായ മരുന്നുകള്‍ വീട്ടിലെത്തി ശേഖരിക്കും! പദ്ധതി രാജ്യത്ത് ആദ്യം

February 18, 2025
Google News 3 minutes Read

കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് എന്‍പ്രൗഡ് (nPROUD: New Programme for Removal of Unused Drugs) എന്ന പേരില്‍ ഒരു പദ്ധതി ആവിഷ്‌ക്കരിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഉപയോഗ ശൂന്യമായ മരുന്നുകള്‍ വീട്ടില്‍ നിന്നും ശേഖരിച്ച് കൊണ്ടു പോകുകയോ നിശ്ചിത സ്ഥലങ്ങളില്‍ നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കുകയോ ചെയ്യും.

രാജ്യത്ത് തന്നെ ആദ്യമായാണ് സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷനിലും, കോഴിക്കോട് ജില്ലയിലെ ഉള്ള്യേരി പഞ്ചായത്തിലുമാണ് ഇത് ആദ്യമായി നടപ്പിലാക്കുന്നത്. തുടര്‍ന്ന് ഈ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കാലഹരണപെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകള്‍ അലക്ഷ്യമായി മണ്ണിലേക്കും ജലാശയങ്ങളിലേക്കും വലിച്ചെറിയാന്‍ പാടില്ല. ഇതിലൂടെ ആന്റിമൈക്രോബിയല്‍ പ്രതിരോധത്തിനും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുന്നു. ഇത്തരം ഔഷധങ്ങള്‍ ശേഖരിക്കുവാനോ ശാസ്ത്രീയമായി സംസ്‌കരിക്കുവാനോ പര്യാപ്തമായ സംവിധാനങ്ങളൊന്നും നിലവിലില്ലാത്തതിനാലാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ഇതേറ്റെടുത്ത് നടപ്പിലാക്കുന്നത്.

ഉപയോഗയോഗ്യമല്ലാത്ത മരുന്നുകളുടെ അശാസ്ത്രീയമായ നിര്‍മാര്‍ജനം പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കുന്നുവെന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഇത്തരം പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ബയോമെഡിക്കല്‍ വേസ്റ്റ് മാനേജ്‌മെന്റ് ആക്ട് ആന്റ് റൂളിലെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് ഉപയോഗശൂന്യമായ മരുന്നുകള്‍ നിര്‍മാര്‍ജനം ചെയ്യുവാനാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് എന്‍പ്രൗഡ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

നിശ്ചിത മാസങ്ങളില്‍ വീട്ടിലെത്തി ഉപയോഗശൂന്യമായ മരുന്നുകള്‍ ശേഖരിക്കുന്നതാണ്. കൂടാതെ പെര്‍മനന്റ് കളക്ഷന്‍ സൈറ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള നീല നിറമുള്ള പെട്ടികളിലും പൊതുജനങ്ങള്‍ക്ക് മരുന്നുകള്‍ നിക്ഷേപിക്കാവുന്നതാണ്. മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍, ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള ഉപയോഗശൂന്യമായ മരുന്നുകള്‍ മുന്‍ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിലെ കളക്ഷന്‍ സെന്ററുകളില്‍ എത്തിക്കേണ്ടതാണ്. തദ്ദേശ സ്ഥാപനങ്ങളുടേയും ഹരിതകര്‍മ്മ സേനാംഗങ്ങളുടേയും സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഇപ്രകാരം ശേഖരിക്കുന്ന മരുന്നുകള്‍ കേന്ദ്ര-സംസ്ഥാന പരിസ്ഥിതി വകുപ്പുകളുടെ അംഗീകാരമുള്ള Kerala Enviro Infrastructure Limited (KEIL) മാലിന്യ സംസ്‌കരണ പ്ലാന്റില്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതാണ്. പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 22ന് കോഴിക്കോട് വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

Story Highlights : Expired and Unusable Medicines will take from home kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here