ചോദ്യപ്പേപ്പർ ചോർച്ച കേസ്; മുഖ്യപ്രതി ഷുഹൈബിന് ജാമ്യമില്ല

പത്താം ക്ലാസ് ക്രിസ്തുമസ് പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ച കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതിയും എം എസ് സൊല്യൂഷൻ CEOയുമായ മുഹമ്മദ് ഷുഹൈബിന് ജാമ്യമില്ല. ഷുഹൈബ് നൽകിയ ജാമ്യാപേക്ഷ താമരശ്ശേരി മജിസ്ട്രേറ്റ് കോടതി തള്ളി. പ്രതിയുടെ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് എതിർത്തിരുന്നു. ഇത് കണക്കിലെടുത്ത താമരശ്ശേരി മജിസ്ട്രേറ്റ് കോടതി, ഷുഹൈബിന് ജാമ്യം അനുവദിച്ചില്ല. ഇതോടെ, പ്രതി വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെ തുടരും.
കേസിലെ നാലാം പ്രതിയും അൺ എയ്ഡഡ് സ്കൂളിലെ പ്യൂണുമായ അബ്ദുൾ നാസറിന്റെ റിമാൻഡ് കാലാവധി ഏപ്രിൽ ഒന്നു വരെ നീട്ടി. നേരത്തെ, കസ്റ്റഡിയിൽ ലഭിച്ച ഇരുവരുമായി അന്വേഷണ സംഘം വിവിധ ഇടങ്ങളിൽ എത്തി തെളിവെടുത്തിരുന്നു. പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഫോറൻസിക്ക് പരിശോധനാഫലം വരുന്നതോടെ കേസ് കൂടുതൽ വ്യക്തതയിലേക്ക് എത്തിക്കാൻ കഴിയും എന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ.
Story Highlights : Question paper leak case; No bail for main accused Shuhaib
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here