കഴിഞ്ഞ വര്‍ഷവും കേരളത്തില്‍ നടന്നത് മുന്നൂറിലേറെ കൊലകള്‍, 1101 വധശ്രമങ്ങള്‍; പലതും അതിക്രൂരം; വില്ലന്‍ ലഹരിയോ?

കേരളത്തില്‍ കൂട്ടക്കൊലപാതകങ്ങളും അക്രമപരമ്പരകളും ദിനംപ്രതി വര്‍ധിക്കുകയാണ്. എന്താണ് ദൈവത്തിന്റെ സ്വന്തം നാടിന് സംഭവിക്കുന്നത്? എങ്ങോട്ടാണ് നമ്മുടെ സമൂഹത്തിന്റെ പോക്ക്? അക്രമ മനോഭാവത്തില്‍ നിന്ന് ജനതയെ പിന്തിരിപ്പിക്കാന്‍ എന്താണ് മാര്‍ഗം? ഇനിയുമീ ചോരക്കളി തുടരുമോ?
കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്ത് നടന്ന ഉന്നതലയോഗത്തില്‍ സംസ്ഥാനത്ത് കൊലപാതകങ്ങള്‍ കുറഞ്ഞുവരുന്നു എന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കണക്കുകള്‍ നിരത്തിയിരുന്നു. ഈ അവകാശവാദത്തിന്റെ മഷിയുണങ്ങും മുന്‍പ് പൊലീസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടില്‍ അരുംകൊലകളുടെ പരമ്പരയാ് കേരളം കണ്ടത്. കൊല്ലപ്പെട്ടത് അഞ്ചുപേരാണ്. കൊലപാതകി ഇരുപത്തിമൂന്നുകാരനും. (Kerala murders in 2024)
കഴിഞ്ഞവര്‍ഷം കേരളത്തില്‍ നടന്നത് 335 കൊലപാതകങ്ങളെന്നാണ് പൊലീസ് കണക്കുകള്‍. 352 കൊലപാതകങ്ങള്‍ നടന്ന 2023-മായി താരതമ്യം ചെയ്താണ് പൊലീസിന്റെ ഈ വാദം. 2016 മുതല്‍ 2024 വരെയുള്ള കണക്കെടുത്താല്‍ 2018-ല്‍ മാത്രമാണ് മൂന്നൂറില്‍ താഴെ കൊലപാതകങ്ങള്‍ രേഖപ്പെടുത്തിയത്. 2024-ലെ കൊലപാതക ശ്രമങ്ങളുടെ എണ്ണം കേട്ടാല്‍ പൊതുസമൂഹം ഞെട്ടും, 1101 മനുഷ്യരെ കൊന്നുകളയാന്‍ ശ്രമം നടന്നു. രണ്ടുമാസത്തിനിടെ കേരളം സാക്ഷ്യംവഹിച്ചത് അതിക്രൂര മൂന്ന് കൂട്ടക്കൊലകള്‍ക്ക്. നരാധമന്‍മാരായ ചെന്താമരയുടേയും ഋതു ജയന്റേയും പേരുകള്‍ മറക്കുന്നതിന് മുന്നേ, മറ്റൊരു കൊലയാളിയുടെ പേരുകൂടി, അഫാന്‍.
രണ്ടായിരത്തി ഒന്നില്‍ സംഭവിച്ച ആലുവ കൂട്ടക്കൊലയായിരുന്നു ഏറെനാള്‍, കേരളസമൂഹത്തിന് മുന്നിലുണ്ടായിരുന്ന അതിക്രൂര കൂട്ടക്കൊല. ഒരു കുടുംബത്തിലെ ആറുപേരെ ക്രൂരമായി കൊലപ്പെടുത്തിയ ആന്റണിയിന്ന് ജീവപര്യന്തം ശിക്ഷയനുഭവിച്ച് ജയിലിലാണ്. ആലുവ കൂട്ടക്കൊല നടന്ന് 23 വര്‍ഷം പിന്നിടുമ്പോള്‍, മലയാളമണ്ണില്‍ കൂട്ടക്കൊലപാതക വാര്‍ത്തകള്‍ പതിവായി മാറിയിരിക്കുന്നു. കൊലപാതകങ്ങളുടെ പാറ്റേണ്‍ മാറി. പണം മാത്രം ലക്ഷ്യമാക്കിയുള്ള മോട്ടീവുകളില്‍ നിന്ന് കുടുംബ പകയും പ്രണയപ്പകയും ജീവനെടുക്കുന്ന നാളുകളിലേക്ക് കേരളം മാറിയിരിക്കുന്നു. ഒരുകാലത്ത് രാഷ്ട്രീയ കൊലപാതകങ്ങളായിരുന്നു കേരളത്തെ രക്തത്തില്‍ മുക്കിയത്. എന്നാല്‍, രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഗണ്യമായ കുറവുവരുത്താന്‍ രാഷ്ട്രീയകക്ഷികള്‍ക്ക് സാധിച്ചു. കൂടത്തായിയും പിണറായി കൂട്ടക്കൊലപാതകങ്ങളും പോലുള്ള ആസൂത്രിക കൂട്ടക്കൊലകളുടെ വാര്‍ത്തകള്‍ കൃത്യമായ ഇടവേളകളില്‍ പ്രത്യക്ഷപ്പെടുന്നു.
