Advertisement

ഓപ്പറേഷന്‍ ഡി-ഹണ്ട്: 208 പേരെ അറസ്റ്റ് ചെയ്തു, പിടിച്ചെടുത്തത് എംഡിഎംഎ ഉള്‍പ്പടെയുള്ള മാരക മയക്കുമരുന്നുകള്‍

March 19, 2025
2 minutes Read

ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2834 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 203 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 208 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എംഡിഎംഎ (15.7 ഗ്രാം), കഞ്ചാവ് (28.729 കി.ഗ്രാം), കഞ്ചാവ് ബീഡി (148 എണ്ണം) എന്നിവ പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് മാര്‍ച്ച് 18ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.

സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നിര്‍ദ്ദേശാനുസരണം സംസ്ഥാന ആന്റി നര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സ് തലവനും ക്രമസമാധാന വിഭാഗം എഡിജിപിയുമായ മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും ജില്ലാ പൊലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന്‍ ഡി-ഹണ്ട് നടപ്പാക്കുന്നത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥിരമായി മയക്കുമരുന്നുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നവരുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കി നിരന്തരമായി നിരീക്ഷണം നടത്തി ഓപ്പറേഷന്‍ ഡി-ഹണ്ട് വരും ദിവസങ്ങളിലും തുടരുന്നതാണ്.

Story Highlights : Kerala Police’s ‘Operation D-Hunt’ leads to 208 arrests

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top