അടുത്ത് തന്നെ സിനിമ ഉപേക്ഷിച്ചേക്കും ; സംവിധായകൻ മിഷ്കിൻ

താൻ അടുത്ത് തന്നെ സിനിമ ഉപേക്ഷിച്ചേക്കും എന്ന് സംവിധായകനും നടനുമായ മിഷ്കിൻ. സിനിമയിൽ നിന്ന് പോകാനാണ് താനിപ്പോൾ ആഗ്രഹിക്കുന്നതെന്നും, സിനിമയിൽ നിന്ന് തനിക്ക് സന്തോഷം ലഭിച്ച കാലമൊക്കെ കഴിഞ്ഞു എന്നും മിഷ്കിൻ പറഞ്ഞു. നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്ത മിഷ്കിൻ അടുത്ത കാലത്തായി അഭിനയത്തിലേക്ക് ചേക്കേറിയിരിക്കുകയായിരുന്നു.
“ഇപ്പൊ എല്ലാവർക്കും മത്സരബുദ്ധി മാത്രമേ ഉള്ളു, ഞാൻ വളരെ സന്തോഷിച്ചൊന്നും അല്ല സിനിമ എടുക്കുന്നത്. അത്രയധികം സമ്മർദ്ദമാണ് ഒരു സിനിമ സംവിധാനം ചെയ്യുന്ന ഓരോ സംവിധായകനും നേരിടുന്നത്. തമിഴിലെ ശ്രദ്ധേയ സംവിധായകനും മിഷ്‌കിന്റെ അടുത്ത സുഹൃത്തുമായ റാം സംവിധാനം ചെയ്യുന്ന ‘പറന്ത് പോ’ എന്ന ചിത്രത്തിന്റെ ലോഞ്ചിൽ വെച്ചായിരുന്നു മിഷ്‌കിന്റെ വെളിപ്പെടുത്തൽ.

അഞ്ചാതെ, പിസാസ്, തുപ്പരിവാളൻ, സൈക്കോ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് മുഖ്യധാര സംവിധായകരുടെ നിരയിലേക്ക് മിഷ്കിൻ എത്തി. സംവിധാനം ചെയ്ത് അഭിനയിച്ച നന്ദലാല എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് കടക്കുന്നത്. ദളപതി വിജയ്‌യുടെ ലിയോ, പ്രദീപ് രംഗനാഥന്റെ ഡ്രാഗൺ എന്നീ ചിത്രങ്ങളിലെ മിഷ്‌കിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു.
ഡ്രാഗണിന്റെ ഓഡിയോ ലോഞ്ചിലും താൻ സിനിമ വിട്ട് പോകാൻ ആഗ്രഹിക്കുന്നതായി മിഷ്കിൻ അഭിപ്രായപ്പെട്ടിരുന്നു. എങ്കിലും സിനിമ തന്നെ ഉപേക്ഷിക്കണമോ അതോ സംവിധാനത്തിൽ നിന്ന് മാത്രമായി പിൻവാങ്ങാനാണോ അദ്ദേഹത്തിന്റെ പദ്ധതിയെന്ന് വ്യക്തമല്ല. വിജയ് സേതുപതി നായകനാകുന്ന ‘ട്രെയിൻ’, ആൻഡ്രിയ ജെറമിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പിസാസ് 2 എന്നിവയാണ് മിഷ്‌കിന്റെ സംവിധാനത്തിൽ ഉടനെത്തുന്ന ചിത്രങ്ങൾ.
Story Highlights :I may quit the film soon, I am not happy; Director Mysskin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here