നിലമ്പൂർ ചോളമുണ്ടയിൽ ചരിഞ്ഞ ‘കസേര കൊമ്പന്റെ’ ദേഹത്ത് വെടിയുണ്ട

മലപ്പുറം നിലമ്പൂർ ചോളമുണ്ടയിൽ ചരിഞ്ഞ കാട്ടാന കസേര കൊമ്പന്റെ ജഡത്തിൽ നിന്ന് വെടിയുണ്ട കണ്ടെത്തി. വെറ്റിനറി സർജന്മാരടക്കം നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ഒരു വെടിയുണ്ട കണ്ടെത്തിയത്. കരുളായി വനത്തിലായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ നടന്നത്. വെടിയുണ്ടയുടെ പഴക്കം കണക്കാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനായി വെടിയുണ്ട ബാലസ്റ്റിക് പരിശോധനയ്ക്ക് അയക്കും. ആനയുടെ മരണകാരണം ഹൃദയാഘാതമെന്നായിരുന്നു വനം വകുപ്പ് വ്യക്തമാക്കിയിരുന്നത്.
കസേര കൊമ്പൻ നിലമ്പൂരിലെ ചോളമുണ്ടയിൽ എത്തുന്നതിന് മുന്നേ തമിഴ്നാട് വനമേഖലയിലായിരുന്നുവെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. അതുകൊണ്ടുതന്നെ വെടിയേറ്റത് തമിഴ്നാട്ടിൽ നിന്നാണോ കേരളത്തിൽ നിന്നാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കാട്ടാനയുടെ മരണകാരണം ഹൃദയാഘാതമെന്ന് പറയുമ്പോഴും ആനയുടെ ദേഹത്ത് മുറിവുകൾ ഉണ്ടായിരുന്നു. ആനയുടെ പ്രായാധിക്യവും പഴയ മുറിവുകളുമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Also: ശബരിമല റോപ് വേ പദ്ധതിക്ക് ഭൂമി വിട്ടുനൽകാമെന്ന് വനം വകുപ്പ്; വൈൽഡ് ലൈഫ് ബോർഡിന്റെ ശിപാർശ തേടും
അതേസമയം, കാട്ടാന സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ വീണായിരുന്നു ചരിഞ്ഞത്. ആനയ്ക്ക് കയറി പോകാവുന്ന വലിപ്പമേ കുഴിക്ക് ഉണ്ടായിരുന്നുള്ളൂവെങ്കിലും പുറത്തേക്ക് കടക്കാൻ സാധിച്ചിരുന്നില്ല. ചോളമുണ്ട ഇഷ്ടിക കളത്തിനോട് ചേർന്ന ഖാദർ എന്നയാളുടെ സ്ഥലത്താണ് പുലർച്ചെ നാലുമണിയോടെ ആനയെ ചരിഞ്ഞ നിലയിൽ കണ്ടത്. രണ്ടുമാസത്തിലേറെയായി ജനവാസ മേഖലയിൽ തമ്പടിച്ച ആനയായിരുന്നു കസേര കൊമ്പൻ. 40 വയസ്സോളം പ്രായമുണ്ടെന്നാണ് കണക്കാക്കുന്നത്. കൊമ്പിന്റെ ആകൃതി കൊണ്ടാണ് കസേര കൊമ്പൻ എന്ന വിളിപ്പേര് വന്നത്.
Story Highlights : Bullet in the body of ‘Kasera Kompan’ which was tilted in Nilambur Cholamunda
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here