‘മന്ത്രിയെ കാണാന്‍ അപ്പോയിന്റ്‌മെന്റ് തേടിയത് കുറ്റകരമെന്ന് വരുത്തിതീര്‍ക്കുന്നത് വളരെ മോശം’; മാധ്യമങ്ങളെ വിമര്‍ശിച്ച് മന്ത്രി വീണ ജോര്‍ജ്

കേന്ദ്രമന്ത്രിയെ കാണാന്‍ അനുമതി തേടിയതില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിഷയത്തില്‍ ചില മാധ്യമങ്ങള്‍ സംസ്ഥാനത്തെ ആരോഗ്യവകുപ്പിനേയും ആരോഗ്യമന്ത്രിയേയും ക്രൂശിക്കാനാണ് ശ്രമിക്കുന്നതെന്നും ഇത് വളരെ മോശമാണെന്നും ആരോഗ്യമന്ത്രി വിമര്‍ശിച്ചു. കേന്ദ്രമന്ത്രിയെ കാണാന്‍ അപ്പോയിന്റ്‌മെന്റ് തേടിയത് കുറ്റകരമെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം മോശമെന്ന് മന്ത്രി പറഞ്ഞു. അപ്പോയിന്റ്‌മെന്റ് തേടിയത് തെറ്റാണോ എന്ന് ചോദിച്ച മന്ത്രി തനിക്ക് ഊഹാപോഹങ്ങള്‍ക്ക് മറുപടി പറയാന്‍ താത്പര്യമില്ലെന്നും ആഞ്ഞടിച്ചു. (health minister veena george slams media amid delhi visit)
തന്റെ ഡല്‍ഹി സന്ദര്‍ശനത്തിന് രണ്ട് ലക്ഷ്യങ്ങളുണ്ടെന്ന് താന്‍ മുന്‍പ് തന്നെ വിശദീകരിച്ച് കഴിഞ്ഞെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യമന്ത്രിയെ സന്ദര്‍ശിക്കുകയെന്നത് ഒരു ലക്ഷ്യവും ക്യൂബന്‍ സംഘത്തെ കാണുക എന്നത് രണ്ടാമത്തെ ലക്ഷ്യവുമാണ്. ആരോഗ്യമന്ത്രിയെ കാണാനാകുമോ എന്ന് ഉറപ്പില്ലെന്ന് മുന്‍പ് ഡല്‍ഹിയില്‍ വച്ച് മാധ്യമങ്ങളെ കണ്ടവേളയിലും താന്‍ വിശദീകരിച്ചെന്നും ആ ബൈറ്റുകളെല്ലാം യൂട്യൂബില്‍ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.
ആശമാരുടെ കാര്യത്തില്‍ നേരത്തെയും കേന്ദ്ര മന്ത്രിയെ കണ്ടിരുന്നുവെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനാണ് യാത്ര എന്നാണ് മന്ത്രിയുടെ ഓഫിസില്‍നിന്ന് അറിയിച്ചിരുന്നത്. എന്നാല്‍ ഡല്‍ഹിയില്‍ വെച്ച് കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ വ്യക്തതയില്ലായിരുന്നു. എന്നാല്‍ പിന്നീട് അനുമതി ലഭിച്ചില്ലെന്ന് മന്ത്രി അറിയിക്കുകയായിരുന്നു. റസിഡന്റ് കമ്മിഷണര്‍ വഴി കത്ത് നല്‍കിയെങ്കിലും അനുമതി ലഭിച്ചില്ലെന്നായിരുന്നു വീണാ ജോര്‍ജ് അറിയിച്ചത്.
Story Highlights : health minister veena george slams media amid delhi visit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here