ഇനി ചെകുത്താന്റെ വരവ്;അബ്രാം ഖുറേഷി 6 മണിക്ക് അവതരിക്കും

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന എമ്പുരാന്റെ ആദ്യഷോ ഈ മാസം 27 ന് ഇന്ത്യൻ സമയം രാവിലെ 6 മണി മുതൽ പ്രദർശനം ആരംഭിക്കും. ഈ സമയത്തു തന്നെയാണ് ആഗോള തലത്തിലും വിവിധ മാർക്കറ്റുകളിൽ ചിത്രത്തിന്റെ പ്രീമിയർ ആരംഭിക്കുക. മോഹൻലാലും പൃഥ്വിരാജും ഇരുവരുടെയും സോഷ്യൽ മീഡിയ പേജിലൂടെയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഏറെ ആവേശത്തോടെയാണ് ആരാധകർ ഈ വാർത്ത സ്വീകരിച്ചിരിക്കുന്നത്. അറിയിപ്പിനോടൊപ്പം ഒരു പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങി അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസിന് എത്തുന്നത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നിരവധി അനിശ്ചിതത്വങ്ങൾ നിലനിന്നിരുന്നു.സിനിമയുടെ നിർമാണത്തിൽ നിന്ന് ലൈക പ്രൊഡക്ഷൻസ് പിന്മാറിയത് പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നും റിലീസ് വൈകുമെന്നുമുള്ള വാർത്തകൾ വന്നതിന് പിന്നാലെ ഇന്നലെ ചിത്രത്തിന്റെ നിർമാണത്തിൽ ഗോകുലം മൂവീസ് പങ്കാളി ആയതോടെ പ്രശ്നങ്ങൾ അവസാനിച്ചിരുന്നു.
ലൂസിഫറിന്റെ വന്‍ വിജയത്തിന് പിന്നാലെ 2019ല്‍ പ്രഖ്യാപിച്ച എമ്പുരാന്റെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്.മൂന്ന് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘എമ്പുരാൻ’. ഖുറേഷി-അബ്രാം / സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങൾ. ചിത്രത്തിന്റെ താരനിരക്ക് ഇന്റർനാഷണൽ അപ്പീൽ നൽകുന്നത് ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ആണ്.
ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സുജിത് വാസുദേവും, എഡിറ്റിംഗ് നിർവഹിച്ചത് അഖിലേഷ് മോഹനുമാണ്. മോഹൻദാസ് കലാസംവിധാനം നിർവഹിച്ച ചിത്രത്തിന് ആക്ഷൻ ഒരുക്കിയത് സ്റ്റണ്ട് സിൽവയാണ്. നിർമ്മൽ സഹദേവ് ആണ് ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ മാർച്ച് 27 നു റിലീസിന് തയ്യാറെടുക്കുന്ന ചിത്രം, ഒരു മലയാള ചിത്രത്തിന് ലഭിക്കാൻ പോകുന്ന ഏറ്റവും വലിയ പാൻ ഇന്ത്യൻ, ആഗോള റിലീസിനാണ് ഒരുങ്ങുന്നത്. അബ്രാം ഖുറേഷിയായുള്ള മോഹന്‍ലാലിന്റെ രണ്ടാം പകര്‍ന്നാട്ടം കാണാനുള്ള ആകാംഷയിലാണ് ആരാധകര്‍.
Story Highlights : Prithviraj and Mohanlal announce the timing of Empuraan’s first show
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here