തൃശൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ്; സ്ഥാപന ഉടമകൾ ഒളിവിൽ

അമിത പലിശ വാഗ്ദാനം നൽകിയാണ് നിക്ഷേപകരിൽ നിന്ന് കോടികൾ സ്വീകരിച്ച് തൃശൂരിൽ കോടികളുടെ തട്ടിപ്പ് നടന്നത്. ഇരിങ്ങാലക്കുടയിലെ ബില്യൺ ബീസ് എന്ന സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ ആണ് പൊലീസിന് ഇതിനോടകം ലഭിച്ചിട്ടുള്ളത്. 100 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക നിഗമനം. ഒരുകോടി 95 ലക്ഷം രൂപ നിക്ഷേപിച്ച ആളുടെ പരാതിയിൽ ആണ് പൊലീസ് ആദ്യ കേസെടുത്തത്. സ്ഥാപന ഉടമകളായ നടവരമ്പ് സ്വദേശി ബിബിൻ, ഭാര്യ ജയ്ത, ബിബിന്റെ സഹോദരൻ സുബിൻ എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ബിബിൻ, ഭാര്യ ജെയ്ത, ബിബിന്റെ സഹോദരൻമാരായ സുബിൻ, ലിബിൻ എന്നിവരാണ് സ്ഥാപന ഉടമകൾ.
10 ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം മുപ്പതിനായിരം രൂപ ലാഭവിഹിതം തരാം എന്നും, ട്രേഡിംഗിൽ പണം നിക്ഷേപിച്ചാൽ ലാഭവിഹിതം നൽകാം എന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. പ്രതികളുടെ അക്കൗണ്ടുകൾ വഴിയായിരുന്നു പണം സ്വീകരിച്ചിരുന്നത്. സ്ഥാപന ഉടമകൾ ദുബൈയിലേക്ക് മുങ്ങിയതായി നിക്ഷേപകർ പറയുന്നു.
32 പരാതികളാണ് തൃശൂർ റൂറൽ എസ് പി ക്ക് കൈമാറിയിട്ടുള്ളത്. വരും ദിവസങ്ങളിൽ സ്ഥാപനത്തിനെതിരെ നിരവധിപേർ പരാതിയുമായി എത്തും എന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights : Investment fraud worth crores again in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here