’47 വര്‍ഷത്തെ മനോഹരമായ യാത്രയാണ് എന്റെ സിനിമ ജീവിതം, എമ്പുരാന്‍ ആദ്യ ഷോ പ്രേക്ഷകര്‍ക്കൊപ്പം കാണും’: മോഹൻലാൽ

എമ്പുരാന്‍ എന്നത് വലിയ സ്വപ്‌നമായിരുന്നുവെന്ന് നടന്‍ മോഹന്‍ലാല്‍. അത് യാഥാര്‍ഥ്യമാക്കിയത് പൃഥ്വിരാജാണ്, അദ്ദേഹത്തിന് നന്ദി പറയുന്നതായും മോഹന്‍ലാല്‍ പറഞ്ഞു. എന്റെ സിനിമ ജീവിതം 47 വര്‍ഷത്തെ മനോഹരമായൊരു യാത്രയാണ്. എമ്പുരാന്‍ കേവലം ഒരു സിനിമയല്ല. തങ്ങളുടെ ചോരയും വിയര്‍പ്പുമാണ്. ഈ ചിത്രത്തെക്കുറിച്ച് കൂടുതല്‍ എന്ത് പറയണം എന്ന് തനിക്കറിയില്ല. ചിത്രം നിങ്ങളോട് സംസാരിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
മുംബൈയില്‍ എമ്പുരാന്റെ ഐമാക്‌സ് ട്രെയ്‌ലര്‍ ലോഞ്ച് ഇവന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എമ്പുരാന്‍ പ്രദര്‍ശനത്തിന് എത്തുന്ന 27-ന് രാവിലെ കൊച്ചിയില്‍ ആദ്യ ഷോയ്ക്ക് പ്രേക്ഷകര്‍ക്കൊപ്പം സിനിമ കാണാന്‍താനും ഉണ്ടാവുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ആളുകള്‍ ഈ ചിത്രം കാണാന്‍ കാത്തിരിക്കുകയാണ്. ഈ ചിത്രത്തില്‍ ഒരു മാജിക് ഉണ്ട്.
ബാക്കിയുള്ള കാര്യങ്ങള്‍ സര്‍വശക്തന്‍ തീരുമാനിക്കട്ടെയെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. കേരളം ഒരു ചെറിയ ഇന്‍ഡസ്ട്രി ആയിരുന്നു. ഞങ്ങള്‍ ഒരുപാട് കാര്യംചെയ്തിട്ടുണ്ട്. അത് ഞാന്‍ മുമ്പ് പലതവണ പറഞ്ഞിട്ടുണ്ട്. ആദ്യത്തെ സിനിമ സ്‌കോപ്, 70 എംഎം, ത്രീഡി, ഇപ്പോള്‍ മലയാളത്തിലെ ആദ്യ ഐമാക്‌സും. പ്രേക്ഷകര്‍ക്ക് നന്ദിയെന്നും മോഹൻലാൽ പറഞ്ഞു.
Story Highlights : Mohanlal About Empuran Movie Trailer Launch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here