പി രാജുവിന്റെ മരണത്തില്‍ സി പി ഐയെ വെട്ടിലാക്കി പരസ്യവിമര്‍ശനം, കെ ഇ ഇസ്മയിലിനെതിരെ കടുത്ത നീക്കവുമായി പാര്‍ട്ടി

മുതിര്‍ന്ന സി പി ഐ നേതാവ് കെ ഇ ഇസ്മയിലിനെതിരെ പാര്‍ട്ടിയില്‍ പടനീക്കം ശക്തമായി. സി പി ഐ മുന്‍ എറണാകുളം ജില്ല സെക്രട്ടറിയും എം എല്‍ എയുമായിരുന്ന പി രാജുവിന്റെ മരണത്തെതുടര്‍ന്ന് സി പി ഐയില്‍ ഉടലെടുത്തിരിക്കുന്ന വിവാദമാണ് കെ ഇ ഇസ്മയിലിനെതിരെയുള്ള നീക്കമായി മാറിയത്.
ഇസ്മയിലിനെതിരെ നടപടി വേണമെന്ന് നേരത്തെ പാലക്കാട് ജില്ലാ കമ്മിറ്റിയിലും ആവശ്യമുയര്‍ന്നിരുന്നു. ആറ് മാസം മുന്‍പ് പാലക്കാട് ജില്ലാ കമ്മിറ്റി സംസ്ഥാന കൗണ്‍സിലിന് നല്‍കിയ പരാതിയില്‍ കെ ഇ ഇസ്മയില്‍ പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം ഉന്നയിച്ചിരുന്നത്. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങള്‍ ഉണ്ടാവരുതെന്ന് സംസ്ഥാന കൗണ്‍സില്‍ കെ ഇ ഇസമയിലിനോട് ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ താക്കീത് നിലനില്‍ക്കെയാണ് കെ ഇ ഇസ്മയില്‍ പി രാജുവിന്റെ മരണത്തില്‍ പാര്‍ട്ടിയെ വെട്ടിലാക്കിയ പരസ്യപ്രസതാവനയുമായി രംഗത്തെത്തിയത്. എറണാകുളം ജില്ലാ കമ്മിറ്റിയുടെ പരാതിയിലാണ് ഇപ്പോള്‍ കെ ഇ ഇസ്മയിലിനെതിരെ നടപടിക്കുള്ള നീക്കം ആരംഭിച്ചിരിക്കുന്നത്.
എന്നാല്‍ തനിക്ക് ഇതുസംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കെ ഇ ഇസ്മയില്‍ 24 ന്യൂസ് ഡോട്ട് കോമിനോട് പ്രതികരിച്ചു.’വരട്ടേ നോക്കാം, നോട്ടീസ് കൈപ്പറ്റിയതിന് ശേഷം കൂടുതല്‍ പ്രതികരിക്കാം, ഒരു നടപടിയും ഭയക്കുന്നില്ല, സത്യം മാത്രമേ എന്നും പറഞ്ഞിട്ടുള്ളൂ,’ അദ്ദേഹം കൂട്ടിചേര്‍ത്തു.
പി രാജുവിന്റെ ഡ്രൈവര്‍ തന്നെ കൊല്ലാന്‍ ചില ഗുണ്ടകളുമായി ഗൂഢാലോചന നടത്തിയെന്നാരോപിച്ച് സി പി ഐ ജില്ലാ സെക്രട്ടറി ദിനകരന്റെ മകന്‍ പൊലീസില്‍ പരാതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഇസ്മയിലിന് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.
സി പി ഐയില്‍ കുറച്ചുകാലമായി നിലനില്‍ക്കുന്ന വിഭാഗീതയതുടെ തുടര്‍ച്ചയാണ് കെ ഇ ഇസ്മയിലിനെതിരെയുള്ള നീക്കം. പി രാജുവിന്റെ മരണത്തിന് ചില നേതാക്കള്‍ കാരണമായെന്ന ഇസ്മയിലിന്റെ ആരോപണം പാര്‍ട്ടിയില്‍ വിഭാഗീയതയ്ക്കുള്ള ആഹ്വാനമാണെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. ഇസ്മയില്‍ ഉയര്‍ത്തിയ ആരോപണം പാര്‍ട്ടി അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് സംസ്ഥാന കൗണ്‍സില്‍ യോഗം വിലയിരുത്തിയത്. ഇസ്മയിലിനോട് വിശദീകരണം ആരായാന്‍ യോഗം തീരുമാനിച്ചിരിക്കയാണ്.
