കാണാതായവരെ കണ്ടെത്താൻ എന്താണ് ഇത്ര കാലതാമസം

കാസർഗോഡ് പൈവളിഗെയിലെ 15 കാരി ശ്രേയയെയും അയൽവാസി പ്രദീപിനെയും കഴിഞ്ഞ 26 ദിവസങ്ങൾക്ക് മുൻപാണ് കാണാതാവുന്നത്. കൃത്യമായി പറഞ്ഞാൽ ഫെബ്രുവരി 12ന് പുലർച്ചെ. ഉറക്കമുണര്‍ന്നപ്പോള്‍ മകള്‍ വീട്ടിലുണ്ടായിരുന്നില്ലെന്നാണ് പിതാവ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. അയൽവാസിയായ പ്രദീപിനൊപ്പമാണ് മകൾ പോയതെന്ന് പെൺകുട്ടിയുടെ അമ്മയും ഉറപ്പിച്ചു പറഞ്ഞു. എന്നാൽ മാതാപിതാക്കളുടെ പരാതി ലഭിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇരുവരെയും കണ്ടെത്താനായി പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇരുവരെയും കണ്ടെത്താൻ ഇത്ര കാലതാമസം വന്നത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഇപ്പോൾ ഹൈക്കോടതി അടക്കം ഉദ്യോഗസ്ഥരോട് ചോദിക്കുന്നത്.
പൊലീസ് ആദ്യം പരിശോധന നടത്തിയിരുന്നത് പൈവളിഗെയിലെ വീടും പരിസരവും കേന്ദ്രീകരിച്ചുള്ള സ്ഥലത്തായിരുന്നു. പിന്നീട് കർണാടകയിലും മറ്റുമുള്ള ബന്ധുക്കളുടെ അടുത്തു പോയിട്ടുണ്ടാകും ഇരുവരും എന്ന നിഗമനത്തിൽ മടിക്കേരിയിലും കർണാടകയിലും അന്വേഷണം വ്യാപിപ്പിച്ചു. ഇവിടെ നിന്നും യാതൊരു വിധത്തിലുള്ള സൂചനയും ലഭിച്ചില്ല.
Read Also: കാസർഗോഡ് 15 കാരിയുടെയും യുവാവിന്റെയും മരണം ആത്മഹത്യ; പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
ഡ്രോൺ, ഡോഗ് സ്‌ക്വാഡ് എന്നീ സംവിധാനങ്ങൾ ഉപയോഗിച്ച് പൊലീസ് പല ഘട്ടങ്ങളിലായി തിരച്ചിൽ കാട്ടിലും പുഴയിലും നടത്തിയെങ്കിലും സൂചനകൾ ഒന്നും ലഭിച്ചില്ല. സിസിടിവികൾ കേന്ദ്രീകരിച്ചുള്ള തിരച്ചിലും എങ്ങുമെത്തിയില്ല.
ഇരുവരുടെയും മൊബൈൽ ഫോൺ ലൊക്കേഷൻ ലഭിച്ചത് വീടിന് ഒരു കിലോ മീറ്റർ പരിധിയിലുള്ള പ്രദേശത്ത് നിന്നാണ്. അതാണെങ്കിലോ ആൾസഞ്ചാരമില്ലാത്ത കാടുപിടിച്ച പ്രദേശം. സമീപത്തായി ഒരു കോഴി ഫാമും ഉണ്ട്. തോട്ടത്തിലെ ഉൾഭാഗങ്ങളിലാണ് കൂടുതലായും പൊലീസ് തിരച്ചിൽ നടത്തിയിരുന്നത്. ശ്രേയയും പ്രദീപും ഒരു പക്ഷേ പേടിച്ച് ഇവിടേക്ക് മാറിയതാകാം എന്നുള്ള നിഗമനത്തിൽ പൊലീസ് തിരച്ചിൽ ഈ പ്രദേശത്തേക്ക് വ്യാപിപ്പിച്ചു. കോഴി ഫാമിൽ അവിടെനിന്നുള്ള ദുർഗന്ധം കാരണം മൃതദേഹം അഴുകിയത് ആർക്കും തിരിച്ചറിയാനായില്ല. പരിസരത്തെ വീടുകളിൽ ചെന്ന് അസ്വാഭാവിക മണം വരുന്നോയെന്നു ചോദിച്ചെങ്കിലും അങ്ങനെ മണമില്ലെന്നു നാട്ടുകാർ പറഞ്ഞതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ഞായറാഴ്ചയും വിപുലമായ തിരച്ചിൽ നടത്തി. ഇവർ പരിസരത്തുണ്ടെന്നു പൊലീസ് സംശയം പറയുമ്പോൾ, ഇവിടെയില്ലെന്ന തരത്തിലാണു വീട്ടുകാരും നാട്ടുകാരും നിന്നിരുന്നത്. അതാണ് മൃതദേഹങ്ങൾ കണ്ടെത്താൻ ഉണ്ടായ കാലതാമസമായി കണക്കാക്കാൻ സാധിക്കുക. നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയുടെ വീടിന് 200 മീറ്റർ അകലെ ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു പേരുടെയും മൊബൈൽ ഫോണുകളും ഒരു കത്തിയും സമീപത്ത് നിന്ന് കണ്ടെത്തി. 20 ത് ദിവസത്തെ പഴക്കമാണ് മൃതദേഹങ്ങൾക്കുള്ളത്. ഉണങ്ങിയ നിലയില്‍ ആണ് മൃതദേഹങ്ങളുള്ളത്. അതുകൊണ്ട് തന്നെ കൂടുതല്‍ പരിശോധനയ്ക്കായി മൃതദേഹ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചു. ഡിഎന്‍എ പരിശോധനയ്ക്കുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
സുഹൃത്തുക്കളായിരുന്ന ഇരുവരും ജീവനൊടുക്കിയതിനുള്ള കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇരുവരും തമ്മിൽ ദീർഘനാളായി അടുപ്പമുണ്ട്. ടാക്സി ഡ്രൈവറായ പ്രദീപ് പെൺകുട്ടിയുടെ വീട്ടുകാരുമായി നല്ല അടുപ്പം പുലർത്തിയിരുന്നു. ഇരുവരും ഒരുമിച്ചുള്ള 92 ചിത്രങ്ങൾ പ്രദീപ് തന്റെ കർണാടകയിലുള്ള ബന്ധുവിന് അയച്ചുകൊടുത്തിരുന്നതായും തെളിവുകളുണ്ട്.
ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്താനായെങ്കിലും പൊലീസിന് നേരെ വിമർശനങ്ങൾ പല കോണുകളിൽ നിന്നായി ഉയർന്നു വരികയാണ്. കാണാതായി ആഴ്ചകൾ കഴിഞ്ഞിട്ടും പൊലീസ് എന്താണ് അന്വേഷിച്ചതെന്ന് കോടതി ചോദിച്ചു. ഒരു വിവിഐപിയുടെ മകളെയാണ് കാണാതായിരുന്നതെങ്കിൽ പൊലീസ് ഇങ്ങനെയാകുമോ പ്രവർത്തിക്കുകയെന്നും ഹൈക്കോടതി ചോദിച്ചു. നിയമത്തിനുമുന്നിൽ വിവിഐപിയും സാധാരണക്കാരും തുല്യരാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് ഡയറിയുമായി നാളെ കോടതിയിൽ ഹാജരാകാൻ അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈക്കോടതി നിർദേശിച്ചു.
Story Highlights : Kasargod missing case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here