Advertisement

‘സർക്കാർ കണ്ണുതുറക്കാത്ത ദൈവമായി മാറി; ആശ വർക്കേഴ്സിന്റെ സമരത്തെ രാഷ്ട്രീയ അധികാരികൾ അധിക്ഷേപിച്ചു’; കെ കെ ശിവരാമൻ

February 26, 2025
2 minutes Read

ആശവർക്കേഴ്സിന്റെ സമരത്തിൽ സർക്കാരിനെ വിമർശിച്ച് സിപിഐ നേതാവ് കെ കെ ശിവരാമൻ. സർക്കാർ പി എസ് സി ചെയർമാനും മെമ്പർമാർക്കും ലക്ഷങ്ങൾ വാരിക്കോരി നൽകുന്നു. ആശാവർക്കേഴ്സിന് ശകാരവർഷമാണെന്നും കെ കെ ശിവരാമൻ വിർമശിക്കുന്നു. സർക്കാർ കണ്ണുതുറക്കാത്ത ദൈവമായി മാറിയത് കൊണ്ടാണ് അവർ സമരം ചെയ്യാൻ നിർബന്ധിതരായതെന്ന് അദേഹം ഫേസ്ബുക്കിൽ കുറിച്ചു.

നല്ല ശമ്പളമുള്ള ഹൈക്കോടതി പ്ലീഡർമാരുടെ ശമ്പളവും വർധിപ്പിച്ചു. എന്നിട്ടും ആശാവർക്കർമാർക്ക് അസഭ്യമെന്ന് കെ കെ ശിവരാമൻ പറയുന്നു. ഇത് ഇടതു സർക്കാരിന്റെ നയമാണോ എന്ന് അദേഹം ചോദിച്ചു. കണ്ണിൽ ചോരയില്ലാത്ത മനുഷ്യ സ്നേഹത്തിന്റെ കണിക പോലും ഇല്ലാത്ത നിലപാട് ഇടതുപക്ഷത്തിന് ഭൂഷണമല്ലെന്ന് കെ കെ ശിവരാമൻ ഫേസ്ബുക്കിൽ കുറിച്ചു.

സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ വർക്കേഴ്സിന്റെ സമരത്തെ വീണ്ടും അധിക്ഷേപിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. സമരക്കാരെ തെറ്റിദ്ധരിപ്പിച്ചെന്നും സമരം ചെയ്യുന്നത് ഈർക്കിൽ സംഘടനയാണെന്നും എളമരം കരീം പറഞ്ഞു. ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കിയുള്ള സമരം അംഗീകരിക്കാൻ കഴിയില്ലെന്നും എളമരം കരീം പറഞ്ഞു.

Read Also: വേതന വർധനവ്; ആശാ വർക്കേഴ്സ് സമരം 17-ാം ദിവസത്തിലേയ്ക്ക്

കെ കെ ശിവരാമന്റെ ഫേസ്ബുക്ക് കുറിപ്പ്

സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് എൻ എച്ച് എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ അന്ത്യശാസന നൽകി കഴിഞ്ഞു ഉടൻ ജോലിയിൽ പ്രവേശിക്കണം ഇല്ലെങ്കിൽ ഫലം വ്യക്തം, ജോലിയിൽ നിന്ന് പിരിച്ചുവിടും. ആശാവർക്കർമാരുടെ വേതനം 7000 രൂപയാണ്. അതിത്തിരി വർദ്ധിപ്പിക്കണം എന്നാണ് അവർ ആവശ്യപ്പെട്ടത്. സർക്കാർ കണ്ണുതുറക്കാതെ ദൈവമായി മാറിയപ്പോഴാണ് തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ആരംഭിക്കാൻ അവർ നിർബന്ധിതരായത്. സമരത്തെ എങ്ങനെയൊക്കെയാണ് രാഷ്ട്രീയ അധികാരികൾ അധിക്ഷേപിച്ചത്. മൂന്നാറിൽ നടന്ന പെൺകൾ ഒരുമൈ സമരത്തോട് ചിലർ വിശേഷിപ്പിച്ചു . പക്ഷേ അവർ മറന്നുപോയ ഒരു കാര്യമുണ്ട് പെൺകൾ ഒരുമൈ സമരത്തിൽ പങ്കെടുത്തവർ സിഐടിയു, എഐടിയുസി, ഐഎൻടിയുസി, അംഗങ്ങളുടെ കുടുംബത്തിലെ സ്ത്രീകളുമായിരുന്നു.

വിധ്വംശക ശക്തികളാണ് ആശാവർക്കർമാരെ സമരത്തിലേക്ക് തള്ളിവിട്ടത് എന്ന്, ചില രാഷ്ട്രീയ യജമാനന്മാർ പ്രചരിപ്പിക്കുന്നു. പ്രതിമാസം 7000 രൂപ വരുമാനമുള്ള, അതിരാവിലെ മുതൽ ഇരുളുവോളം ജോലി ചെയ്യുന്നവരാണ് ആശാവർക്കർമാർ. അവരുടെ നേരെ കണ്ണു തുറക്കാത്ത സർക്കാർ, പ്രതിമാസം ലക്ഷങ്ങൾ ശമ്പളവും, സർവ്വ ആനുകൂല്യങ്ങളും വാങ്ങി രാജകീയമായി ജീവിക്കുന്ന പി എസ് സി ചെയർമാനും മെമ്പർമാർക്കും വീണ്ടും ലക്ഷങ്ങൾ വാരിക്കോരി കൊടുക്കുന്നു. ഇത് ഇടതുപക്ഷ നയമാണോ? നല്ല ശമ്പളമുള്ള ഹൈക്കോടതി പ്ലീഡർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും നല്ലതുപോലെ വർദ്ധിപ്പിച്ചു. പക്ഷേ ആശാവർക്കർമാർക്ക് പുലയാട്ട്. കണ്ണിൽ ചോരയില്ലാത്ത മനുഷ്യസ്നേഹത്തിന്റെ ഒരു കണിക പോലും ഇല്ലാത്ത ഈ നിലപാട് ഇടതുപക്ഷത്തിന് ഭൂഷണമല്ല.

Story Highlights : K.K Sivaraman criticised government on the strike of Asha workers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top