നടുക്കടലിൽ നടക്കുന്ന ഫാന്റസി അഡ്വെഞ്ചറുമായി ജി.വി പ്രകാശ് കുമാറിന്റെ കിങ്സ്റ്റൻ

ഇന്ത്യയിലെ ആദ്യത്തെ ‘സീ ഫാന്റസി അഡ്വഞ്ചർ ചിത്രം’ എന്ന പെരുമയുമായി പ്രദർശനത്തിനെത്തുന്ന തമിഴ് ചിത്രം കിങ്സ്റ്റന്റെ ട്രെയ്ലർ എത്തി. നടനും സംഗീത സംവിധായകനും ആയ ജി.വി പ്രകാശ് കുമാർ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കമൽ പ്രകാശ് ആണ്.
ട്രെയിലറിൽ വർഷങ്ങളായി ദുഖവും ദുരിതവും വേട്ടയാടുന്ന ഒരു തീരദേശ വാസികളുടെ ജീവിതമാണ് കാണിച്ചിരിക്കുന്നത്. ശപിക്കപ്പെട്ട ആ നാടിനെ ദുരിതങ്ങളിൽ നിന്ന് കരകയറ്റാൻ നിയോഗിക്കപ്പെട്ട നായകൻറെ കഥയാണ് കിങ്സ്റ്റൻ. ചിത്രത്തിന്റെ പകുതിയോളം കഥ നടക്കുന്നത് ഉൾക്കടലിൽ ആണെന്നാണ് ട്രെയ്ലർ സൂചിപ്പിക്കുന്നത്. പൈറേറ്റ്സ് ഓഫ് ദി കരീബിയൻ ചിത്രങ്ങളെ ഓർമിപ്പിക്കുന്ന വിധത്തിൽ കടലിൽ നിന്ന് കപ്പലിലേക്ക് കയറി വരുന്ന പിശാചുക്കളുമായുള്ള നായകന്റെയും കൂട്ടരുടെയും പോരാട്ടം ആണ് ചിത്രത്തിന്റെ പ്രമേയം.

ജി.വി പ്രകാശ് തന്നെ സംഗീതം നൽകുന്ന ഗാനങ്ങൾക്ക് വരികളെഴുതുന്നത് യുഗഭാരതി, അരുൺരാജാ കാമരാജ, കാർത്തിക്ക് നേത, അറിവ് എന്നിവർ ചേർന്നാണ്. സീ സ്റ്റുഡിയോസിന്റെയും പാരലൽ യൂണിവേഴ്‌സ് പിക്ചേഴ്സിന്റെയും ബാനറുകളിൽ ജി.വി പ്രകാശും, ഉമേഷ് കെ.ആർ ബൻസലും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ജിവി പ്രകാശിനൊപ്പം, ദിവ്യഭാരതി, ചേതൻ, അഴകം പെരുമാൾ, ഇളങ്കോ കുമാരവേൽ, സാബുമോൻ അബുസ്സമദ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. ഗോകുൽ ബിനോയ് ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് സാൻ ലോകേഷാണ്. ചിത്രം മാർച്ച് 7 ന് തിയറ്ററുകളിലെത്തും.
Story Highlights :G.V Prakash Kumar’s sea fantasy adventure ‘kingston’s trailer is out now
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here