Advertisement

രാജസ്ഥാനില്‍ റെയ്ഡിനിടെ 25 ദിവസം പ്രായമുള്ള കുഞ്ഞ് പൊലീസിന്റെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു; പൊലീസ് മനപൂര്‍വം ചെയ്തതെന്ന് കുടുബം

March 12, 2025
2 minutes Read
Infant died during a police raid Rajasthan

രാജസ്ഥാനില്‍ പോലീസ് റെയ്ഡനിടെ പിഞ്ചു കുഞ്ഞ് ചവിട്ടേറ്റ് കൊല്ലപ്പെട്ടു. 25 ദിവസം പ്രായമുള്ള പെണ്‍ കുഞ്ഞ് ആണ് മരിച്ചത്. ആല്‍വാര്‍ ജില്ലയിലെ രഘുനാഥ്ഗഡ് ഗ്രാമത്തില്‍ ആണ് സംഭവം. ഒരു സൈബര്‍ കേസില്‍ കുഞ്ഞിന്റെ പിതാവ് ഇമ്രാനെ തെരഞ്ഞെത്തിയപ്പോഴാണ് സംഭവം. മുറിയില്‍ ഉണ്ടായിരുന്ന കുഞ്ഞിനെ പോലീസുകാര്‍ ചവിട്ടിമെതിച്ചെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ആല്‍വാറില്‍ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം നടക്കുകയാണ്. 2 പോലീസുകാര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ( Infant died during a police raid Rajasthan)

സംഭവത്തില്‍ ഉള്‍പ്പെട്ട പൊലീസുകാരെ സസ്‌പെന്‍ഡ് പോലും ചെയ്യാത്തത് നാട്ടുകാരുടെ പ്രതിഷേധം ആളിക്കത്തിക്കുകയാണ്. മാര്‍ച്ച് രണ്ടിന് പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം നടന്നത്. ഉറങ്ങിക്കിടന്ന തങ്ങള്‍ പൊലീസ് വാതിലില്‍ ശക്തിയായി മുട്ടുന്നത് കേട്ടാണ് ഉണര്‍ന്നതെന്നും വാതില്‍ തുറന്ന തന്നെ പിടിച്ചുതള്ളി പൊലീസ് വീട്ടിലേക്ക് കയറിയെന്നും ഇമ്രാന്റെ ഭാര്യ റസീദ ആരോപിച്ചു. ആ സമയത്ത് പിഞ്ചുകുഞ്ഞും തന്റെ ഭര്‍ത്താവും കട്ടിലില്‍ കിടക്കുകയായിരുന്നു. കട്ടിലില്‍ നിന്ന് ഭര്‍ത്താവിനെ പൊലീസ് വലിച്ചിറക്കാന്‍ നോക്കി. കുഞ്ഞ് കട്ടിലിന്റെ ഓരത്ത് കിടക്കുന്നുവെന്ന് തങ്ങള്‍ രണ്ടാളും അലറിപ്പറഞ്ഞിട്ടും പൊലീസ് കുഞ്ഞിനെ ചവിട്ടി കൊണ്ട് ഭര്‍ത്താവിനെ വലിച്ചിറക്കി കൊണ്ടുപോയെന്നും റസീദ മാധ്യമങ്ങളോട് പറഞ്ഞു.

Read Also: പാകിസ്താനില്‍ ട്രെയിന്‍ ആക്രമിച്ച് ബന്ദികളാക്കിയവരില്‍ 104 പേരെ ബലൂച് ലിബറേഷന്‍ ആര്‍മിയില്‍ നിന്ന് മോചിപ്പിച്ച് പാക് സൈന്യം

കുഞ്ഞ് കൊല്ലപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം ആദ്യം നയ്ഗാവ് പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും തങ്ങള്‍ പറയുന്നത് കള്ളമാണെന്ന് ആരോപിച്ച് തങ്ങളെ തിരിച്ചയയ്ക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് കുടുംബം പറയുന്നു. തന്നെ മര്‍ദിച്ച് അവശനാക്കിയ ശേഷം സംഭവത്തില്‍ പരാതിയൊന്നുമില്ലെന്ന് തന്നെ കൊണ്ട് എഴുതിച്ച് ഒപ്പിടുവിച്ചുവെന്നും റസീദയുടെ ഭര്‍തൃ സഹോദരന്‍ ഷൗക്കീന്‍ ആരോപിച്ചു. കുറ്റാരോപിതരായ പൊലീസുകാരെ ഉടനടി സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യമുന്നയിച്ച് പ്രദേശത്ത് നാട്ടുകാര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. തനിക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്തത് വ്യാജ സൈബര്‍ കേസാണെന്ന് ഇമ്രാന്‍ വാദിക്കുന്നു.

Story Highlights : Infant died during a police raid Rajasthan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top