Advertisement

ഒന്നിനും പണം തികയുന്നില്ല; 100 കോടി ഇന്ത്യക്കാർ സാമ്പത്തിക ഞെരുക്കത്തിലെന്ന് റിപ്പോർട്ട്

February 28, 2025
1 minute Read
FINANCIAL CRISIS

ശമ്പളം കിട്ടിയാൽ നൂറുകൂട്ടം ചെലവാണ്… കുട്ടികളുടെ ഫീസ്… മാതാപിതാക്കളുടെ മരുന്ന്… വീട്ടിലേക്കുള്ള സാധനങ്ങൾ, അങ്ങനെയെങ്ങനെ.. പത്താം തീയതി ആകുമ്പോഴേക്കും പോക്കറ്റ് കാലിയാകും. ഈ ബാധ്യതകളൊക്കെ കഴിഞ്ഞ് ജീവിതമൊന്ന് ആഘോഷിക്കാൻ എവിടെ പണമെന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കിൽ അതത്ര അസാധാരണമല്ല… ഇന്ത്യയിൽ 100 കോടി മനുഷ്യർ, അതായത് ജനസംഖ്യയിൽ ബഹുഭൂരിപക്ഷവും ഈ അവസ്ഥയിലൂടെ കടന്നുപോകുന്നുവെന്നാണ് വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ ബ്ലൂം വെഞ്വേഴ്സിൻ്റെ പഠനം.

140 കോടിയിലേറെ ജനങ്ങളുള്ള രാജ്യത്ത് നൂറു കോടി ആളുകൾക്കും അത്യാവശ്യ കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ പിന്നൊന്നിനും പണം തികയുന്നില്ല. നിത്യചെലവുകൾക്ക് അപ്പുറത്തേക്ക്, എല്ലാം സ്വപ്നമായി തുടരുന്നുവെന്നാണ് സ‍ർവേയിൽ പറയുന്നത്. രാജ്യത്ത് സാമ്പത്തിക അന്തരം അസാധാരണമായി കൂടുന്നു. സമ്പത്ത് കുറച്ച് ആളുകളിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നതിനാൽ വാങ്ങൽ ശേഷിയുള്ളവരുടെ എണ്ണം കുറയുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിലെ ഉപഭോക്തൃ സമൂഹം, അതായത് സ്റ്റാർട്ടപ്പുകളും ബിസിനസുകാരുമൊക്കെ ലക്ഷ്യമിടുന്ന വിപണിയിലെ വാങ്ങൽശേഷിയുള്ളവർ 13 മുതൽ 14 കോടി വരെ മാത്രമാണ്. ഇന്ത്യൻ ജനസംഖ്യയുടെ 10 ശതമാനം പോലും ആളുകളില്ലാത്ത മെക്സികോയുടെ ഉപഭോക്തൃ സമൂഹത്തിന് തുല്യമാണത്. ഇന്ത്യയിൽ മൂന്ന് കോടി ആളുകൾ ഭാവിയിൽ വാങ്ങൽശേഷി കൈവരിച്ചേക്കാം. ഇവർ പഴ്സ് തുറക്കാൻ തുടങ്ങിയിട്ടേയുള്ളൂ. ചെലവഴിക്കൽ നിയന്ത്രിതമാണ്. ഡിജിറ്റൽ പേമെന്റ് സു​ഗമമായത് ഇത്തരക്കാരെ പണം ചെലവഴിക്കാൻ പ്രേരിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ സ്ഥിതിവിശേഷം രാജ്യത്തെ കൺസ്യൂമർ മാർക്കറ്റിൽ ചില മാറ്റങ്ങൾക്ക് ഇടയാക്കുന്നുണ്ട്. കമ്പനികൾ പ്രീമിയം ഉത്പന്നങ്ങളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നതാണ് അതിൽ പ്രധാനം. അതായത് സമ്പന്നരെ മാത്രം ലക്ഷ്യമിട്ടുള്ള വിലപിടിപ്പുള്ള ഉത്പനങ്ങളിലേക്ക് ബ്രാൻഡുകൾ മാറുന്നു. ഉദാഹരണത്തിന് ഇന്ത്യയിൽ വിലകുറഞ്ഞതോ, ഇടത്തരമോ ആയ സ്മാർട്ട്ഫോണുകൾ വിപണിയിൽ പ്രതിസന്ധി നേരിടുമ്പോഴും അവയുടെ ഉയർന്ന വേരിയന്റുകൾ അവതരിപ്പിക്കാൻ കമ്പനികൾക്ക് ഉത്സാഹമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. നിർമാണമേഖലയുടെ കാര്യമെടുത്താൽ, ഇന്ത്യയിൽ നേരത്തെ 40 ശതമാനവും മധ്യവർ​ഗത്തെ ലക്ഷ്യമിട്ടുള്ള വീടുകളാണ് നിർമിച്ചിരുന്നതെങ്കിൽ ഇന്ന് അത് 18 ശതമാനമായി കുറഞ്ഞിരിക്കുന്നു. ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് ഉപഭോക്താക്കൾ കുറവാണെങ്കിലും വില്പന കൂടുന്നു.

റിപ്പോർട്ടിൽ പരാമർശിക്കുന്ന ഡാറ്റ അനുസരിച്ച് രാജ്യത്ത് സമ്പത്തിന്റെ 57.7 ശതമാനവും കേന്ദ്രീകരിച്ചിരിക്കുന്നത് 10 ശതമാനും ആളുകളിലാണ്. 1990ൽ ഇത് 34 ശതമാനം മാത്രമായിരുന്നു. താഴേക്കിടയിലുള്ളവരുടെ സമ്പദ് വിഹിതം 1990ലെ 22.2 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുറഞ്ഞിരിക്കുന്നു. കോവിഡിന് ശേഷം സമ്പന്നർ അതിവേ​ഗം തിരിച്ചുവരികയും പാവപ്പെട്ടവർ കൂടുതൽ പ്രതിസന്ധിയിലാവുകയും ചെയ്തെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര സ‍ർക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമർശിക്കാൻ റിപ്പോർട്ട് ആയുധമാക്കുകയാണ് പ്രതിപക്ഷം. കോർപ്പറേറ്റ് ചങ്ങാത്ത നയത്തിൽ നിന്ന് സാമൂഹിക ശാക്തീകരണത്തിലേക്ക് സർക്കാർ നയങ്ങൾ മാറണമെന്ന് കോൺ​ഗ്രസ് നേതാവ് ജയറാം രമേശ് എക്സിൽ പങ്കുവെച്ച പ്രസ്താവനയിൽ പറയുന്നു.

Story Highlights : survey shows 100 crore indians are in financial crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top