പതിനാല് വര്‍ഷമെടുത്ത് ഒരു കുടുംബത്തിലെ ആറുപേരെ കൊന്നുകളഞ്ഞു കൂടത്തായിയില്‍ ജോളി ജോസഫ്. 2002 മുതല്‍ 2016 വരെ നടന്ന ഈ കൊലപാതങ്ങള്‍ തെളിയാന്‍ 2019 വരെ കാത്തിരിക്കേണ്ടിവന്നു. സമാനരീതിയില്‍ മറ്റൊരു കൂട്ടക്കൊലപാതക വാര്‍ത്ത കേരളത്തെ പിടിച്ചുകുലുക്കിയത് 2012ല്‍. ആദ്യം രണ്ട് മക്കളെ വിഷം കൊടുത്തുകൊന്നു. പിന്നാലെ അച്ഛനേയും അമ്മയേയും കൊന്നു. പ്രതി പടന്നക്കര സ്വദേശി സൗമ്യ. ഏറെ കോളിളക്കം സൃഷ്ടിച്ച കേസ്. ഒടുവില്‍ സൗമ്യ ജയിലില്‍ തൂങ്ങിമരിച്ചു. ഇരുകേസുകളിലും ഒരു കൊലപാതകം കഴിഞ്ഞ് മറ്റൊന്ന് നടത്താന്‍ പ്രതികള്‍ ഒരിടവേള എടുത്തിരുന്നു. എന്നാല്‍, പിന്നീട് നടന്നതൊന്നും അങ്ങനെയല്ല. 2014-ല്‍ ആറ്റിങ്ങല്‍ ഇരട്ടക്കൊല. ആലങ്കോട് സ്വദേശി അനുശാന്തിയും ആണ്‍സുഹൃത്ത് നിനോ മാത്യുവും പ്രതികള്‍. കൊലപ്പെടുത്തിയത് അനുശാന്തിയുടെ നാല് വയസുകാരി മകളേയും ഭര്‍തൃമാതാവിനേയും.സാത്താന്‍ സേവ നടത്താന്‍ മാതാപിതാക്കളേയും സഹോദരിയേയും ബന്ധുവിനേയും കൊന്നു കത്തിച്ചു കേഡല്‍ ജിന്‍സണ്‍ രാജ. സംഭവം 2017-ല്‍ തിരുവനന്തപുരം നന്ദന്‍കോട്. കേരളം അതുവരെ കേട്ടിട്ടില്ലാത്ത കൊലപാതകമായിരുന്നു അത്. അടുത്തത് ഇലന്തൂര്‍ നരബലി. ഭയപ്പെടുത്തുന്നതായിരുന്നു ആ വാര്‍ത്ത. രണ്ട് സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തിയത് 2022-ല്‍. കുപ്രസിദ്ധ കുറ്റവാളി മുഹമ്മദ് ഷാഫിയും പത്തനംതിട്ട സ്വദേശികളായ ഭഗവല്‍സിങ്, ഭാര്യ ലൈല എന്നിവര്‍ പ്രതികള്‍.
ചേന്ദമംഗലത്ത് മൂന്നുപേരെ വീട്ടില്‍ കയറി തലയ്ക്കടിച്ച് കൊന്നത് കുരുന്നുകളുടെ മുന്നിലിട്ട്. പ്രതി ചേന്ദമംഗലം കണിയാപ്പറമ്പില്‍ ഋതു ജയന്‍. അമ്മയെ തലയ്ക്കടിച്ചു കൊല്ലുന്നത് കണ്ട് നില്‍ക്കേണ്ടിവന്ന ആറാംക്ലാസുകാരിയും ഒന്നാം ക്ലാസുകാരിയും കടന്നുപോകുന്ന മാനസികാവസ്ഥ എന്തെന്ന് വിവരിക്കാന്‍ വാക്കുകളില്ല. പാലക്കാട് നെന്‍മാറയിലെ ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടലിപ്പോഴും മാറിയിട്ടില്ല കേരളത്തിന്. പോത്തുണ്ടിയിലെ ലക്ഷ്മിയേയും, മകന്‍ സുധാകരനേയും കൊലപ്പെടുത്തിയത് ചെന്താമര. 2019-ല്‍ സുധാകരന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന ചെന്താമര, കേസില്‍ ജാമ്യത്തിലിറങ്ങിയാണ് ക്രൂര കൃത്യം ചെയ്തത്. താമരശ്ശേരിയില്‍ കിടപ്പുരോഗിയായ അമ്മയെ മകന്‍ വെട്ടിക്കൊന്നതും പതിനഞ്ചുകാരന്‍ പതിനേഴുകാരനെ തലയ്ക്കടിച്ചു കൊന്നതും ഈ വര്‍ഷമാദ്യം കേരളം കണ്ടു.
കോട്ടയത്ത് കെവിനേയും പാലക്കാട് അനീഷിനെയും കൊന്നുതള്ളിയ ദുരഭിമാന കൊലകള്‍, ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചുകൊന്ന സൂരജിന്റെ ക്രൂരത. കേട്ടുകേള്‍വിയില്ലാത്ത പലതരം കൊലപാതക വാര്‍ത്തകള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നമ്മളിങ്ങനെ കേട്ടുകൊണ്ടേയിരിക്കുന്നു. ആത്മാര്‍ത്ഥമായും തോന്നുന്നില്ലേ, കേരളത്തിന് ഇതെന്തുപറ്റിയെന്ന് ?അക്രമവാസനയും അരാജകത്വവും കൊടികുത്തിവാഴുന്ന സമൂഹമായി കേരളം മാറുകയാണോ?. സിന്തറ്റിക് ഡ്രഗുകള്‍ കേരളത്തിലേക്കെത്തുന്ന വഴിയടക്കേണ്ടതുണ്ട്. യുവതയുടെ മാറുന്ന ചിന്താഗതികളെ പരിഗണിക്കേണ്ടതുണ്ട്. പൊലീസ് കാര്യക്ഷമമാകേണ്ടതുണ്ട്.
Story Highlights : Kerala murders in 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here