Advertisement

ഷെയ്ഖ് ഹസീനയുടെ പാർട്ടിയെ അടക്കം ഉൾപ്പെടുത്തി പൊതു തെരഞ്ഞെടുപ്പ് നടത്തണം: ബംഗ്ലാദേശിനോട് ഇന്ത്യ

March 8, 2025
2 minutes Read

ഷെയ്ഖ് ഹസീനയുടെ പാർട്ടിയെ അടക്കം ഉൾപ്പെടുത്തിക്കൊണ്ട് ബംഗ്ലാദേശിൽ പൊതുവായ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇന്ത്യ. ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസ് നേതൃത്വം നൽകുന്ന ഇടക്കാല സർക്കാരിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആഭ്യന്തര കലാപത്തെ തുടർന്ന് രാജ്യം വിട്ടു ഓടി പോയതിന് പിന്നാലെ ഏഴുമാസത്തിനുശേഷമാണ് ബംഗ്ലാദേശിൽ പൊതു തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ഇന്ത്യ മുന്നോട്ടുവയ്ക്കുന്നത്.

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെയും പൊതു തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. രാജ്യത്ത് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരത്തിൽ തുടരുന്നതിനോടുള്ള ഇന്ത്യയുടെ എതിർപ്പ് കൂടിയാണ് ഇതിൽ വ്യക്തമാകുന്നത്. ജനകീയ പിന്തുണയോടുകൂടി എല്ലാവർക്കും സ്വീകാര്യമായ ഒരു സർക്കാർ രാജ്യത്ത് അധികാരത്തിലെത്തുന്നതിലൂടെ രാജ്യം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാവും എന്നാണ് ഇന്ത്യ പറയുന്നത്.

ബംഗ്ലാദേശിൽ വലിയ ആഭ്യന്തര സംഘർഷത്തിന് വഴിവച്ചതാണ് ഷെയ്ഖ് ഹസീന സർക്കാരിന് എതിരായ പ്രതിഷേധം. ഹസീന രാജ്യംവിട്ട് ഓടിപ്പോയ ശേഷവും സംഘർഷം കുറഞ്ഞിരുന്നില്ല. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരം ഏറ്റിട്ടും രാജ്യത്ത് അക്രമ സംഭവങ്ങൾ തുടരുകയാണ്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ഇന്ത്യ പൊതു തെരഞ്ഞെടുപ്പ് എന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നത്.

അതേസമയം 2025 ഡിസംബറിനും 2026 ജൂൺ മാസത്തിനുമിടയിൽ രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടത്തും എന്നാണ് മുഹമ്മദ് യൂനുസ് വ്യക്തമാക്കുന്നത്. അവാമി ലീഗിനെ രാജ്യത്ത് നിരോധിക്കണം എന്ന് ആവശ്യം ഉന്നയിച്ചു കൊണ്ട് ജമാഅത്തെ ഇസ്ലാമിയിലും നിരോധിത ഹിസ്ബുത് തഹ്‌രീറിലും സജീവമായി പ്രവർത്തിക്കുന്ന യുവാക്കൾ മുഹമ്മദ് യൂനുസിനെ സമീപിച്ചിട്ടുണ്ട്. രാജ്യത്ത് രാഷ്ട്രീയ രംഗത്ത് പരിഷ്കാരങ്ങൾ നടപ്പിലാക്കിയ ശേഷം മാത്രമേ തെരഞ്ഞെടുപ്പ് നടത്താവൂ എന്നാണ് ഇവരുടെ നിലപാട്. ഈ നിലപാടാണ് മുഹമ്മദ് യൂനുസിനും.

എന്നാൽ യൂനുസിന് തെരഞ്ഞെടുപ്പ് മേൽനോട്ടം വഹിക്കാൻ അധികാരമുണ്ടോ എന്നതാണ് ഇപ്പോൾ രാഷ്ട്രീയ രംഗത്ത് ഉയരുന്ന ചോദ്യം. രാജ്യത്തെ അധികാരത്തിൽ ഏതെങ്കിലും തരത്തിൽ ശൂന്യത ഉണ്ടായാൽ, മുൻ ചീഫ് ജസ്റ്റിസ് തലവനായ ഒരു കാവൽ സർക്കാരിനുള്ള വ്യവസ്ഥ ബംഗ്ലാദേശിലെ ഭരണഘടനയിലുണ്ട്. എന്നാൽ ഇപ്പോഴത്തെ ഇടക്കാല സർക്കാരിന് ഭരണഘടനാപരമായിട്ടുള്ള പിന്തുണ ലഭിക്കുമോ എന്ന കാര്യത്തിലാണ് സംശയം. അതിനാൽ തന്നെ ഇവർക്ക് പൊതു തിരഞ്ഞെടുപ്പ് നടത്താനാകുമോ എന്നതും ചോദ്യമാണ്.

Story Highlights: India urges participatory polls in Bangladesh amid calls to ban Awami League

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top