Advertisement

‘ഫോൺ ട്രാക്ക് ചെയ്തത് തുണച്ചു, താനൂരിലെ കുട്ടികൾ നടത്തിയത് സാഹസിക യാത്ര’; മലപ്പുറം എസ്പി

March 7, 2025
2 minutes Read

താനൂരിലെ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ പ്രതികരണവുമായി മലപ്പുറം എസ്‌പി ആ‍.വിശ്വനാഥ്. കുട്ടികൾ യാത്രയോടുള്ള താത്പര്യം കൊണ്ടാണ് പോയതെന്നാണ് വിവരം. കുട്ടികൾ നടത്തിയത് സഹസിക യാത്ര, ഒപ്പം പോയ യുവാവിൻ്റേത് സഹായമെന്ന നിലയിലാണ് ഇപ്പോൾ കാണുന്നതെന്നും എസ്‌പി പറഞ്ഞു. പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികൾക്കും രക്ഷിതാക്കൾക്കും കാര്യമായ കൗൺസിലിങ് നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്തിനാണ് പെൺകുട്ടികൾ പോയതെന്ന് വിശദാമായി ചോദിച്ച് അറിയേണ്ടതുണ്ട്. കുട്ടികൾ വന്നിട്ട് ബാക്കി കാര്യങ്ങൾ വിശദമായി ചോദിച്ചറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. മിനിഞ്ഞാന്ന് വൈകീട്ട് 6 മണിക്കാണ് കാണാതെ ആയ വിവരം കിട്ടിയത്. ഫോൺ ട്രാക്ക് ചെയ്തത് തുണച്ചു. ടവർ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ സാധിച്ചത് നിർണായകമായി. കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് അന്വേഷണം വിജയകരമായി പൂർത്തീകരിക്കാനായത്. കുട്ടികളെ കണ്ടെത്താനായതിൽ വളരെയധികം സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം മുംബൈ പൊലീസിനും ആർപിഎഫിനും മുംബൈയിലെ മലയാളി സമാജത്തിനും നന്ദി പറഞ്ഞു. കുട്ടികളുമായി നാളെ ഉച്ചയ്ക്ക് മുൻപ് പൊലീസ് സംഘം മലപ്പുറത്ത് എത്തും.

യുവാവിനെ പെൺകുട്ടികൾ എങ്ങനെ പരിചയപ്പെട്ടു എന്നു കണ്ടെത്തണം. ഇയാൾക്ക് നിലവിൽ ക്രിമിനൽ പശ്ചാത്തലം ഇല്ല. കുട്ടികളെ സുരക്ഷിതമായി കണ്ടെത്താൻ മുംബൈയിലെ സ്വന്തം ബാച്ച് മേറ്റ്സിനെ ഒക്കെ വിളിച്ചു സഹായം തേടി. മുംബൈ ഒരു മഹാനഗരമാണ്. അവിടെ ഒരാളെ കാണാതായാൽ കണ്ടെത്തുക എളുപ്പമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് പരീക്ഷ എഴുതാനായി ഇറങ്ങിയ രണ്ടു പേരെയും ബുധനാഴ്ച്ച 11 മണിയോടെയാണ് കാണാതായത്. റഹീമിനൊപ്പം കോഴിക്കോട്ടുനിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ഇവര്‍ പന്‍വേലിലേക്ക് പോയതായാണ് പോലീസിന് വിവരം ലഭിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് പെണ്‍കുട്ടികള്‍ ബ്യൂട്ടി പാര്‍ലറിലെത്തിയത്. മാസ്‌ക് ധരിച്ചിരുന്നു. സുഹൃത്തിന്റെ വിവാഹത്തിനായാണ് മുംബൈയിൽ എത്തിയതെന്നാണ് പെണ്‍കുട്ടികള്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയോട് പറഞ്ഞത്. സുഹൃത്ത് കൂട്ടാന്‍ വരുമെന്നു പറഞ്ഞെങ്കിലും ഇയാള്‍ വരുന്നതിനുമുമ്പ് പെണ്‍കുട്ടികള്‍ പാര്‍ലറില്‍നിന്ന് പോകുകയായിരുന്നു. കുട്ടികള്‍ പാർലറിൽ എത്തിയ വിവരം മഹാരാഷ്ട്ര പോലീസിനും മലയാളി സമാജത്തിനും കേരള പോലീസ് കൈമാറിയിരുന്നു. പോലീസും സമാജം പ്രവര്‍ത്തകരും എത്തിയപ്പോഴേക്കും പെണ്‍കുട്ടികള്‍ രക്ഷപ്പെടുകയായിരുന്നു. അതിനുശേഷമാണ് ചെന്നൈ-എഗ്മോര്‍ എക്സ്പ്രസില്‍ കയറിയത്.

ചെന്നൈ-എഗ്മോര്‍ എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടികളെ കേരള പോലീസ് കൈമാറിയ ഫോട്ടോയില്‍നിന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്.

Story Highlights : Malappuram SP A. Vishwanath React Tanur Girls Missing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top