Advertisement

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: കോട്ടം തട്ടാതെ എൽഎഡിഎഫ്; നേട്ടം അവകാശപ്പെട്ട് യുഡിഎഫ്

February 25, 2025
1 minute Read
local body byelection

സംസ്ഥാനത്ത് 30 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ 17 ഇടങ്ങളിൽ വിജയിക്കാനായതിൻ്റെ ആത്മവിശ്വാസത്തിൽ എൽഡിഎഫ്. 12 ഇടത്താണ് യുഡിഎഫ് ജയിച്ചത്. എങ്കിലും കഴിഞ്ഞ തവണത്തേക്കാൾ രണ്ട് സീറ്റുകൾ അധികം നേടിയെന്ന് യുഡിഎഫിനും ആശ്വസിക്കാം. എസ്ഡിപിഐ ഒരിടത്ത് ജയിച്ചപ്പോൾ ബിജെപിക്ക് ഒന്നും നേടാനായില്ല.

സംസ്ഥാനത്ത് കടുത്ത ഭരണവിരുദ്ധ വികാരമുണ്ടെന്ന് പ്രതിപക്ഷം ആവർത്തിക്കുമ്പോഴാണ് ആത്മവിശ്വാസം നൽകുന്ന വിജയം നേടാൻ എൽഡിഎഫിന് കഴിഞ്ഞത്. ക്ഷേമ പെൻഷൻ, സാമ്പത്തിക പ്രതിസന്ധി, പൊലീസ് അതിക്രമങ്ങൾ, വന്യജീവി ആക്രമണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം സംസ്ഥാനവ്യാപകമായി പ്രതിഷേധ പരമ്പരകൾ തീർത്തിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ മലയോര സമര പ്രചാരണ ജാഥയും അടുത്തിടെയായിരുന്നു. ഏറ്റവുമൊടുവിൽ ആശാ വർക്കർമാരുടെ സമരത്തിലും പ്രതിപക്ഷം സജീവമാണ്. എന്നാൽ പ്രതിപക്ഷ സമരങ്ങൾ പ്രഹസനമാണെന്ന വാദത്തെ കൂടുതൽ ഉയർത്തിക്കാട്ടാൻ തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ എണ്ണക്കണക്ക് ഭരണപക്ഷം ആയുധമാക്കും.

എൽഡിഎഫിന് മൂന്ന് സീറ്റ് നഷ്ടമായത് ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചൂണ്ടിക്കാണിക്കുന്നു. ഇതുവരെ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫിന് സീറ്റുകൾ വർധിച്ചിട്ടുണ്ടെന്നും വാർത്താ കുറിപ്പിൽ അവകാശപ്പെടുന്നുണ്ട്. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനും അതിനുപിന്നാലെയുള്ള നിയമസഭാ തിരഞ്ഞെടുപ്പിനും വേണ്ടി വൻ തയാറെടുപ്പുകൾ നടത്തുന്നുവെന്നാണ് കോൺഗ്രസ് നേതാക്കൾ ആവർത്തിച്ച് അവകാശപ്പെടുന്നത്.

തിരുവനന്തപുരം നഗരസഭയിലെ ശ്രീവരാഹം വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഐയുടെ വി. ഹരികുമാർ 12 വോട്ടിനാണ് ജയിച്ചത്. ഹരികുമാർ 1358 വോട്ട് നേടിയപ്പോൾ ബിജെപിയുടെ മിനി ആർ 1346 വോട്ടുമായി രണ്ടാമതെത്തി. കോൺ​ഗ്രസിന്റെ ബി സുരേഷ് കുമാറിന് 277 വോട്ട് മാത്രമാണ് നേടാനായത്. പൂവച്ചൽ പഞ്ചായത്തിലെ പുളിങ്കോട് വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഐഎമ്മിന്റെ സെയ്ദ് സബർമതിയാണ് വിജയി. അതേസമയം, കരുംകുളം പഞ്ചായത്തിലെ കൊച്ചുപള്ളി വാ‍ർഡ് എൽഡിഎഫിന് നഷ്ടമായി. കോൺഗ്രസിൻ്റെ സേവ്യർ ജറോൺ ആണ് ഇവിടെ ജയിച്ചത്. പാങ്ങോട് പഞ്ചായത്തിലെ പുലിപ്പാറയിൽ എസ്ഡിപിഐയുടെ മുജീബ് പുലിപ്പാറ അട്ടിമറി വിജയം നേടി. സിറ്റിങ് സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തായി.

കൊല്ലം ജില്ലയിൽ ആറിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. നാലിടങ്ങളിൽ എൽഡിഎഫും രണ്ടിടത്ത് യുഡിഎഫും ജയിച്ചു. ആർക്കും സീറ്റ് നഷ്ടമില്ല. കൊട്ടാരക്കര നഗരസഭയിൽ കല്ലുവാതുക്കൽ വാ‍ർഡിൽ എൽഡിഎഫ് സ്ഥാനാർഥി മഞ്ജു സാം വിജയിച്ചു. കൊട്ടാരക്കര ബ്ലോക്കിലെ കൊട്ടറ എട്ടാം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി വത്സമ്മ തോമസ്, ക്ലാപ്പന പഞ്ചായത്തിൽ രണ്ടാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ജയാദേവി, കുലശേഖരപുരം പഞ്ചായത്തിലെ 18-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി പി സുരജാ ശിശുപാലൻ എന്നിവർ വിജയിച്ചു. അഞ്ചൽ ഇടമുളയ്ക്കൽ പഞ്ചായത്ത് പടിഞ്ഞാറ്റിൻകര വാർഡിൽ യുഡിഎഫിന്റെ ഷീജ ദിലീപ്, അഞ്ചൽ ബ്ലോക്ക് ഏഴാം ഡിവിഷനിൽ യുഡിഫ് സ്ഥാനാർഥി ഷെറിൻ അഞ്ചൽ എന്നിവരാണ് വിജയികൾ

