‘മത നിയമത്തിനെതിരെ രാജ്യം ഒന്നിക്കണം’; മുനമ്പം ഭൂമി വിഷയത്തിൽ നിലപാട് കടുപ്പിച്ച് ‘ദീപിക’

മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ സംസ്ഥാന സർക്കാരിനും മുന്നണികൾക്കുമെതിരെ
ആഞ്ഞടിച്ച് കത്തോലിക്കാ സഭ മുഖപത്രം ദീപിക. മത നിയമത്തിനെതിരെ രാജ്യം ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന എഡിറ്റോറിയൽ, കേരളത്തിലെ മതേതര വിശ്വാസികളെ പുതിയൊരു രാഷ്ട്രീയ ധ്രുവീകരണത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും മുന്നറിയിപ്പ് നൽകുന്നു. അതേസമയം സമരം വീണ്ടും ശക്തമാക്കാൻ ആണ് മുനമ്പം സമരസമിതിയുടെ തീരുമാനം.
മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനം ഹൈക്കോടതി അസാധുവാക്കിയതിന് പിന്നാലെയാണ് സർക്കാരിനെയും മുന്നണികളെയും അതിരൂക്ഷമായി വിമർശിച്ച് കത്തോലിക്കാ സഭ മുഖപത്രം ദീപിക രംഗത്ത് വന്നത്. വഖഫ് നിയമം നിലനിൽക്കുന്നിടത്തോളം ഇരകൾക്ക് നീതി ലഭിക്കില്ലെന്നും ഹൈക്കോടതിവിധി ഇതാണ് വെളിവാക്കുന്നതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
വഖഫ് മത നിയമത്തിനെതിരെ രാജ്യം ഒന്നിക്കണം. വഖഫ് നിയമം സംരക്ഷിക്കാൻ പാർലമെന്റിൽ പൊരുതുന്നവർ തിരുത്തണം. ഈ മതപ്രീണനം അസഹനീയമെന്നും ദീപിക എഡിറ്റോറിയൽ തുറന്നടിക്കുന്നു. കേരളത്തിലെ മതേതര വിശ്വാസികളെ പുതിയൊരു രാഷ്ട്രീയ ധ്രുവീകരണത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് മുന്നറിയിപ്പ് നൽകിയാണ് മുഖപ്രസംഗം അവസാനിക്കുന്നത്. അതേസമയം മുനമ്പം വിഷയത്തിൽ നിയമവശം പരിശോധിച്ച് സർക്കാർ നടപടി എടുക്കുമെന്ന് എൽഡിഎഫ് കൺവീനൻ ടിപി രാമകൃഷ്ണൻ പ്രതികരിച്ചു.
ഇതിനിടെ വഖഫ് സംരക്ഷണ സമിതി നേതാക്കൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസിക്ക് ഭീമഹർജി നൽകാൻ ഒരുങ്ങുകയാണ് മുനമ്പം ഭൂസംരക്ഷണ സമിതി. മുനമ്പം റിലേ നിരാഹാര സമരം 159 ആം ദിവസത്തിലേക്ക് പ്രതിഷേധം ശക്തമാക്കാൻ ആണ് സമരസമിതിയുടെ തീരുമാനം.
Story Highlights : Catholic Church’s newspaper ‘Deepika’ Munambam Waqf land
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here