ബ്രസീലിന്റെ രക്ഷകനായി വിനീഷ്യസ്; ലോക കപ്പ് യോഗ്യത പോരാട്ടത്തില്‍ പെറുവിനും ജയം

ആറാം മിനിറ്റില്‍ റഫീഞ്ഞ പെനാല്‍റ്റിയിലും അധിക സമയത്തെ ഒമ്പതാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറും നേടിയ ഗോളുകളില്‍ ബ്രസീലിന് ആശ്വാസ വിജയം. ലോക കപ്പ് യോഗ്യത മത്സരങ്ങളില്‍ പട്ടികയില്‍ അഞ്ചാം സ്ഥാനക്കാരായിരുന്ന ബ്രസീലിന് ഏത് വിധേനെയും വിജയം അനിവാര്യമായിരുന്നു. കൊളംബിയയുമായി 2-1 സ്‌കോര്‍ വിജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമാക്കിയ ബ്രസീല്‍ ടേബിളില്‍ അര്‍ജന്റീനക്ക് തൊട്ട് താഴെ രണ്ടാം സ്ഥാനക്കാരായി. ലിവര്‍പൂള്‍ താരം ലൂയിസ് ഡയസിന്റെ വകയായിരുന്നു കൊളംബിയന്‍ ഗോള്‍.
മത്സരം തുടങ്ങി മിനിറ്റുകള്‍ക്കകം തന്നെ ബ്രസില്‍ സ്‌കോര്‍ ചെയ്തു. ബോക്സിനകത്ത് കൊളംബിയന്‍ താരം ഡാനിയല്‍ മുനോസ് വിനീഷ്യസിനെ ഫൗള്‍ ചെയ്തതിന് വിധിക്കപ്പെട്ട പെനാല്‍റ്റി റാഫിഞ്ഞ തന്റെ ഇടംകാല്‍ ഷൂട്ടിലൂടെ വലയുടെ ഇടതുമൂലയിലെത്തിച്ചു (1-0). ഗോള്‍ വീണതോടെ കൂടുതല്‍ ഒത്തിണക്കത്തോടെ കളിച്ച കൊളംബിയന്‍ സംഘം 41-ാം മിനിറ്റില്‍ മത്സരം സമനിലയാക്കി. ജെയിംസ് റോഡ്രിഗസ് ബോക്‌സിന് വെളിയില്‍ വെച്ച് നല്‍കിയ പാസ് ലൂയീസ് ഡയസ് സുന്ദരമായ ഒരു ഗ്രൗണ്ടറിലൂടെ പോസ്റ്റിന്റെ വലത് മൂലയിലെത്തിച്ചു. (1-1).
തൊട്ടുപിന്നാലെ ആദ്യപകുതി വിസില്‍ മുഴങ്ങി. രണ്ടാം പകുതിയില്‍ ഇരുടീമുകളും ലീഡ് നേടാനുള്ള തത്രപാടിലായിരുന്നു. കടുത്ത ഫൗളുകള്‍ ഇരുഭാഗത്തുനിന്നും ഉണ്ടായി. റഫറിക്ക് മഞ്ഞക്കാര്‍ഡുകള്‍ ഒന്നിന് പിറകെ ഒന്നൊന്നായി പുറത്തെടുക്കേണ്ടി വന്നു. ഇതിനിടെ ബ്രസീല്‍ കീപ്പര്‍ അലീസണ്‍ ബക്കര്‍ക്ക് ഗോളിലേക്ക് എത്തിയ പന്ത് രക്ഷപ്പെടുത്തുന്നതിനിടെ കൊളംബിയന്‍ താരം ഡാവിന്‍സണ്‍സാഞ്ചസുമായി കൂട്ടിയിടിച്ച് പരിക്കേറ്റ് കളം വിടേണ്ടി വന്നു. നേരത്തെ 75-ാം മിനിറ്റില്‍ സാഞ്ചസിനും തലക്ക് പരിക്കേറ്റ് മാറേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബ്രസീല്‍ കീപ്പറും ഗ്രൗണ്ട് വിട്ടത്.
90 മിനിറ്റ് കളിച്ചിട്ടും സമനില തകര്‍ക്കാന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞില്ല. ഇന്‍ജുറി സമയമായി നല്‍കിയ പത്തുമിനിറ്റിലേക്ക് കടന്നതോടെയാണ് കളിയുടെ ഗതി ബ്രസീല്‍ തങ്ങള്‍ക്ക് അനുകൂലമാക്കിയത്. മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയ നിമിഷത്തില്‍ 99-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ ബോക്‌സിന് പുറത്ത് നിന്ന് തൊടുത്ത പവര്‍ ഷോട്ട് പോസ്റ്റിന്റെ വലതുകോര്‍ണറിലേക്ക് കൊളംബിയന്‍ കീപ്പര്‍ കമിലോ വര്‍ഗാസിനെ കാഴ്ച്ചക്കാരനാക്കി തുളഞ്ഞുകയറി. റാഫിഞ്ഞയുടെ അസിസ്റ്റിലായിരുന്നി വിനിയുടെ വിജയഗോള്‍. ലോകകപ്പ് യോഗ്യതക്കായുള്ള മറ്റൊരു മത്സരത്തില്‍ ബൊളീവിയക്കെതിരെ പെറു 3-1 സ്‌കോറില്‍ വിജയിച്ചു.
Story Highlights: Brazil vs Colombia World Cup Qualifying match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here