പത്തനംതിട്ട നഗരസഭയിൽ വാശിയേറിയ മത്സരം നടന്ന കുമ്പഴ നോർത്ത് വാ‍ർഡിൽ എൽഡിഎഫ് സ്വതന്ത്ര ബിജിമോൾ മാത്യു മൂന്ന് വോട്ടിന് ജയിച്ചു. കഴിഞ്ഞ തവണ യുഡിഎഫ് വിമത ജയിച്ച വാർഡാണ് ഉപതിരഞ്ഞെടുപ്പിലൂടെ എൽഡിഎഫ് സ്വന്തമാക്കിയത്. അയിരൂർ പഞ്ചായത്തിൽ എൽഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്ന തടിയൂർ യുഡിഎഫ് പിടിച്ചെടുത്തു; പ്രീത ബി.നായർ ആണ് വിജയി. പുറമറ്റം പഞ്ചായത്ത് ഗ്യാലക്സി നഗർ വാ‍ർഡിൽ സിപിഐഎമ്മിന്റെ ശോഭിക ഗോപി ജയിച്ചു.

ആലപ്പുഴ കാവാലം പഞ്ചായത്ത് പാലോടം വാ‍ർഡിൽ എൽഡിഎഫിന്റെ മം​ഗളാനന്ദൻ വിജയിച്ചു. മുട്ടാർ പഞ്ചായത്ത് മിത്രക്കരി ഈസ്റ്റ് വാർഡിൽ യുഡിഎഫിന്റെ ബിൻസിയാണ് വിജയി. കോട്ടയം രാമപുരം പഞ്ചായത്തിലെ ഏഴാം വാർഡ് UDF നിലനിർത്തി. കോൺഗ്രസ് സ്ഥാനാർത്ഥി രജിത ടി ആർ 235 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ നഗരസഭ ഈസ്റ്റ് ഹൈസ്കൂൾ വാർഡ് മേരിക്കുട്ടി ചാക്കോയിലൂടെ യുഡിഎഫ് നിലനിർത്തി. അശമന്നൂർ പഞ്ചായത്ത് മേതല വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കോൺ​ഗ്രസിന്റെ എൻ.എം.നൗഷാദ് ആണ് വിജയി. പായിപ്ര പഞ്ചായത്ത് നിരപ്പ് വാ‍ർഡും എൽഡിഎഫിന് നഷ്ടമായി. കോൺ​ഗ്രസിന്റെ സുജാത ജോൺ ആണ് ജയിച്ചത്. ​പൈങ്ങോട്ടൂർപനങ്കര വാ‍ർഡിൽ അമൽ രാജിന്റെ വിജയത്തിലൂടെ പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിർത്തി.

തൃശൂർ ചൊവ്വന്നൂർ പഞ്ചായത്തിലെ മാന്തോപ്പ് പതിനൊന്നാം വാർഡിൽ ഷഹർബാന്റെ ജയത്തോടെ എൽഡിഎഫ് സീറ്റ് നിലനിർത്തി. പാലക്കാട് മുണ്ടൂർ പഞ്ചായത്തിലെ കീഴ്പാടം വാർഡും എൽഡിഎഫിനൊപ്പം തന്നെ നിന്നു. സിപിഐഎമ്മിലെ പി.ബി.പ്രശോഭ് ആണ് വിജയി. മലപ്പുറം ജില്ലയിൽ കരുളായി പഞ്ചായത്ത് 12ാം വാർഡ് ചക്കിട്ടാമല നിലനിർത്താനും തിരുന്നാവായ പഞ്ചായത്ത് എട്ടാം വാർഡ് എടക്കുളം ഈസ്റ്റ് എൽഡിഎഫിൽ നിന്ന് പിടിച്ചെടുക്കാനും യുഡിഎഫിന് കഴിഞ്ഞു.

കോഴിക്കോട് പുറമേരി പഞ്ചായത്ത് കുഞ്ഞല്ലൂർ വാർഡ് UDF പിടിച്ചെടുത്തു. കോൺ​ഗ്രസിന്റെ അജയൻ 20 വോട്ടിനാണ് എൽഡിഎഫ് സ്ഥാനാ‍ർഥിയെ പരാജയപ്പെടുത്തിയത്. കണ്ണൂർ പന്ന്യന്നൂർ പഞ്ചായത്ത് താഴെ ചമ്പാട് വാ‍ർഡ് എൽഡിഎഫ് നിലനിർത്തി. കാസർ​ഗോഡ് കോടോം ബേളൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി സൂര്യാഗോപാലൻ വിജയിച്ചു. മടിക്കൈ പഞ്ചായത്തിലെ എട്ടാം വാർഡ്, കയ്യൂർ ചീമേനി പഞ്ചായത്തിലെ ഏഴാം വാർഡ് പള്ളിപ്പാറയിലും എൽഡിഎഫ് സ്ഥാനാ‍ർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Story Highlights : local body byelection kerala 2025

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top