അലീസണ്‍ ബെക്കറിനെ വിശദമായ പരിശോധന നടത്തും; അര്‍ജന്റീനക്കെതിരായ മത്സരം നഷ്ടമായേക്കും

കൊളംബിയയുമായി ഇന്ന് നടന്ന ലോക കപ്പ് യോഗ്യത മത്സരത്തിനിടെ പരിക്കേറ്റ ബ്രസീല്‍ ഗോള്‍കീപ്പര്‍ അലീസണ്‍ ബെക്കറിന് അര്‍ജന്റീനയുമായുള്ള മത്സരം നഷ്ടമായേക്കും. മത്സരത്തിന്റെ 75-ാം മിനിറ്റില്‍ കൊളംബിയന്‍ പ്രതിരോധനിരതാരം ഡാവിന്‍സണ്‍ സാഞ്ചസുമായി ബോക്‌സിനുള്ളില്‍ കൂട്ടിയിടിച്ച് തലക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് അലിസണ്‍ ബെക്കര്‍ക്ക് പകരം അവരുടെ രണ്ടാം കീപ്പര്‍ ബെന്റോ എത്തുന്നത്. പരിക്കേറ്റു വീണ ഉടന്‍ തന്നെ ഡാവിന്‍സണ്‍ സാഞ്ചസിന് പകരം താരത്തെ കൊളംബിയ ഇറക്കിയിരുന്നു. എന്നാല്‍ ബ്രസീല്‍ കീപ്പറെ പിന്നെയും മൂന്നു മിനിറ്റ് പരിശോധനക്ക് ശേഷമാണ് പിന്‍വലിച്ചത്. ബോക്‌സിനുള്ളിലേക്ക് ഉയര്‍ന്നുവന്ന പന്ത് സ്‌കോര്‍ ചെയ്യാനുള്ള ഡാവിന്‍സണ്‍ സാഞ്ചസിന്റെ ശ്രമം വിഫലമാക്കുന്നതിനിടെ സാഞ്ചസിന്റെയും അലീസണ്‍ ബെക്കറിന്റെയും തലകള്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്ക് ഗുരുതരമാകുമെന്ന് തോന്നിയതിനാല്‍ റഫറി അലക്‌സിസ് ഹെരേര ഉടന്‍തന്നെ മെഡിക്കല്‍ സംഘത്തെ ഗ്രൗണ്ടിലേക്ക് വിളിച്ചുവരുത്തി ഇരു താരങ്ങളെയും പരിശോധിക്കുകയായിരുന്നു. ഡാവിന്‍സണ്‍ കളം വിട്ടിട്ടും അലിസണ്‍ ബെക്കര്‍ പോസ്റ്റിന് അരികെ തന്നെ തുടര്‍ന്നെങ്കിലും തലക്കേറ്റ പരിക്ക് കാരണം അദ്ദേഹത്തിന് കടുത്ത വേദനയുണ്ടെന്ന് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാക്കാമായിരുന്നു. തുടര്‍ന്ന് ബ്രസീല്‍ മാനേജ്‌മെന്റ് ബെക്കറിന് പകരക്കാരനെ ഇറക്കാന്‍ തീരുമാനിച്ചത്. മുന്‍ ടോട്ടന്‍ഹാം താരം കൂടിയായ ഡാവിന്‍സണ്‍ സാഞ്ചസുമായി കൂട്ടിയിടിക്കുന്നതിന് മുമ്പ് അലിസണ്‍ പന്ത് വ്യക്തമായി പഞ്ച് ചെയ്ത് ഗോള്‍ സാധ്യത ഒഴിവാക്കിയിരുന്നു.
തലകറക്കവും ചെവി വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അലിസണ്‍ സംശയാസ്പദമായ മസ്തിഷ്‌കാഘാതം സംഭവിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നതായി ബ്രസീല്‍ ടീമിന്റെ ഡോക്ടര്‍ റോഡ്രിഗോ ലാസ്മര്‍ പറഞ്ഞു. ”ഇപ്പോള്‍ ഞങ്ങള്‍ എല്ലാ സിബിഎഫ് പ്രോട്ടോക്കോളും ചെയ്യും. ഇമേജിംഗ് പരിശോധന, കമ്പ്യൂട്ട്ഡ് ടോമോഗ്രഫി തുടങ്ങിയ പരിശോധനകള്‍ക്ക് വിധേയമാക്കും. എല്ലാം സാധാരണ നിലയിലായേക്കും. എന്നാല്‍ തുടര്‍ച്ചയായ നിരീക്ഷണങ്ങള്‍ നടത്തും. അലീസണിന്റെ കാര്യത്തില്‍ ആവശ്യമായ എല്ലാ വിലയിരുത്തലുകളും നടത്തും.”-ലാസ്മര്‍ പറഞ്ഞു.
32 കാരനായ അലിസണ്‍ അര്‍ജന്റീനയ്ക്കെതിരായ ബ്രസീലിന്റെ അടുത്ത മത്സരത്തില്‍ നിന്ന് പുറത്തായേക്കാമെന്ന കാര്യവും ബ്രസീല്‍ ടീം അധികൃതര്‍ സൂചിപ്പിച്ചു.
Story Highlights: Alisson Becker will not play against Argentina
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here