Advertisement

റെയില്‍വേ ട്രാക്കില്‍ ടെലിഫോണ്‍ പോസ്റ്റ് കൊണ്ടു വച്ച സംഭവം; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

February 23, 2025
Google News 2 minutes Read
Kundara-train-sabotage

കൊല്ലം കുണ്ടറയില്‍ റെയില്‍വേ ട്രാക്കില്‍ ടെലിഫോണ്‍ പോസ്റ്റ് കൊണ്ടു വച്ച സംഭവത്തില്‍ പിടിയിലായ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികള്‍ കൃത്യം നടത്തിയത് ആളുകളുടെ ജീവഹാനി വരുത്തുക എന്ന ഉദ്ദേശത്തോടുകൂടി തന്നെയാണ് എന്നാണ് എഫ്ഐആര്‍. പ്രതികളുമായി അന്വേഷണ സംഘം റെയില്‍വേ ട്രാക്കില്‍ എത്തി തെളിവെടുപ്പ് നടത്തി. സംഭവത്തില്‍ എന്‍ ഐ എ സംഘവും പ്രതികളെ ചോദ്യം ചെയ്തു.

ഇന്നലെ പുലര്‍ച്ചെയാണ് കൊല്ലം കുണ്ടറ ആറുമുറിക്കടക്ക് സമീപത്തുള്ള റെയില്‍വേ ട്രാക്കില്‍ ടെലിഫോണ്‍ പോസ്റ്റ് കൊണ്ടു വന്നിട്ടത്. പുലര്‍ച്ചെ 1.30 ന് കൊണ്ടിട്ട പോസ്റ്റ് സമീപവാസികളും പൊലീസും എടുത്തു മാറ്റിയ ശേഷം 3 മണിയോടെ വീണ്ടും ട്രാക്കില്‍ കൊണ്ടിട്ടു. ഇതോടെയാണ് ട്രെയിന്‍ അട്ടിമറി ശ്രമമാണോ എന്ന സംശയം ഉണ്ടായത്. പാലരുവി എക്സ്പ്രസ്സ് കടന്നു പോകുന്നതിന് തൊട്ടുമുന്‍പാണ് ട്രാക്കില്‍ പോസ്റ്റ് കണ്ടതും എടുത്തു മാറ്റിയതും.

കേസില്‍ ഇന്നലെ തന്നെ പൊലീസ് പിടികൂടിയ കുണ്ടറ സ്വദേശിയായ അരുണിനെയും പെരുമ്പുഴ സ്വദേശിയായ രാജേഷിനെയും ഇന്നലെ രാത്രിയോടെ കൊച്ചിയില്‍ നിന്നെത്തിയ എന്‍ഐഎ സംഘം ചോദ്യം ചെയ്തു. പ്രതികളെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. മദ്യലഹരിയില്‍ ആയിരുന്നു എന്ന് മൊഴി നല്‍കിയെങ്കിലും ആളുകള്‍ക്ക് ജീവഹാനി വരുത്തുന്നതിനുള്ള ഇടപെടല്‍ തന്നെയാണ് പ്രതികള്‍ നടത്തിയത് എന്നാണ് എഫ്ഐആറില്‍ പറയുന്നത്. സമീപവാസി കണ്ടില്ലായിരുന്നുവെങ്കില്‍ വലിയ അട്ടിമറി ഉണ്ടാകുമായിരുന്നു എന്നും എഫ്ഐആറില്‍ സൂചന നല്‍കുന്നുണ്ട്.

ആര്‍പിഎഫിന്റെ ക്രൈംബ്രാഞ്ച് സംഘവും കേസില്‍ സമാന്തര അന്വേഷണം നടത്തുന്നുണ്ട്. കാസ്റ്റ് അയണ്‍ വേര്‍പ്പെടുത്തി വില്‍ക്കാന്‍ വേണ്ടിയാണ് പോസ്റ്റ് റെയില്‍വേ ട്രാക്കില്‍ കൊണ്ടിട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. പ്രതികള്‍ക്ക് മുന്‍പും ക്രിമിനല്‍ കേസുകകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കുണ്ടറ പൊലീസ് പറയുന്നത്.

Story Highlights : Kundara train sabotage attempt: The arrest of the accused was recorded

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here