പി രാജുവിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച് പാര്‍ട്ടിയില്‍ നിന്നും തരംതാഴ്ത്തിയ നടപടി അദ്ദേഹത്തെ മാനസികമായി തളര്‍ത്തിയെന്നും കണ്‍ട്രോള്‍ കമ്മീഷന്റെ അന്വേഷണത്തില്‍ കുറ്റക്കാരനെല്ലെന്ന് കണ്ടെത്തിയിട്ടും യാതൊരു ദയയും പി രാജുവിനോട് പാര്‍ട്ടി നേതൃത്വം കാണിച്ചില്ലെന്നുമായിരുന്നു ഇസ്മയില്‍ ആരോപിച്ചിരുന്നത്.
പി രാജു തന്നോട് ഈ വിഷയം പറഞ്ഞിരുന്നു എന്നും രോഗം ഭേദപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ സജീവമാവാന്‍ രാജു തീരുമാനിച്ചുവെങ്കിലും അദ്ദേഹത്തെ നേതാക്കള്‍ പരിഗണിച്ചില്ല, ഇത് രോഗം മൂര്‍ച്ഛിക്കാനും മരണത്തിനും കാരണമായെന്നായിരുന്നു ഇസ്മയിലിന്റെ ആരോപണം. ഇതേ ആരോപണവുമായി പി രാജുവിന്റെ ബന്ധുക്കളും രംഗത്തെത്തിയതോടെ പാര്‍ട്ടി ജില്ലാ ആസ്ഥാനത്ത് പി രാജുവിന്റെ മൃതദേഹ പൊതുദര്‍ശനം ഒഴിവാക്കേണ്ടിവന്നിരുന്നു.
ഈ വിഷയത്തില്‍ ഇസ്മയിലിന്റെ ആരോപണം പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയെന്നും ഒരു മുതിര്‍ന്ന അംഗത്തിന്റെ ഭാഗത്തുനിന്നും അത്തരത്തിലൊരു പ്രതികരണം ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്തതാണെന്നും സംസ്ഥാന കൗണ്‍സില്‍ യോഗം വിലയിരുത്തി. ഇതേ തുടര്‍ന്നാണ് ഇസ്മയിലിന് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ തീരുമാനിച്ചത്.
കോട്ടയം സമ്മേളനത്തില്‍ കാനം രാജേന്ദ്രനും കെഇ ഇസ്മയിലും ഇരുവിഭാഗമായി മാറിയതും സംസ്ഥാന സെക്രട്ടറി സ്ഥാനത്തക്ക് മത്സരിക്കാന്‍ നീക്കം നടക്കുകയും ചെയ്തിരുന്നു. പി രാജു ഇസ്മയില്‍ പക്ഷത്തായിരുന്നു നിലകൊണ്ടിരുന്നത്. ഇതാണ് പി രാജുവിനെതിരെയുള്ള ഔദ്യോഗിക പക്ഷത്തിന്റെ നീക്കത്തിന് കാരണമായതായി എതിര്‍വിഭാഗം ആരോപണം ഉയര്‍ത്തിയത്.
പി രാജുവിന്റെ മരണവും ഒപ്പം രൂപം കൊണ്ടിരിക്കുന്ന ആരോപണ, പ്രത്യാരോപണ വിവാദങ്ങളും സി പി ഐയില്‍ വിഭാഗീയയ്ക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. പി രാജു വിഷയത്തില്‍ കെഇ ഇസ്മയില്‍ അല്ലാതെ സിപിഐയിലെ മുതിര്‍ന്ന നേതാക്കളാരും പ്രതികരിച്ചിരുന്നില്ല.
Story Highlights : CPI to take action against K. E. Ismail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here