ട്യൂഷൻ സെൻ്ററിലെ ഫെയർവെല്ലിനിടെ കൂക്കിവിളി; താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾ ഏറ്റുമുട്ടി; ഒരാളുടെ നില ഗുരുതരം

താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ പത്താം ക്ലാസുകാരന് ഗുരുതര പരുക്ക്. തലയ്ക്ക് ക്ഷതമേറ്റ കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിലാണ്. താമരശ്ശേരിയിലെ ട്യൂഷൻ സെന്ററിൽ പത്താം ക്ലാസ്സുകാരുടെ ഫെയർവെൽ പരിപാടിയെ തുടർന്നാണ് സംഘർഷമുണ്ടായത്.
എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ഡാൻസ് കളിക്കുന്നതിനിടെ പാട്ടുവെച്ചിരുന്ന മൊബൈൽ ഫോൺ ഓഫ് ആയി. ഡാൻസ് തടസപ്പെട്ടതോടെ താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ കൂകി വിളിച്ചു. ഇതോടെ വാക്കേറ്റവും സംഘർഷവും ഉണ്ടായി. അധ്യാപകർ ഇടപെട്ട് പരിപാടി അവസാനിപ്പിച്ച് എല്ലാവരെയും പിരിച്ചു വിട്ടു. പിന്നീട് എം ജെ സ്കൂളിലെ വിദ്യാർത്ഥികൾ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും താമരശ്ശേരി സ്കൂളിലെ കുട്ടികൾക്ക് തിരിച്ചടി നൽകാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.
Read Also: മതവിദ്വേഷ പരാമർശക്കേസ്; പിസി ജോർജിന് ജാമ്യം
തുടർന്ന് വ്യാഴാഴ്ച വൈകിട്ട് ട്യൂഷൻ സെന്ററിന് സമീപത്ത് വച്ചായിരുന്നു സംഘർഷം. സംഘർഷത്തിൽ എം ജെ സ്കൂളിലെ വിദ്യാർത്ഥിയും താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇഖ്ബാലിന്റെ മകനുമായ മുഹമ്മദ് ഷഹബാസിന് ആണ് ഗുരുതരമായി പരുക്കേറ്റത്.
ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥി അല്ലാത്ത ഷഹബാസിനെ, കൂട്ടുകാർ ചേർന്ന് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തലച്ചോറിന് 70% ക്ഷതമേറ്റ കുട്ടി കോമയിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. സംഭവത്തിൽ നാല് വിദ്യാർത്ഥികളെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
Story Highlights : Students clash in Thamarassery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here