Advertisement

ഭൂപതിവ് നിയമ ഭേദഗതിയുടെ ചട്ടം ഉടന്‍: റവന്യു വകുപ്പ് തയാറാക്കിയ ചട്ടത്തിന് അംഗീകാരം നല്‍കി നിയമവകുപ്പ്

March 2, 2025
Google News 2 minutes Read
land law

ഭൂപതിവ് നിയമ ഭേദഗതി പ്രകാരമുള്ള ചട്ടം ഉടന്‍ പ്രാബല്യത്തില്‍ വരും. ചട്ടത്തിന് അന്തിമരൂപം നല്‍കുന്നതിനായി ഈ മാസം 13 ന് മുഖ്യമന്ത്രി യോഗം വിളിച്ചു. വീടിനും കൃഷിക്കുമായി പതിച്ച് നല്‍കിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ ഇളവ് നല്‍കി ക്രമവല്‍ക്കരിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ചട്ടത്തില്‍ ഉണ്ടാകും. ചട്ടം പ്രാബല്യത്തില്‍ വരുന്നേതോടെ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച ഭൂമി നിയമ വിധേയമാകും.

ഇടുക്കി ഉള്‍പ്പടെയുള്ള ജില്ലകളിലെ ഭൂ ഉടമകളില്‍ നിന്നുള്ള ആവശ്യം കണക്കിലെടുത്ത് 2023 ല്‍ സര്‍ക്കാര്‍ ഭൂപതിവ് നിയമം ഭേദഗതി ചെയ്തിരുന്നു. കൃഷി, വീട് നിര്‍മ്മാണം എന്നിവയ്ക്കായി പതിച്ചു കൊടുത്ത ഭൂമിയില്‍ കടകള്‍, മറ്റ് ചെറുകിട നിര്‍മ്മാണങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ ഇളവ് നല്‍കി ക്രമവല്‍ക്കരിച്ച് നല്‍കുന്നതാണ് നിയമാഭേദഗതിയിലൂടെ ഉണ്ടായ കാതലായ മാറ്റം. എന്നാല്‍ ചട്ടം പ്രാബല്യത്തിലാകാത്തത് കൊണ്ട് നിയമ ഭേദഗതിയുടെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല.

Read Also: ലഹരി വാങ്ങാന്‍ പണം കിട്ടാതായതോടെ മോഷണത്തിനിറങ്ങി പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍; കൊച്ചിയില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഈ മാസം തന്നെ ഭൂപതിവ് നിയമഭേദഗതി ചട്ടം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ തീരുമാനം. 2023ലെ നിയമ ഭേദഗതിയുടെ ചുവടുപിടിച്ച് റവന്യൂ വകുപ്പ് തയ്യാറാക്കിയ ചട്ടത്തിന് നിയമ വകുപ്പ് അനുമതി നല്‍കി. ഇതോടെ ചട്ടം തത്വത്തില്‍ അംഗീകരിച്ചു. ചട്ടത്തിന് അംഗീകാരം നല്‍കുന്നതിനായി ഈ മാസം 13ന് മുഖ്യമന്ത്രി യോഗം വിളിച്ചു. യോഗത്തിനുശേഷം മന്ത്രിസഭ അനുമതിയോടെ ചട്ടം പ്രാബല്യത്തിലാക്കും. പതിച്ചു നല്‍കിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഏത് വരെ ഇളവ് നല്‍കി ക്രമവല്‍ക്കരിക്കാമെന്ന വ്യവസ്ഥ ചട്ടത്തില്‍ വിശദമാക്കുന്നുണ്ട്. പതിച്ചു നല്‍കിയ ഭൂമിയില്‍ കടകള്‍ക്ക് പുറമെ ചിലയിടങ്ങളില്‍ റിസോര്‍ട്ടുകളും വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങളും ഉണ്ട്. ഇടുക്കി ജില്ലയിലാണ് ഇത് കൂടുതലായി കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ എത്ര സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള കെട്ടിടങ്ങള്‍ക്ക് ഇളവ് നല്‍കണമെന്നതില്‍ ചട്ടത്തില്‍ വ്യവസ്ഥയുണ്ട്.

ഇടുക്കിയിലെ കര്‍ഷകരില്‍ നിന്നും കക്ഷിഭേദമന്യേ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും ഉയര്‍ന്നുവന്ന സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് 1960ലെ ഭൂപതിവ് നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്. എന്നാല്‍ സാധാരണ ഭൂ ഉടമകള്‍ക്ക് നല്‍കുന്ന ഇളവ് വന്‍കിട റിസോര്‍ട്ടുകള്‍ കൂടി ലഭിക്കുമെന്ന് ആശങ്കയുയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ ചട്ട ഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ വ്യക്തത വരും.

Story Highlights : Land Law Amendment Act soon in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here