Advertisement

പണിമുടക്കുന്ന ആശാ വർക്കർമാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണം; ഉത്തരവിറക്കി നാഷ്ണൽ ഹെൽത്ത് മിഷൻ

February 25, 2025
Google News 2 minutes Read
asha workers

ശമ്പളം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രെട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം ചെയ്യുന്ന ആശാ വർക്കർമാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് നിർദ്ദേശം. നാഷ്ണൽ ഹെൽത്ത് മിഷൻ്റെതാണ് നിർദ്ദേശം. ആശാ വർക്കർമാരെ ഏൽപ്പിച്ച ചുമതലകൾ നിർവ്വഹിക്കണം. ഏതെങ്കിലും ആശാ പ്രവർത്തക തിരിച്ചെത്തി പ്രവർത്തനങ്ങളിൽ ഏർപ്പെടാത്ത സാഹചര്യം ഉണ്ടാവുകയാണെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്താൻ വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണം. ജനങ്ങൾക്ക് ആശമാർ സേവനം ലഭ്യമാക്കുന്നുണ്ടോ എന്നകാര്യം മെഡിക്കൽ ഓഫീസർമാർ ഉറപ്പു വരുത്തണമെന്നും നാഷ്ണൽ ഹെൽത്ത് മിഷൻ നിർദ്ദേശത്തിൽ പറയുന്നു.

സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ വർക്കർമാർ നടത്തുന്ന സമരം രണ്ടാഴ്ചയായിട്ടും വീണ്ടും ചർച്ചയ്ക്ക് വിളിക്കുന്നതിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സമൂഹത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വലിയ പിന്തുണയാണ് സമരത്തിന് ലഭിക്കുന്നത്. ആശാ വർക്കർമാർക്ക് മൂന്നുമാസ കുടിശ്ശികയിൽ നിന്ന് രണ്ടുമാസ കുടിശ്ശികയുടെ പണം സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ ഓണറ്റേറിയം അനുവദിച്ചിട്ടും ഒരു മാസത്തെ ശമ്പളം മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നാണ് ആശമാർ പറയുന്നത്.

Read Also: ‘ദേഹോപദ്രവത്തിൽ ഭയന്നാണ് മകൻ കുറ്റം സമ്മതിച്ചത്’; കഞ്ചാവ് കേസിൽ യു.പ്രതിഭയുടെ മൊഴിയെടുത്തു

അതേസമയം, ആശാ വർക്കർമാരുടെ സമരത്തിന് പിന്നിൽ അരാജക സംഘടനകളെന്നാണ് സിപിഐഎം വിമർശനം. ആശാ വർക്കർമാരെ തെറ്റിദ്ധരിപ്പിച്ചാണ് സമരത്തിന് ഇറക്കിയതെന്നും അതിന് പിന്നിൽ അരാജക സംഘടനകളാണെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കുറ്റപ്പെടുത്തി. അരാജക സംഘടനകൾ പിന്നിലുണ്ടോയെന്നു സർക്കാർ പരിശോധിക്കട്ടെ എന്ന് സമര സമിതിയും മറുപടി നൽകി. ആശാ വർക്കർമാരെ സർക്കാർ നിരന്തരം അപമാനിക്കുന്നുവെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്.

Story Highlights : ASHA workers should return to work; National Health Mission issues order

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here