ഒന്നും കിട്ടിയില്ലെന്ന് പറയുന്നത് ആരോഗ്യമന്ത്രിക്ക് കേന്ദ്രമന്ത്രിയുടെ ഭാഷ മനസിലാകാത്തത് കൊണ്ടാകാം; ആശമാരുടെ സമരപ്പന്തലില്‍ സുരേഷ് ഗോപി

വേതന പ്രശ്‌നമുന്നയിച്ച് പ്രതിഷേധിക്കുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലില്‍ വീണ്ടുമെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്രം ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തുവെന്നല്ല എന്താണോ നല്‍കേണ്ടത് അത് പൂര്‍ണമായി നല്‍കിക്കഴിഞ്ഞുവെന്നാണ് തങ്ങള്‍ ഊന്നിപ്പറയുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇനിയും കൊടുത്തില്ല എന്ന് വാദിച്ചാല്‍ അതിന് യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് കൊടുക്കണമെന്ന് കേന്ദ്രം വ്യക്തമാക്കി കഴിഞ്ഞു. സര്‍ട്ടിഫിക്കറ്റ് കൃത്യമായി നല്‍കിയാല്‍ കേന്ദ്രം ഇനി വേണ്ട കാര്യങ്ങള്‍ നോക്കും. ഒരു രൂപ പോലും നല്‍കാനില്ലെന്ന് പാര്‍ലമെന്റിലാണ് കേന്ദ്രമന്ത്രി പറഞ്ഞിരിക്കുന്നത്. പാര്‍ലമെന്റില്‍ തെറ്റായ കണക്കുകള്‍ ബോധിപ്പിക്കാനാകില്ല. നിങ്ങള്‍ക്ക് അത് പരിശോധിക്കാമല്ലോ എന്നും സുരേഷ് ഗോപി ആശമാരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു. (suresh gopi visited asha worker’s protest site)
സംസ്ഥാനത്തിന് ഒന്നും കിട്ടിയില്ലെന്ന് പറയുന്നത് ഇവിടുത്തെ ആരോഗ്യമന്ത്രിക്ക് കേന്ദ്രമന്ത്രിയുടെ ഭാഷ മനസിലാകാത്തത് കൊണ്ടാകാം എന്നാണ് സുരേഷ് ഗോപിയുടെ പരിഹാസം. താന്‍ തന്റെ ജോലി കൃത്യമായി നിറവേറ്റി. തരാനുള്ളത് കേന്ദ്രവും തന്നു. സംസ്ഥാനത്തിന് എന്തുകൊണ്ട് യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് കേന്ദ്രത്തിന് നല്‍കാന്‍ കഴിയുന്നില്ലെന്നാണ് സുരേഷ് ഗോപിയുടെ ചോദ്യം. ഓരോ പദ്ധതിയ്ക്കും ഓരോ അനുപാതമുണ്ടല്ലോ. ചിലത് 80: 20 അല്ലെങ്കില്‍ ചിലപ്പോള്‍ 50: 50 ആകാം. അത് വകമാറ്റാനാകില്ല. ആദിവാസികള്‍ക്ക് നല്‍കുന്ന തുക വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഞാന്‍ പറഞ്ഞ ഒരൊറ്റ വാക്കില്‍ തൂങ്ങി നിങ്ങള്‍ ആ വിഷയം തന്നെ ഇല്ലാതാക്കി? ആ വിഷയം ഇപ്പോള്‍ എവിടെപ്പോയി? സുരേഷ് ഗോപിയുടെ വാക്കുകള്‍ ഇങ്ങനെ.
കേരളത്തിന് മുഴുവന്‍ കുടിശ്ശികയും നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ധനവിനിയോഗത്തിന്റെ വിവരങ്ങള്‍ സംസ്ഥാനം അറിയിച്ചിട്ടില്ലെന്നും കേന്ദ്രആരോഗ്യമന്ത്രി ജെപി നദ്ദ ഇന്ന് രാജ്യസഭയില്‍ പറഞ്ഞിരുന്നു. ആശാ വര്‍ക്കേഴ്‌സിന്റെ വേതനം കൂട്ടുമെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു. സിപിഐ അംഗം പി സന്തോഷ് കുമാറിന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം. എന്‍എച്ച്എം പ്രകാരം ആശാ വര്‍ക്കേഴ്‌സിനായി കേരളത്തിന് കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ അനുവദിച്ച തുക കൂടി സഭയില്‍ പരസ്യപ്പെടുത്തിക്കൊണ്ടാണ് ആരോഗ്യമന്ത്രാലയം കേരളത്തിന്റെ വാദങ്ങള്‍ തള്ളിയത്.
Story Highlights : suresh gopi visited asha worker’s protest site
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here