Advertisement

ഇനി മുതൽ ട്രെയിനിൽ ലോവർ ബർത്ത് എല്ലാവർക്കും കിട്ടില്ല: റെയിൽവേയിലെ പുതിയ മാറ്റം ഇങ്ങനെ

March 20, 2025
Google News 2 minutes Read

രാജ്യത്തെ ട്രെയിൻ യാത്ര കൂടുതൽ ആയാസരഹിതവും സൗകര്യപ്രദവുമാക്കാൻ നടപടികളുമായി ഇന്ത്യൻ റെയിൽവേ. റിസർവ്ഡ് ടിക്കറ്റുകളിൽ ലോവർ ബർത്തുകൾ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ഗർഭിണികളായ സ്ത്രീകൾക്കുമായി നീക്കി വെച്ചിട്ടുണ്ട്. ട്രെയിനിൽ യാത്ര ചെയ്യുന്ന അവശത അനുഭവിക്കുന്നവർക്ക് മിഡിൽ അപ്പർ ബർത്ത് ലഭിക്കുമ്പോൾ നേരിടുന്ന അസൗകര്യം കുറയ്ക്കുന്നതിനാണ് ഈ നടപടി.

ഇതിനായി യാന്ത്രികമായ സീറ്റ് വിതരണ സംവിധാനമാണ് ഇന്ത്യൻ റെയിൽവേ സ്വീകരിച്ചിരിക്കുന്നത്. ഗർഭിണികളായ സ്ത്രീകൾ 45 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾ, 60 വയസ്സിന് മുകളിൽ പ്രായമുള്ള പുരുഷന്മാർ 58 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന സ്ത്രീകൾ എന്നിവർക്ക് ലഭ്യതയ്ക്ക് അനുസരിച്ച് ലോവർ ബർത്തുകൾ തന്നെ ഇനി മുതൽ ലഭിക്കും. ഈ വിഭാഗക്കാർ തങ്ങൾക്ക് ലോവർ ബർത്ത് വേണമെന്ന് പ്രത്യേകമായി അപേക്ഷിക്കുകയും വേണ്ട.

റിസർവേഷൻ വിഭാഗത്തിൽ ലോവർ ബർത്തുകൾ നീക്കി വച്ചിരിക്കുന്നത് ഇപ്രകാരമാണ്. സ്ലീപ്പർ ക്ലാസുകളിൽ ആറു മുതൽ 7 വരെ ലോവർ ബർത്തുകൾ ആണ് ഒരു കോച്ചിൽ റിസർവ് ചെയ്യാൻ ആകുക. ത്രീ ടയർ എസി കോച്ചിൽ 5 സീറ്റുകൾ വരെയും ടു ടയർ എസി കോച്ചിൽ നാല് ലോവർ ബർത്ത് സീറ്റുകൾ വരെയും റിസർവ് ചെയ്യാം.

രാജധാനി ശതാബ്ദി ട്രെയിനുകളിൽ അടക്കം ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണനയും ഇന്ത്യൻ റെയിൽവേ വാഗ്ദാനം ചെയ്യുന്നു. സാധാരണ ലോവർ ബർത്ത് കോട്ടയ്ക്ക് പുറമേ സ്ലീപ്പർ കോച്ചുകളിലും, ത്രീ ടയർ എസി കോച്ചുകളിലും നാല് ലോവർ ബർത്തുകൾ വരെയും ഭിന്നശേഷിക്കാർക്ക് അധികമായി ലഭിക്കും.

യാത്രയ്ക്കിടെ ഒരു ലോവർ ബർത്ത് സീറ്റ് ഒഴിവ് വന്നാൽ, പ്രഥമ പരിഗണന ട്രെയിനിൽ യാത്ര ചെയ്യുന്ന ഒരു മുതിർന്ന പൗരനോ ഗർഭിണിയായ സ്ത്രീക്കോ ഭിന്നശേഷിക്കാരനോ ആയിരിക്കണം. ഇതിലൂടെ ബുക്കിങ്ങിനു ശേഷവും ഈ വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് കൂടുതൽ സൗകര്യപ്രദമായി യാത്ര ചെയ്യാനുള്ള അവസരം ലഭിക്കും. ഇതോടൊപ്പം 2022- 23 വർഷത്തിൽ ട്രെയിൻ യാത്രക്കാർക്ക് സബ്സിഡി ഇനത്തിൽ മാത്രം 56993 കോടി രൂപ നൽകിയതായി ഇന്ത്യൻ റെയിൽവേ വ്യക്തമാക്കുന്നു.

Story Highlights : Indian Railways announces major change in lower birth seat allocation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here