പറയുന്ന കണക്ക് പേപ്പറിലില്ല, കണ്ണുരുട്ടി കേന്ദ്ര സർക്കാർ: ഒല ഇലക്ട്രിക് കമ്പനിയുടെ നില പരുങ്ങലിൽ

സർക്കാർ വിറ്റു വരവ് കണക്കുകൾ ചോദിച്ചതോടെ പരുങ്ങലിലായി ഒല ഇലക്ട്രിക്. മിനിസ്ട്രി ഓഫ് ഹെവി ഇൻഡസ്ട്രീസ് ആണ് ഒല കമ്പനിക്കെതിരെ കടുത്ത നടപടികളിലേക്ക് കടക്കുന്നത്. കമ്പനിയിൽനിന്ന് വിറ്റുപോയ വാഹനങ്ങളുടെ എണ്ണവും രജിസ്റ്റർ ചെയ്യപ്പെട്ട ആകെ വാഹനങ്ങളുടെ എണ്ണവും സംബന്ധിച്ച് വിവരങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കത്തയക്കാൻ നിൽക്കുകയാണ് മന്ത്രാലയം.
25000 വാഹനങ്ങൾ ഫെബ്രുവരിയിൽ വിറ്റതായാണ് കമ്പനിയുടെ കണക്ക്. എന്നാൽ പരിവാഹൻ പോർട്ടലിൽ ഇവയിൽ 8600 വാഹനങ്ങൾ മാത്രമാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. ഇതോടെയാണ് കേന്ദ്രസർക്കാർ മുഖം ചുളിച്ചത്. കമ്പനിയോട് കൃത്യമായ കണക്കുകൾ ലഭ്യമാക്കാൻ ആവശ്യപ്പെട്ടെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. ഇതോടെയാണ് വീണ്ടും കത്തയക്കാൻ മന്ത്രാലയം തീരുമാനിച്ചത്.
അതേസമയം കമ്പനിയുടെ 11 സ്റ്റോറുകൾ പഞ്ചാബിൽ അടച്ചുപൂട്ടിയെന്നാണ് പുറത്തുവരുന്ന മറ്റൊരു വിവരം. മഹാരാഷ്ട്ര, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും നിരവധി സ്റ്റോറുകൾ പരിശോധന നേരിടുന്നുണ്ട്. ഈ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചൽ കമ്പനിയുടെ ഓഹരി വിലയിൽ 2.58% ഇടിവുണ്ടായി.
കമ്പനിയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപ കമ്പനി ഒല ഇലക്ട്രിക് ടെക്നോളജിസിനെതിരെ റോസ്മെർട്ട ഡിജിറ്റൽ സർവീസസ് പാപ്പരത്ത ഹർജി ഫയൽ ചെയ്തത് കമ്പനിക്ക് വൻ തിരിച്ചടിയായിരുന്നു. ഒല ഇലക്ട്രിക് ടെക്നോളജിസ് തങ്ങൾ നൽകിയ സേവനങ്ങൾക്ക് പണം നൽകുന്നില്ല എന്നാണ് റോസ്മെർട്ട ഡിജിറ്റൽ സർവീസസ് പരാതിയിൽ ആരോപിച്ചത്.
Story Highlights : Ola Electric to face heat from Centre after mismatch between sales and registration of EVs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here