സെക്രട്ടറിയേറ്റ് പുതുക്കിപ്പണിയും; മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ തീരുമാനം

ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റ് കെട്ടിടം പുതുക്കിപ്പണിയാന്‍ തീരുമാനം. അടിയന്തരമായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനും രണ്ടാം നമ്പര്‍ അനക്‌സ് കെട്ടിടത്തിന്റെ വിപുലീകരണം വേഗത്തിലാക്കാനും ഉദ്യോഗസ്ഥ തല യോഗത്തില്‍ തീരുമാനമായി. സെക്രട്ടേറിയറ്റ് വളപ്പിനകത്തെ നായശല്യത്തിന് പരിഹാരം അടക്കം നിരവധി നിര്‍ദ്ദേശങ്ങളാണ് അഡീഷണള്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന യോഗം പരിഗണിച്ചത്.
സമയത്ത് അറ്റകുറ്റപ്പണിയില്ലാതെ ചെറുതും വലുതുമായ പല അപകടങ്ങളും സെക്രട്ടേറിയേറ്റില്‍ ഉണ്ടായി. ഇത് കൂടി പരിഗണിച്ചാണ് സെക്രട്ടറിയേറ്റ് കെട്ടിടം ആകെ പുതുക്കി പണിയാനുള്ള സര്‍ക്കാര്‍ തീരുമാനം. ഇതിനായി വിശദമായ മാസ്റ്റര്‍പ്ലാന്‍ ഉണ്ടാക്കും. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജനുവരി 20 ചേര്‍ന്ന യോഗം ഹൗസ് കീപ്പിംഗ് സെല്ലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ടാം നമ്പര്‍ അനക്‌സ് കെട്ടിടത്തിന്റ വിപുലീകരണവും വേഗത്തിലാക്കും. സെക്രട്ടേറിയേറ്റ് വളപ്പില്‍ സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് ട്രയല്‍ റണ്‍ നടത്തി എത്രയും പെട്ടെന്ന് ഉപയോഗക്ഷമമാക്കും. ഗാര്‍ഹികമാലിന്യം സെക്രട്ടേറിയേറ്റിനകത്ത് കൊണ്ട് വന്ന് വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. ഇലട്രോണിക് മാലിന്യം അന്നന്ന് തന്നെ സംസ്‌കരിക്കാനും ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ സെക്രട്ടറിയേറ്റിനകത്ത് നിന്ന് അടിയന്തരമായി മാറ്റാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തെരുവുനായ ശല്യം രൂക്ഷമെന്ന് വിലയിരുത്തിയ യോഗത്തില്‍ സെക്രട്ടേറിയേറ്റ് വളപ്പില്‍ നിന്ന് നായ്ക്കളെ തുരത്താന്‍ പൊതുഭരണ വകുപ്പിന് കീഴിലെ ഹൗസ് കീപ്പിംഗ് സെല്ലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ഒരു ഫിസിയോ തെറാപ്പി സെന്റര്‍ സെക്രട്ടേറിയേറ്റില്‍ ഒരുക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്.
Story Highlights : Renovation of the Secretariat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here