Advertisement

മേൽപ്പാലങ്ങളുടെ അടിവശം സൗന്ദര്യവത്കരിക്കുന്ന വീ പാർക്ക് പദ്ധതി തുടങ്ങി; മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

March 1, 2025
3 minutes Read
P A Muhammed riyas inaugurated We park project

ഡിസൈൻ പോളിസിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഇടങ്ങളിലുള്ള മേല്‍പ്പാലങ്ങളുടെ അടിവശം സൗന്ദര്യവത്ക്കരിക്കുന്ന ‘വീ’ പാര്‍ക്ക് പദ്ധതിയുടെ ഉദ്ഘാടനം ടൂറിസം മന്ത്രി പി എ. മുഹമ്മദ് റിയാസ് കൊല്ലത്ത് നിര്‍വഹിച്ചു. കൊല്ലം എസ് എന്‍ കോളേജ് ജംഗ്ഷന് സമീപം മേല്‍പ്പാലത്തിന് അടിയിലാണ് സംസ്ഥാനത്തെ ആദ്യ വീ പാര്‍ക്ക് നിര്‍മ്മിച്ചത്. ( P A Muhammed riyas inaugurated We park project)

പരീക്ഷണാടിസ്ഥാനത്തില്‍ കൊല്ലത്ത് ആദ്യമായി നടപ്പിലാക്കിയ ‘വീ’ പാര്‍ക്ക് പദ്ധതിയിലൂടെ ടൂറിസം ഭൂപടത്തില്‍ മനോഹരമായ മറ്റൊരിടം കൂടി അടയാളപ്പെടുത്തുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഡിസൈന്‍ പോളിസി നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഉപയോഗ ശൂന്യമായ പ്രദേശത്തെ ജനസൗഹൃദ-മാതൃകാ പൊതുയിടമായി മാറ്റിയെടുത്തത്.

സംസ്ഥാനത്തെ കെട്ടിടങ്ങള്‍, പാലങ്ങള്‍, റോഡുകള്‍, സൈനേജുകള്‍ മുതലായവയുടെ രൂപകല്പന സംബന്ധിച്ചുള്ള സമഗ്ര നയമാണ് ഡിസൈന്‍ പോളിസി. കേരളത്തിന്റെ സമ്പദ്ഘടനയില്‍ ഗുണപരവും കാലോചിതവുമായ മാറ്റം വരുത്താന്‍ ഇതിലൂടെ സാധിക്കും. ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം കേരളത്തെ ഒരു ആഗോള ഡിസൈന്‍ ഹബ്ബായി അടയാളപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: ‘കുട്ടിയും തെറ്റായി പെരുമാറി’; ലൈംഗിക അതിക്രമത്തിന് ഇരയായ മൂന്ന് വയസുകാരിയെക്കുറിച്ച് മോശം പരാമര്‍ശം; തമിഴ്‌നാട്ടിലെ കളക്ടര്‍ക്കെതിരെ നടപടി

ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചു റാണി, എന്‍.കെ. പ്രേമചന്ദ്രന്‍ എംപി, കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ ഹണി ബെഞ്ചമിന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥികളായി. ചടങ്ങില്‍ എം. നൗഷാദ് എംഎല്‍എ അധ്യക്ഷത വഹിച്ചു.

സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 70 സെന്റ് ഭൂമിയാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. രണ്ട് കോടി രൂപ ചെലവില്‍ പൊതുമേഖലാ സ്ഥാപനമായ കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് മുഖേനയാണ് പദ്ധതി നടപ്പിലാക്കിയത്.

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വയോധികര്‍ക്കും ഒരുപോലെ പ്രയോജനപ്രദമായ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.
വാക്കിംഗ് ട്രാക്കുകള്‍, സ്ട്രീറ്റ് ഫര്‍ണിച്ചറുകള്‍, കഫിറ്റീരിയ, ബാഡ്മിന്റണ്‍, വോളിബോള്‍ കോര്‍ട്ടുകള്‍, ചെസ്സ് ബ്ലോക്ക്, സ്‌കേറ്റിംഗ് ഏരിയ, ഓപ്പണ്‍ ജിം, യോഗ/മെഡിറ്റേഷന്‍ സോണ്‍, ഇവന്റ് സ്‌പേസ്, ടോയ്‌ലറ്റ്, പാര്‍ക്കിംഗ് സൗകര്യം തുടങ്ങിയവ വീ പാര്‍ക്കിലുണ്ട്.

പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പുകള്‍ക്കായി തയ്യാറാക്കിയ ഡിസൈന്‍ പോളിസിയില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങള്‍ക്ക് താഴെയുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാര വികസനം ലക്ഷ്യമിട്ടിട്ടുണ്ട്. നിലവില്‍ ഉപയോഗിക്കാതെ കിടക്കുന്ന പ്രദേശങ്ങളെ വിവിധ വിഭാഗങ്ങള്‍ക്ക് ഗുണകരമായതും ചലനാത്മകവും വൈവിധ്യപൂര്‍ണവുമായ പൊതു ഇടങ്ങളാക്കി മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ടൂറിസം വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ പി. വിഷ്ണു രാജ്, കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ചെയര്‍മാന്‍ എസ് .കെ സജേഷ് എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Story Highlights : P A Muhammed riyas inaugurated We park project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top