Advertisement

‘എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് മുന്നോട്ട് പോകും, മൂന്നാം തവണയും അധികാരത്തില്‍ വരിക പ്രധാനം’ ; എം വി ഗോവിന്ദന്‍

March 9, 2025
Google News 2 minutes Read
MVG

എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് മുന്നോട്ട് പോകുമെന്ന് എം വി ഗോവിന്ദന്‍. ന്യൂനപക്ഷ വര്‍ഗീയവാദികള്‍, ഭൂരിപക്ഷ വര്‍ഗീയവാദികള്‍, കേന്ദ്ര സര്‍ക്കാര്‍, അതിന്റെ ഫാസിസ്റ്റിക് സമീപനങ്ങള്‍ തുടങ്ങിയ, കമ്യൂണിസ്റ്റ് വിരുദ്ധതയുടെ അങ്ങേയറ്റത്ത് നില്‍ക്കുന്നൊരു കൂട്ടുകെട്ട് രൂപംകൊണ്ടിട്ടുള്ള നിലവിലെ പരിതസ്ഥിതിയില്‍ അതിനെയെല്ലാം അതിജീവിച്ച് പ്രസ്ഥാനത്തെയും ജനങ്ങളെയും മുന്നോട്ട് നയിക്കുക എന്നതാണ് തന്റെ ഏറ്റവും പ്രധാനപ്പെട്ട ചുമതലയെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും അസംബ്ലി തെരഞ്ഞെടുപ്പിലുമൊക്കെ വലിയ മുന്നേറ്റം ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സിപിഐഎമ്മും കാഴ്ച വെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടി തന്നില്‍ അര്‍പ്പിച്ച സംസ്ഥാന സെക്രട്ടറി എന്ന പദവിയെ ഉത്തരവാദിത്തമായാണ് കാണുന്നതെന്നും ആ ഉത്തരവാദിത്തം കൂട്ടായ്മയിലൂടെ നിര്‍വഹിക്കാനാകും എന്ന പ്രതീക്ഷയാണുള്ളതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തിലെ പാര്‍ട്ടിയെ നവകേരള സൃഷ്ടിയുടെ ഊര്‍ജ്ജമാക്കി മാറ്റുന്നതിന് വേണ്ടിയുള്ള രാഷ്ട്രീയ ധാരണയോട് കൂടി നയിക്കാന്‍ എല്ലാവരുടെ പിന്തുണയും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു.

മൂന്നാം തവണയും അധികാരത്തില്‍ വരികയെന്നത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഒരേയൊരു ഇടതുപക്ഷ ഗവണ്‍മെന്റ് മാത്രമേയുള്ളൂ, ബദല്‍. അത് കേരളമാണ്. വേറെയൊരു ഗവണ്‍മെന്റും ആ രീതിയില്‍ ഇല്ല. ഒരു ബദലായി മൂന്നാം വട്ടവും അധികാരത്തില്‍ വരിക എന്നത് പാര്‍ട്ടിയെ സംബന്ധിച്ച് മാത്രമല്ല, ജനങ്ങളെ സംബന്ധിച്ചും പ്രധാനമാണ് – അദ്ദേഹം വ്യക്തമാക്കി.

Read Also: സിപിഐഎമ്മിനെ എം വി ഗോവിന്ദന്‍ തന്നെ നയിക്കും; കെ കെ ശൈലജയും എം വി ജയരാജനും സി എന്‍ മോഹനനും സംസ്ഥാന സെക്രട്ടേറിയറ്റില്‍

പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗങ്ങളായി തെരഞ്ഞെടുത്തവരുടെ വിവരങ്ങളും അദ്ദേഹം ഔദ്യോഗികമായി പങ്കുവച്ചു. സംസ്ഥാന സെക്രട്ടറിയേറ്റില്‍ മൂന്ന് ഒഴിവുകയാണുണ്ടായിരുന്നതെന്നും അത് നികത്തിയെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍, എം വി ഗോവിന്ദന്‍, ഇ പി ജയരാജന്‍, കെ കെ ശൈലജ, ടി എം തോമസ് ഐസക്, ടി പി രാമകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, കെ കെ ജയചന്ദ്രന്‍, വി എന്‍ വാസവന്‍, സജി ചെറിയാന്‍, എം സ്വരാജ്, മുഹമ്മദ് റിയാസ്, പി കെ ബിജു, പുത്തലത്ത് ദിനേശന്‍, എം വി ജയരാജന്‍, സി എന്‍ മോഹനന്‍ എന്നിവരാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍. എംവി ജയരാജന്‍ , കെ കെ ശൈലജ, സി എന്‍ മോഹനന്‍ എന്നിവര്‍ പുതിയ സെക്രട്ടറിയേറ്റ് അംഗങ്ങളാണ്. ഡോ. ജോണ്‍ ബ്രിട്ടാസും ബിജു കണ്ടക്കൈയും സ്ഥിരം അംഗങ്ങളും വീണാ ജോര്‍ജ് സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവും ആയിട്ടുണ്ട് – അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് പ്രാതിനിധ്യമില്ലേ എന്ന ചോദ്യത്തിന് ജില്ലാടിസ്ഥാനത്തിലല്ല പരിഗണന എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പി ജയരാജനെ ഉള്‍പ്പെടുത്തിയില്ലല്ലോ എന്നതിന് അങ്ങനെ ഒരുപാടാളുകള്‍ ഉണ്ട് പരിഗണിക്കാന്‍ എന്നും മറുപടി പറഞ്ഞു. സൂസന്‍ കോടിയെ തല്‍ക്കാലം മാറ്റി നിര്‍ത്തിയത് തന്നെയെന്നും കരുനാഗപ്പള്ളിയിലെ പ്രശ്‌നം തന്നെയാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. കരുനാഗപ്പള്ളിയില്‍ നിന്ന് ഒരാളെയും ഒരു കമ്മിറ്റിയിലും എടുത്തിട്ടില്ലെന്നും വ്യക്തമാക്കി.

Story Highlights : M V Govindan’s press meet about CPIM state conference

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here