‘ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് പച്ചക്കള്ളം, ആശാവർക്കേഴ്സിന്റെ സമരത്തിൽ മുഖ്യമന്ത്രി ഇടപെടണം, അപേക്ഷിക്കുകയാണ്’: വി.ഡി സതീശൻ

ആശാവർക്കേഴ്സിന്റെ സമരത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നേരിട്ടും നിയമസഭയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഒന്നോ രണ്ടോഘട്ടമായി ന്യായമായ ആവശ്യങ്ങൾ പരിഗണിക്കണം. ന്യായമായ സമരം ആയതുകൊണ്ടാണ് തങ്ങൾ പിന്തുണച്ചത്.
ന്യായമായ സമരം എന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് പിന്തുണ കൊടുത്തത്. അവസാനം വരെ ഒപ്പമുണ്ടാകും. ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് പച്ചക്കള്ളം എന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
എല്ലാദിവസവും നിയമസഭയിൽ ഞങ്ങൾ ഇതു കൊണ്ടുവരുന്നുണ്ട്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ഇത് പരിഹരിച്ചാൽ സർക്കാരിന് പൂർണ്ണ പിന്തുണയുണ്ടാവും. മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയാണ്. കേന്ദ്രത്തിനോട് ഇത്ര അധികം സമ്മർദ്ദം ചെലുത്തിയത് കേരളത്തിൽ നിന്നുള്ള എം.പിമാരാണ്.
അവരെ അഭിനന്ദിക്കുന്നു. കേരളത്തിലെ ആശാവർക്കേഴ്സിൻ്റെ സമരം കാരണം രാജ്യത്തെ മുഴുവൻ ആശാ വർക്കേഴ്സിന് ഗുണം ഉണ്ടാകും. ഐ.എൻ.ടി.യു.സിയുടെ പൂർണ പിന്തുണയുണ്ട്. ഐഎൻടിയുസിയുടെ ആശാവർക്കേഴ്സിന്റെ സംഘടന സമാന ആവശ്യവുമായി വിവിധ ജില്ലകളിൽ സമരം ചെയ്യുന്നുണ്ട്. ആർ ചന്ദ്രശേഖരൻ ഒരു സംഘടനയുടെ നേതാവായതുകൊണ്ടാണ് സമരത്തെ അംഗീകരിക്കാത്തത്.
SUCI നിരോധിക്കപ്പെട്ട സംഘടന ഒന്നുമല്ലല്ലോ. അവർക്ക് സമരം ചെയ്യാൻ പാടില്ലേ. അത് രണ്ടു ദിവസം താൻ കൈവീശി കാണിച്ചു പോയി. മറ്റൊരു സംഘടന നടത്തുന്ന സമരം എന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. പിന്നെയും ഇവരെ കാണാതെ പോയാൽ പിന്നെ എന്ത് പൊതുപ്രവർത്തകനെന്നും അദ്ദേഹം ചോദിച്ചു.
Story Highlights : V D Satheeshan support over ashaworkers strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here