‘മാപ്പുപറഞ്ഞ് കുറ്റകൃത്യത്തെ ലഘൂകരിക്കാനോ കഴുകിക്കളയാനോ കഴിയില്ല’; പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ചാനൽ ചർച്ചയിലെ വിദ്വേഷ പ്രസ്താവനയിൽ എടുത്ത കേസിൽ പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. പിസി ജോർജ്ജിനെതിരെ പ്രഥമദൃഷ്ട്യാ മതവിദ്വേഷ പരാമർശക്കുറ്റം നിലനിൽക്കും. ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശമാകും നൽകുകയെന്നും സിംഗിൾ ബെഞ്ച് തുറന്നടിച്ചു.
അതിരൂക്ഷ വിമർശനത്തോടെയാണ് പിസി ജോർജ്ജിൻ്റെ മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയത്. പൊതുമധ്യത്തിൽ മാപ്പുപറഞ്ഞ് കുറ്റകൃത്യത്തെ ലഘൂകരിക്കാനോ കഴുകിക്കളയാനോ കഴിയില്ല. അങ്ങനെയുള്ള മാപ്പപേക്ഷ അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 30 വർഷം എംഎൽഎയായിരുന്നയാളുടെ പരാമർശങ്ങൾ പൊതുസമൂഹം കാണുന്നുണ്ട്. പ്രകോപനത്താൽ പറഞ്ഞതാണെങ്കിൽ രാഷ്ട്രീയ നേതാവായി തുടരാൻ അർഹനല്ലെന്നും ഹൈക്കോടതി തുറന്നടിച്ചു.
അതേസമയം ഇത്തരം കേസുകളിലെ കുറ്റക്കാർ പിഴയടച്ച് രക്ഷപെടാൻ അവസരമൊരുക്കരുതെന്നും ശിക്ഷാവിധി ഉയർത്തുന്ന കാര്യം നിയമ കമ്മിഷനും പാർലമെന്റും പരിശോധിക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു. സമൂഹത്തിലെ റോൾ മോഡലുകളാണ് രാഷ്ട്രീയ നേതാക്കൾ ഭരണഘടനാ ആശയമായ മതേതരത്വത്തെ ബാധിക്കുന്നതാണ് പരാമർശമെന്നും ഇത്തരം പരാമർശങ്ങൾ മുളയിലേ നുള്ളണമെന്നും സിംഗിൾ ബഞ്ച് ചൂണ്ടിക്കാട്ടി.
Story Highlights : High Court rejects PC George’s anticipatory bail plea in hate speech case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here