അനധികൃതമായി നിര്‍മ്മിക്കുന്ന റിസോര്‍ട്ടിന് ഒഴിപ്പിക്കല്‍ നടപടി ഉണ്ടാകാതിരിക്കാന്‍ കുരിശ് പണിത് ഉടമ; നടപടി ഉദ്യോഗസ്ഥ ഒത്താശയോടെ

ഇടുക്കി പരുന്തുംപാറയില്‍ അനധികൃതമായി നിര്‍മ്മിക്കുന്ന റിസോര്‍ട്ടിന് ഒഴിപ്പിക്കല്‍ നടപടി ഉണ്ടാകാതിരിക്കാന്‍ കുരിശ് പണിത് ഉടമ. സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവ് നല്‍കിയതിനു ശേഷമാണ് കുരിശിന്റെ പണി പൂര്‍ത്തിയാക്കിയത്. നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലത്ത് ഉദ്യോഗസ്ഥ ഒത്താശയോടെയാണ് അനധികൃത നിര്‍മ്മാണം നടത്തിയത്.
സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത റിസോര്‍ട്ട് നിര്‍മ്മാണം വാര്‍ത്തയാക്കാന്‍ ട്വന്റിഫോര്‍ സംഘം ഫെബ്രുവരി 28നാണ് ഇവിടെ എത്തിയത്. അന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ പ്രദേശത്ത് കുരിശ് ഉണ്ടായിരുന്നില്ല. അനധികൃത നിര്‍മ്മാണത്തിന്റെ വാര്‍ത്ത പുറത്തുവന്നതോടെ മാര്‍ച്ച് രണ്ടിന് ഇടുക്കി ജില്ലാ കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ ഉത്തരവിട്ടതുമാണ്. അപ്പോഴും ഇല്ലാതിരുന്ന കുരിശ് ഇന്ന് പൂര്‍ണമായും പണി പൂര്‍ത്തിയാക്കി.
ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫിന്റെ ഉടമസ്ഥതയിലാണ് സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത റിസോര്‍ട്ട് നിര്‍മ്മാണം. കയ്യേറ്റമൊഴിപ്പിക്കല്‍ തടയാനാണ് കുരിശ് പണിതത്. സ്റ്റോപ്പ് മെമ്മോ നല്‍കി റിസോര്‍ട്ടിന്റെ പണികള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നതാണ്. എന്നാല്‍ ഈ സ്ഥലത്ത് നടന്ന കുരിശിന്റെ ഉള്‍പ്പെടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്ന് നടിച്ചു.
നിരോധനാജ്ഞ ലംഘിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയ സജിത്ത് ജോസഫിനെതിരെ പൊലീസ് കേസ് എടുക്കാന്‍ പോലും നിര്‍ദ്ദേശിച്ചിട്ടില്ല. മറ്റൊരു സ്ഥലത്ത് വച്ച് പണിത കുരിശ് ഇവിടെ സ്ഥാപിക്കുയാണ് ചെയ്തതെന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ വിശദീകരണം. കയ്യേറ്റവുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് ഇടയിലും റവന്യൂ ഉദ്യോഗസ്ഥരുമായി സജിത്ത് ജോസഫ് നിരന്തരം കൂടിക്കാഴ്ച നടത്തുന്നതായും വിവരമുണ്ട്.
Story Highlights : Owner build cross to prevent eviction of illegally built resort in Idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here