ഗുണ കേവ് സെറ്റ് ഇട്ട മലയാളം സിനിമ ; മഞ്ഞുമേൽ ബോയ്സിന്റെ മേക്കിങ് വീഡിയോ പുറത്ത്

ചിദംബരത്തിന്റെ സംവിധാനത്തിലൊരുങ്ങി, തെന്നിന്ത്യ മുഴവൻ വമ്പൻ തരംഗം സൃഷ്ടിച്ച് മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ‘മഞ്ഞുമേൽ ബോയ്സി’ന്റെ മേക്കിങ് വീഡിയോ റിലീസ് ചെയ്തു. തിങ്ക് മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട 16 മിനുട്ട് ദൈർഘ്യം ഉള്ള വീഡിയോയിൽ ചിത്രത്തിലെ പ്രധാന രംഗങ്ങൾ ചിത്രീകരിച്ച ഗുണ കേവിന്റെ സെറ്റ് നിർമ്മാണത്തിന്റെയും ചിത്രീകരണത്തിന്റെയും vfx ജോലികളുടെയും ബിഹൈൻഡ് ദി സീനുകളാണ് കാണിച്ചിരിക്കുന്നത്.
ആർട്ട് ഡയറക്റ്റർ അജയൻ ചാലിശ്ശേരിയുടെ നേതൃത്വത്തിലാണ് അണിയറപ്രവർത്തകർ ഗുണ കേവിന്റെ ഭീമൻ സെറ്റ് നിർമ്മിച്ചത്. ചിത്രത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഗുണ കേവിൽ തന്നെ ചിത്രം ഷൂട്ട് ചെയ്യാൻ തീരുമാനിച്ച സംവിധായകൻ ചിദംബരവും സഹായികളും കൊടൈക്കനാലിൽ ചെന്ന് ഗുണ കേവ് സന്ദർശിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രധാന ഇടങ്ങളിലേക്ക് പ്രൊഡക്ഷൻ ക്രൂവിന് എത്തിപ്പെടാനും ജോലി ചെയ്യാനുമുള്ള ബുദ്ധിമുട്ടും, ലൈറ്റപ്പ് ചെയ്യാനും മറ്റുമുള്ള പരിമിതികളും മൂലം ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
ആർട്ടിഫിഷ്യൽ ആയി നിർമ്മിച്ചെടുത്ത ചെടികളുടെയും പാറക്കെട്ടുകളുടെയും ഒപ്പം യഥാർത്ഥ വസ്തുക്കളും ഉൾപ്പെടുത്തിയാണ് ഗുഹയ്ക്കകം പ്രൊഡക്ഷൻ ടീം നിർമ്മിച്ചത്. കൂടാതെ കഥാപാത്രങ്ങളെ വെച്ച് ഷൂട്ട് ചെയ്യേണ്ട രംഗങ്ങളിലെ ഗുഹാഭിത്തികളും പാറയിടുക്കുകളുമെല്ലാം
പ്രീ-പ്രൊഡക്ഷൻ സമയത്ത് തന്നെ പ്രത്യേകം ഡിസൈൻ ചെയ്ത് നിർമ്മിച്ചിരുന്നു.
സൗബിൻ ഷഹിറിന്റെ കഥാപാത്രം ശ്രീനാഥ് ഭാസിയെ രക്ഷിക്കാൻ കയർ കെട്ടി കുഴിക്കുള്ളിലേയ്ക്ക് ഇറങ്ങുന്ന രംഗത്തിലെ കിടങ്ങ് 150 ഓളം അടി ഉയരത്തിലാണ് അജയൻ ചാലിശേരിയുടെ നേതൃത്വത്തിൽ, പ്രൊഡക്ഷൻ ടീം നിർമ്മിച്ചത്.
Story Highlights :The making video of manjummel boys, is out now
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here