ഡെയർ ഡെവിൾ നായകന് കേരളം കാണാൻ മോഹം

കേരളം സന്ദർശിക്കാനുള്ള അതിയായ ആഗ്രഹം വെളിപ്പെടുത്തി മാർവലിന്റെ ‘ഡെയർ ഡെവിൾ’ സീരീസിലിലെ മാറ്റ് മർഡോക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ആഗോളശ്രദ്ധ നേടിയ ചാർളി കോക്സ്. ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന ഡെയർ ഡെവിൾ : ബോൺ എഗൈൻ എന്ന സീരീസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യൻ യൂട്യൂബർമാരോട് സംസാരിക്കുകയായിരുന്നു താരം.
നിങ്ങൾക്ക് കേരളം സന്ദർശിക്കാൻ ആഗ്രഹമുണ്ടെന്ന് കേട്ടിരുന്നു ശരിയാണോ എന്ന ചോദ്യത്തിന് “ശരിയാണ്, ഞാൻ പലതവണ മുംബൈയിലും ജെയ്‌പൂരിലും, രാജസ്ഥാനിലും, ഗോവയിലും ഒക്കെ പോയിട്ടുണ്ട്, എന്നാൽ ഇതുവരെ കേരളത്തിൽ പോകാനായിട്ടില്ല. അവിടം സന്ദർശിക്കണമെന്നത് എന്നും എന്റെ വലിയ ആഗ്രഹമായിരുന്നു” ചാർളി കോക്സ് പറയുന്നു.
കേരളം സന്ദർശിക്കണമെങ്കിൽ തിരുവനന്തപുരം എന്ന തലസ്ഥാന നഗരിയുടെ പേര് ശരിയായി ഉച്ചരിക്കണം എന്ന ഒരു ചലഞ്ചും അഭിമുഖത്തിൽ ചാർളി കോക്‌സും സീരീസിൽ താരത്തിനൊപ്പം അഭിനയിക്കുന്ന വിൻസെന്റ് ഡോണാഫ്രിയോയും നേരിട്ടു. പലതവണ തിരുവനന്തപുരമെന്നു പറയാൻ ശ്രമിച്ച് പരാജയപ്പെടുകയായിരുന്നു ഇരുവരും.
Read Also:സിനിമയിലെ സെക്സ് സീനുകളിൽ അഭിനയിക്കാൻ താല്പര്യക്കുറവ് ; കരീന കപൂർ
കാഴ്ചപരിമിതിയുള്ള, അപാരമായ കേൾവിശക്തിയും, ആയോധന കലകളിലുള്ള അസാമാന്യ വൈഭവവും ഉള്ള മാറ്റ് മർഡോക്ക് എന്ന അഭിഭാഷകൻ ആയ വിജിലാന്റിയുടെ വേഷമാണ് ചാർളി കോക്സ് ഡെയർ ഡെവിളിൽ അവതരിപ്പിച്ചത്. സീരീസിന് കേരളത്തിലടക്കം ഇന്ത്യയിലെമ്പാടും ഒട്ടേറെ ആരാധകരുണ്ട്. മാർച്ച് 4 ന് സ്ട്രീമിങ് ആരംഭിച്ച ഡെയർ ഡെവിൾ : ബോൺ എഗൈൻ ഇതിനകം മികച്ച അഭിപ്രായമാണ് നേടുന്നത്.
Story Highlights :Daredevil star wants to see Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here